നമുക്കു വളര്‍ത്താന്‍ ജൈവ മുന്തിരിത്തോപ്പുകള്‍
നമുക്കു വളര്‍ത്താന്‍ ജൈവ മുന്തിരിത്തോപ്പുകള്‍
Wednesday, November 13, 2019 3:47 PM IST
നീളുന്ന വള്ളികളില്‍ നീലപ്പളുങ്കുകല്ലുകള്‍ പോലെ തിളങ്ങിനില്ക്കുന്ന മുന്തിരിക്കുലകള്‍. കെ.സി. പിള്ള എന്ന കെ. ചന്ദ്രശേഖരന്‍ പിള്ളയ്ക്ക് ഇത് കൃഷിജീവിത സാഫല്ല്യമാണ്. മുന്തിരിവള്ളികള്‍ പൂവിട്ടു കായ്ക്കുന്നത് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മാത്രമാണ്. എന്നാല്‍ തിരുവനന്തപുരം ശാസ്തമംഗലം മംഗളം ലെയിനില്‍ കെ.സി. പിള്ളയുടെ ബാംഗ്ലൂര്‍ പര്‍പ്പിള്‍ മുന്തിരിച്ചെടി ഇത്തവണ രണ്ടല്ല മൂന്നു തവണയാണ് കായ്ച്ചത്. കെ.സി. പിള്ളയുടെ വീടായ 'ശ്രീറഷിന്റെ' മട്ടുപ്പാവിലാണ് മുന്തിരിവള്ളികള്‍ നിറയെ കായ്ച്ചിരിക്കുന്നത്. ഇതിനടിയില്‍ മനംകവരുന്ന കാഴ്ചകള്‍ കണ്ടിരിക്കുന്നത് ഒരു രസം തന്നെ. മൂന്നു തവണ തന്റെ മുന്തിരിവള്ളികളെ കായ്പ്പിക്കുമെന്നത് ഇദ്ദേഹത്തിന്റെ ദൃഢനിശ്ചയമായിരുന്നു എന്നു വേണേല്‍ പറയാം. ആ നി ശ്ചയമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. പുതിയ ശിഖരത്തിന്റെ അഗ്രം നുള്ളി മാറ്റുന്ന പ്രൂണിംഗ് വഴിയാണ് മുന്തിരി സമൃദ്ധിമായി കായ്ച്ചത്. ശാസ്ത്രവശം ഇതാണെങ്കിലും മുന്തിരിച്ചെടികളോടള്ള കെ.സി. പിള്ളയുടെ സ്‌നേഹവും കരുതലും കാണുമ്പോള്‍ ഒന്നുകൂടി ഇതോടുചേര്‍ത്തു പറയാം- തളിരില കളുമായി ഇളംമഞ്ഞ പൂക്കള്‍ വിടര്‍ത്തി കുലകുലയായി മുന്തിരിയിങ്ങനെ കായ്ച്ചുലയുന്നത് ഈ മുന്തിരി സ്‌നേഹിയുടെ മനസിനെ കുളിര്‍പ്പിക്കുവാന്‍ വേണ്ടിക്കൂടിയാണ്. തലസ്ഥാനത്തെ മുന്തിരിച്ചെടിയുടെ പ്രചാരകന്‍ എന്നറിയപ്പെടുന്ന കെ.സി. പി ള്ളയുടെ ജീവിതകഥയും മുന്തിരിക്കഥ യും ഏറെ കൗതുകകരമാണ്. വളരെ യാദൃച്ഛികമായാണ് മുന്തിരി വള്ളികള്‍ കെ.സി പിള്ളയുടെ ജീവിതത്തില്‍ വര്‍ണവുമായെത്തുന്നത്. 1993- ല്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനില്‍ സിവില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന കാലത്താണ് ചന്ദ്രശേഖരന്‍പിള്ള വോളന്റിറിറിട്ടയര്‍മെന്റെടുത്ത് തിരുവനന്തപുരത്തെ വീട്ടില്‍ മടങ്ങിയെത്തുന്നത്. ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിചയപ്പെട്ട വെള്ളായണി കാര്‍ഷിക കോളജിലെ ഡീന്‍ ആയ ശ്രീധരനാണ് ഒരു മുന്തിരിതൈ കെ.സി. പിള്ളയ്ക്കു നല്കുന്നത്. മുന്തിരിച്ചെടി വളര്‍ന്നു തുടങ്ങിയപ്പോള്‍ ഒറ്റ വള്ളിയായി മട്ടുപ്പാവിലേക്കു പടര്‍ത്തി.

ആറുമാസം കഴിഞ്ഞപ്പോള്‍ മുന്തി രിവള്ളി കായ്ച്ചു. അതൊരു വലിയ വിസ്മയവും പ്രചോദനവുമായി. മുന്തിരയെ കൂടുതല്‍ അറിയാന്‍ തുടങ്ങി. കൃഷി വിദഗ്ധരുടെ നിര്‍ദേശങ്ങളനുസരിച്ച് പരിചരണവും നല്കി. മുന്തിരിക്കുലകള്‍ ധാരാളം ലഭിച്ചുകൊണ്ടിരുന്നു. മുന്തിരിയുമായുള്ള ആത്മബന്ധം ഇങ്ങനെയാണ് തുടങ്ങുന്നത്. രണ്ടാമതു നട്ട തൈയാണ് ഇപ്പോള്‍ കായ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം 500 കുലകള്‍ വരെ ലഭിച്ചു. മുന്തിരിക്കുലകള്‍ ധാ രാളമായാല്‍ കായ്കളുടെ വലിപ്പം കുറയും. അതിനാല്‍ കുലകളുടെ എണ്ണം കുറയ്ക്കണമെന്നും കൃഷി വിദഗ്ധര്‍ ഉപദേശിച്ചു. ഇതനുസരിച്ച് നീണ്ട മുന്തിരിക്കുലകള്‍ പകുതിക്കുവച്ച് മുറിച്ചു മാറ്റി. നല്ല മധുരവും വലിപ്പവുമുള്ള കായ്കള്‍ ഈ പ്രക്രിയയിലൂടെ ലഭിച്ചു. പ്രൂണിംഗും പരീക്ഷിച്ചു തുടങ്ങി. ഈ വര്‍ഷം താന്‍ പറഞ്ഞ സമയത്തു തന്നെ മുന്തിരി കായ്‌ച്ചെ ന്നു പിള്ള പറയുന്നു.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തിലെ മുന്തിരിക്കൃഷിയുടെ സര്‍വവിജ്ഞാനകോശമായി കെ.സി. പിള്ള മാറുകയാണ്. കേരളത്തിന്റെ കാലാവസ്ഥയില്‍ മുന്തിരി ഉണ്ടാവില്ല എന്നു വിശ്വസിച്ചിരുന്നവര്‍ക്കു മുന്നില്‍ ഒരു വെല്ലുവിളിപോലെ കെ.സി പിള്ള നില്‍ക്കുന്നു. മട്ടുപ്പാവിലും ബാല്‍ക്കണിയിലും പടര്‍ന്നുപന്തലിച്ച് കായ്ച്ചു കിടക്കുന്ന മുന്തിരിവള്ളികള്‍ കാണാന്‍ നിരവധിപ്പേരെത്തുന്നു.

മുന്തിരിതൈകള്‍ ആവശ്യപ്പെട്ടും പ്രവാസിമലയാളികള്‍ ഉള്‍പ്പെടെ വളരെയധികം പേര്‍ ഇപ്പോള്‍ കെ. സി. പിള്ളയെ വിളിക്കുകയാണ്. ഇരുപത് - മുപ്പത് ദിവസത്തിനുള്ളില്‍ ആവശ്യപ്പെട്ടവര്‍ക്ക് തൈകള്‍ നല്കും. മുന്തിരിനടുന്നത് സംബന്ധിച്ചുള്ള വിശദ വിവരങ്ങളും പറഞ്ഞു കൊടുക്കും. രാവിലെ ഒമ്പതിനു മുമ്പും വൈകിട്ട് മൂന്നിനു ശേഷവുമാണ് ആവശ്യക്കാര്‍ക്കു കാര്‍ഷിക വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്. മുന്തിരിതൈകള്‍ വെറുതെ വാങ്ങി കൊണ്ടു പോയാല്‍ പോര, നന്നായി പരിപാലിക്കണമെന്നും ഇദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്.

മുന്തിരിയുടെ പ്രചാരകന്‍

ഈ സീസണില്‍തന്നെ നൂറില്‍ പ്പരം തൈകള്‍ പിള്ള നല്കിയിട്ടുണ്ട് മുമ്പ് 180 തൈകള്‍ നല്കിയിരുന്നു. ഇതില്‍ നൂറു വീടുകളിലും മുന്തിരി കായ്ച്ചു.

പ്രതിരോധം

മുന്തിരി പഴുത്തു മണം വരുമ്പോള്‍ പഴം കഴിക്കാന്‍ എത്തുന്ന പ്രാണികളില്‍ നിന്നും തത്തപോലുള്ള കിളികളില്‍ നിന്നും രക്ഷനേടുവാന്‍ വല കൊണ്ടുള്ള സംരക്ഷണം ചെടിക്കു നല്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഉപയോഗിച്ചശേഷമുള്ള വലകളാണ് കെ. സി. പിള്ള ഇതിനുപയോഗിക്കുന്നത്. ഇത് വര്‍ഷംതോറും മാറ്റേണ്ടിവരും.

പ്രൂണിംഗ്

ശിഖരത്തിന്റെ അവസാനഭാഗം പുതിയ ഇലവരുന്ന സമയത്ത് നുള്ളിയെടുക്കുന്നതാണ് പ്രൂണിംഗ്. പുതിയശിഖരങ്ങള്‍ മുളപൊട്ടാനും അങ്ങ നെ കായ്ഫലം കൂട്ടുവാനും ഏറ്റവും പ്ര യോജനകരമാണിത്.



പതിവയ്ക്കല്‍


പതിവയ്ക്കലിലൂടെയാണ് പുതിയ തൈകള്‍ ഉത്പാദിപ്പിക്കുന്നത്. ഒരു വര്‍ഷം പ്രായമുള്ള വള്ളിയാണ് പതിവയ്ക്കാനായി തെരഞ്ഞെടുക്കുന്നത്. ആദ്യം വള്ളിയിലെ ഒരു ഇഞ്ച് തൊലി ഇളക്കണം. കത്തി ഉപയോഗിക്കുമ്പോള്‍ വള്ളിയുടെ ഉള്ളില്‍ കൊ ള്ളാതെ തൊലിമാത്രം മാറ്റാന്‍ ശ്രദ്ധിക്കണം. മണ്ണ്, ചകിരിച്ചോറ്, ഉണക്ക ച്ചാണകപ്പൊടി എന്നിവ ആവശ്യത്തിനു വെള്ളമൊഴിച്ച് കൊഴുക്കട്ട കുഴയ്ക്കുന്ന പാകത്തിലെടുത്ത് തൊലികളഞ്ഞ ഭാഗത്തു വയ്ക്കണം. പോളിത്തീന്‍ ഷീറ്റുപയോഗിച്ച് ഇത് കെട്ടണം. തൊലി ഇളക്കിയ ഭാഗം മുഴുവന്‍ പരന്നു നില്ക്കുന്ന രീതിയില്‍ വേണം പോളിത്തീന്‍ ഷീറ്റു കെട്ടാന്‍. മുകള്‍ ഭാഗത്തു നിന്ന് അല്പം മാറ്റി ആദ്യം കയര്‍ കൊണ്ട് കെട്ടിയശേഷം ബാക്കി ഭാഗത്ത് ഇതേകയര്‍ ചുറ്റി അവസാനഭാഗത്തിനു അല്പം മുകളിലായി മുറുക്കാം. ഏറ്റവും മുകള്‍ ഭാഗവും അറ്റവും വിട്ടു വേണം കെട്ടേണ്ടത്. ഇതിലൂടെ വേണം ദിവസവും പതിവച്ച ഭാഗത്ത് വെള്ളം നനയ്ക്കാ ന്‍. ദിവസവും രണ്ടോ മൂന്നോ തവണ ചെറുതായി നനയ്‌ക്കേണ്ടതുണ്ട്. വെ ള്ളം അധികം ഒഴിക്കാന്‍ പാടില്ല. ഇരുപതു ദിവസം കഴിയുമ്പോള്‍ പോളിത്തീന്‍ കവറിനുള്ളില്‍ വേരോട്ടം കാ ണാന്‍ സാധിക്കും. പതിവച്ചു മുപ്പതു ദിവസം കഴിയുമ്പോള്‍ വേരു കാണു ന്ന ഭാഗത്തിനു താഴെ വച്ച് മുറിക്കണം.

പോളിത്തീന്‍ഷീറ്റ് ശ്രദ്ധയോടെ മാറ്റിയ ശേഷം ചെറിയ ചെടിച്ചട്ടികളിലോ പോളിത്തീന്‍ കവറുകളിലോ തൈനട്ടുപിടിപ്പിക്കാം. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തില്‍ ഉണ്ടാക്കുന്ന പോട്ടിംഗ് മിശ്രിതം ചട്ടിയിലോ കവറിലോ നിറച്ചും നടാം. പതിനഞ്ചു ദിവസങ്ങള്‍ക്കുശേഷം തൈ മുളപൊട്ടിയാല്‍ വിജയിച്ചു എന്ന് ഉറപ്പു വരുത്താം. നല്ല തൈകള്‍ ഇനി മണ്ണി ലേക്കു മാറ്റാം.

എങ്ങനെ മുന്തിരിതൈ നടണം

നടുന്നതിനു 15 ദിവസം മുമ്പ് അ ഞ്ചു കുട്ട ചാണകപ്പൊടി, പത്തു കുട്ടമണ്ണോ, മണലോ, രണ്ടുകുട്ട കോഴിക്കാഷ്ഠം, ഒരു കിലോ വീതം വേപ്പിന്‍ പിണ്ണാക്കും എല്ലു പൊടിയും അരകിലോ കുമ്മായവും ചേര്‍ത്ത് നന്നാ യി മിക്‌സ് ചെയ്യണം. ദിവസവും നന ച്ചു കൊടുക്കണം. തെരഞ്ഞെടുത്ത തൈ നടാന്‍ ആദ്യം രണ്ടര അടി ആഴത്തിലും ചതുരത്തിലും കുഴി എടുക്കണം. ഇനി നേരത്തേ തയാറാക്കിവച്ചിട്ടുള്ള മിശ്രിതം ഇതിനുള്ളില്‍ ഇട്ടശേഷം നടുവിലായി വേരുപിടിപ്പിച്ച തൈനടാം. പോളിത്തീന്‍ കവര്‍ കീറി അതിനുള്ളിലെ മണ്ണോടു കൂടി വേണം തൈ മാറ്റി നടാന്‍. ഇനി കുഴിയുടെ ബാക്കി ഭാഗങ്ങളില്‍ മുന്തിരിതൈ യ്ക്കു ചുറ്റുമുള്ള ഭാഗം കഷണങ്ങളാക്കിയ വാഴത്തടയിട്ടു നികത്താം. അതിനുമുകളിലായി വീണ്ടും ചാണകപ്പൊടി മണല്‍ മിശ്രിതം ഇട്ടു കൊടുക്കാം. ദിവസവും വെള്ളം ഒഴിക്കണം. തൈകളുടെ ഒരു ശിഖരം മാത്രം നിലനിര്‍ത്തി മണ്ണില്‍ നടണം. വളക്കൂറുള്ള മണ്ണാണെങ്കില്‍ തൈ നടുമ്പോഴും പിന്നീട് ജൈവവളം നല്കുമ്പോഴും അതിനനുസരിച്ചുള്ള വളം നല്കിയാല്‍ മതിയാകും. വളക്കൂറു തീരെ ഇല്ലാത്ത സ്ഥലത്ത് നടുമ്പോള്‍ താഴെപ്പറയുന്ന അളവും രീതിയും അവലംബിക്കാം.

ജൈവവളം നല്കുന്ന രീതി

ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക് കോഴിക്കാഷ്ടം, എല്ലു പൊടി, ആട്ടിന്‍ കാഷ്ടം, കുമ്മായം എന്നിവയോജിപ്പിച്ച് വയ്ക്കണം. തൈനട്ട് 15 ദിവസം കഴിയുമ്പോള്‍ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ കുഴച്ച് തയാറാക്കി വച്ചിരിക്കുന്ന ഈ മിശ്രിതത്തില്‍ നിന്ന് ഓരോ കൈപ്പിടി വീതം ഇടണം.

ജൈവവളമിശ്രിതം ചാക്കുകളില്‍ തയാറാക്കി വച്ചിരുന്നാല്‍ ആവശ്യാനുസരണം ഉപയോഗിക്കാം. സൂക്ഷ്മമൂലകങ്ങള്‍ ലഭ്യമാക്കാന്‍ കൃഷിശാസ്ത്രജ്ഞരുടെ ശിപാര്‍ശ പ്രകാരം മൈക്രോഫുഡ് മാസത്തില്‍ രണ്ടു തവണ നല്കാറുണ്ടെന്നു കെ.സി പിള്ള പറയുന്നു.

മുന്തിരികൂടാതെ വെണ്ട, ചുണ്ട,പുതിന, കറിവേപ്പ്, പയര്‍, കുമ്പളം, മുളക്, മാതളം, കോളിഫ്‌ളവര്‍ തുടങ്ങി വിവിധതരം പച്ചക്കറികളും മട്ടുപ്പാവില്‍ കൃഷി ചെയ്തിട്ടുണ്ട്. റെഡ് ലേഡി പപ്പായയും ഗ്രോബാഗില്‍ കായ്ച്ചു നില്‍ക്കുന്നു. ഭാര്യ നിര്‍മ്മലശേഖറും മക്കളായ രാജേഷും രശ്മിയുമെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്. ഫോണ്‍: കെ.സി പിള്ള-9446100189.

കൃഷി സ്‌നേഹികള്‍ അറിയേണ്ടത്

തൈ എപ്പോഴും മണ്ണില്‍ തന്നെ നടണം. 25 മുതല്‍ മുപ്പത് വര്‍ഷമാണ് മുന്തിരിച്ചെടിയുടെ ആയുഷ്‌കാലം. വര്‍ഷം കഴിയുംതോറും കായ്ഫലം കൂടും. ആരോഗ്യത്തോടെ ചെടി നിലനില്ക്കണമെങ്കില്‍ മണ്ണില്‍ തന്നെ നട്ടു വളര്‍ത്തണം. നല്ല വെയിലുള്ളസ്ഥലമാണ് മുന്തിരി കൃഷിക്കു വേണ്ടത്. വള്ളികള്‍ക്കു പടര്‍ന്നു പന്തലിക്കാന്‍ ആവശ്യമായ ഉയരത്തില്‍ പന്തല്‍ കെട്ടണം. തൈകള്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ മട്ടുപ്പാവിലേക്കോ ഉയരത്തിലേക്കോ ഒറ്റവള്ളിയായി വേണം പടത്താന്‍. പൂ വന്ന് 120 ദിവസം ആകുമ്പോഴേക്കും മുന്തിരിക്കുലകള്‍ പഴുത്തു പാകമാകും. മുന്തിരിക്കുല ഒന്നിച്ചു പഴുക്കുകയില്ല. ഓരോരോ കായ്കളാണ് പഴുക്കുന്നത്. ചെടിയില്‍ നിര്‍ത്തിതന്നെ വേണം പഴുപ്പിക്കാന്‍. കീടബാധയെ അധികം പ്രശ്‌നമാക്കേണ്ടതില്ല. കീടബാധ ഉണ്ടെങ്കില്‍ ബോര്‍ഡോമിശ്രിതം, ബ്യുവേറിയ എന്നിവ ആവശ്യാനുസരണം തളിച്ചാല്‍മതിയാകും. മഴക്കാലം മുന്തിരികൃഷിക്കു യോജിച്ചതല്ല. തുടര്‍ച്ചയായി അഞ്ചുദിവസം മഴ പെയ്താല്‍ കായ്കളും ഇലകളും അടര്‍ന്നു വീഴും. അതിനാല്‍ മഴക്കാലത്ത് നല്ല ശ്രദ്ധകൊടുക്കണം.

എസ്. മഞ്ജുളാദേവി