റംബൂട്ടാനിലൂടെ കാര്‍ഷിക വിജയം
Monday, November 18, 2019 5:21 PM IST
രുചിയേറുന്ന നാടന്‍ പഴങ്ങളുടെ വൈവിധ്യത്തിന് പ്രശസ്തമാണ് മലയാളക്കര. ഇരുപതിലേറെ വിദേശ പഴവര്‍ഗങ്ങളും നാടന്‍ പഴച്ചെടികളും തന്റെ തോട്ടത്തിലെത്തിച്ചിരിക്കുകയാണ് ബാബു ജോയി. എറണാകുളം ജില്ലയിലെ കാഞ്ഞൂരിലുള്ള പയ്യപ്പിള്ളി വീട്ടില്‍ പ്രധാനമായി വളരുന്നത് റംബൂട്ടാനാണ്.
നെല്ല്, തെങ്ങ്, വാഴ, മരച്ചീനി തുടങ്ങിയവയായിരുന്നു പ്രധാന കൃഷി. കാര്‍ഷിക മേഖല പ്രതിസന്ധിയിലായപ്പോള്‍ ജോലി തേടി യു.കെ.യിലേക്ക് വിമാനം കയറി. നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പഴവര്‍ഗകൃഷി ആരംഭിച്ചു. നാടനും വിദേശ ഇനങ്ങളുമായി മുപ്പതിലേറെ പഴച്ചെടികള്‍ നട്ടു. ഫിലോസാന്‍, ബറാബ, സ്റ്റാര്‍ ഫ്രൂട്ട്, അബിയൂ, മില്‍ക്ക് ഫ്രൂട്ട് തുടങ്ങിയവയെല്ലാം അങ്ങനെ കൃഷിയിടത്തിലെത്തി. വരുമാനം ലക്ഷ്യമാക്കി വ്യാവസായികാടിസ്ഥാനത്തില്‍ നട്ടത് റംബൂട്ടാനായിരുന്നു. അതിനിടയില്‍ മാങ്കോസ്റ്റിനും നട്ടു.
വിഷമില്ലാത്ത റംബൂട്ടാന്‍
രാസകീടനാശിനികളുടെ സ്പര്‍ശനമേല്‍ക്കാതെ 160 റംബൂട്ടാന്‍ തൈകള്‍ വളര്‍ത്തുന്നു. ഗുണമേന്മയുള്ള നല്ലതൈകള്‍ തെരഞ്ഞെടുത്ത് നട്ടാല്‍ രണ്ടാം വര്‍ഷം വിളവു ലഭിക്കും. സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ വരെ ഉരമുള്ള പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ കഴിയുന്ന വിളയാണ് റംബൂട്ടാന്‍.
നല്ല നീര്‍വാര്‍ച്ചയുള്ള പ്രദേശങ്ങളാണ് കൃഷിക്കനുയോജ്യം. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യം. അമ്ലാംശവും ക്ഷാരാംശവും കൂടാന്‍ പാടില്ല. നല്ല സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളില്‍ വിളവു കൂടുന്നുണ്ടെന്ന് ബാബു പറഞ്ഞു. മരങ്ങള്‍ തമ്മില്‍ ഇരുപത്തഞ്ചടി അകലം വേണം. ഒരു മീറ്റര്‍ ചതുരത്തിലും ആഴത്തിലുമുള്ള കുഴികളെടുത്ത് വളമിട്ടാണ് അഞ്ചടി ഉയരമുള്ള തൈകള്‍ നട്ടത്. പച്ചിലകളും ചാണകവും അടിസ്ഥാനവളമായി നല്‍കിയതിനുശേഷം മേല്‍മണ്ണിട്ട് മൂടിയാണ് തൈകള്‍ നടുന്നത്. വര്‍ഷകാലത്തിന്റെ തുടക്കത്തിനു മുമ്പേ നട്ടു. വെള്ളം കെട്ടിനില്‍ക്കാതെ പ്രത്യേകം ശ്രദ്ധിച്ചു. ഇ-35 (മഞ്ഞ) എന്‍- 18 എന്നീ ഇനങ്ങളാണ് നട്ടത്. വേനല്‍ക്കാലത്ത് പത്തു കിലോ ചാണകം വീതം ഓരോന്നിനും നല്‍കി. വരള്‍ച്ചയുടെ കാഠി ന്യം നോക്കി ആവശ്യത്തിനു നനയും. എല്ലാ ദിവസവും കൃഷിയിടത്തിലെത്തി ഓരോ ചെടിയും നിരീക്ഷിക്കും. ഇത് വളര്‍ച്ചയ്ക്കും രോഗകീടബാധ നിയന്ത്രണത്തിനും സഹായിക്കുന്നുണ്ടെന്നാണ് ബാബുവിന്റെ അഭിപ്രായം.
ബഡ്ഡ് തൈകളുപയോഗിച്ച് നല്ല വിളവ്
അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രതയും ഊഷ്മളമായ കാലാവസ്ഥയും റംബൂട്ടാനെ കരുത്തുള്ളതാക്കും. റംബൂട്ടാനില്‍ ആണ്‍-പെണ്‍ ഇനങ്ങളുള്ളതിനാല്‍ വിത്തുപാകി മുളപ്പിച്ചെടുക്കുന്ന തൈകള്‍ കൃഷിക്ക് അനുയോജ്യമല്ല. ഇവ പത്തു വര്‍ഷം കഴിഞ്ഞേ പുഷ്പിക്കൂ. അപ്പോള്‍ ആണ്‍ മരമായാല്‍ എന്തായിരിക്കും അവസ്ഥ. ഇതൊഴിവാക്കാന്‍ ബഡ്ഡു ചെയ്ത തൈകളാണ് നല്ലത്. തുടര്‍ച്ചയായി നല്ലവിളവു നല്‍കിക്കൊണ്ടിരിക്കുന്ന മരങ്ങളില്‍ നിന്നുള്ള ബഡാണ് ഉപയോഗിക്കേണ്ടത്. ഇവ മൂന്നാം വര്‍ഷം പുഷ്പിച്ചു തുടങ്ങും. മൂന്നു വര്‍ഷത്തെ വളര്‍ച്ചയുള്ള തൈകളാണ് ബാബു നട്ടത്. അടുത്ത വര്‍ഷം പുഷ്പിച്ചെങ്കിലും പൂക്കളെല്ലാം നശിപ്പിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിളവുണ്ടായി. വളരെ ഉയരത്തിലേക്ക് വളര്‍ത്തിവിടാതെ കൊമ്പുകള്‍ മുറിച്ച് പന്തലിപ്പിച്ച് വളര്‍ത്തുകയാണിവിടെ. ആദ്യഘട്ടത്തില്‍ മൊത്തമായി തമിഴ്‌നാട്ടുകാര്‍ വാങ്ങി. ഇത്തവണ ആലുവയിലെ പഴവര്‍ഗ വ്യാപാരിയാണ് അഞ്ചേമുക്കാല്‍ ലക്ഷം രൂപയ്ക്ക് വാങ്ങിയിരിക്കുന്നത്. ഫെബ്രുവരിയില്‍ പുഷ്പിച്ചു തുടങ്ങുന്ന മരങ്ങളില്‍ നിന്ന് ഓഗസ്റ്റ് ആദ്യവാരം വരെ വിളവെടുക്കാം. നാലുവര്‍ഷം പിന്നിട്ടതോട്ടത്തിലെ ഒരു മരത്തില്‍ നിന്ന് ശരാശരി 80 കിലോ വരെ വിളവു ലഭിക്കുന്നുണ്ട്. ഓരോവര്‍ഷം കഴിയുന്തോറും വിളവു കൂടിക്കൊണ്ടിരിക്കും. എട്ടു വര്‍ഷമാകുന്നതോടെ ഉയര്‍ന്ന വിളവിലേക്കു കടക്കും.

സമ്മിശ്രകൃഷി വിജയം
കാര്‍ഷികരംഗത്ത് കര്‍ഷകന് നേട്ടം ഉണ്ടാകണമെങ്കില്‍ ബഹുവിള കൃഷിരീതിയാണ് നല്ലതെന്നാണ് ബാബുവിന്റെ അഭിപ്രായം. നഴ്‌സായ ഭാര്യ ഫിന്‍സിക്കും സമ്മിശ്രകൃഷിയോടാണു താത്പര്യം. പാട്ടത്തിനു സ്ഥലമെടുത്ത് 4500 വാഴകൃഷി ചെയ്യുന്നുണ്ട്. ഇതില്‍ ആയിരം എണ്ണം നേന്ത്രനും മറ്റുള്ളത് പൂവനുമാണ്. ഒരു വാഴയ്ക്ക് ഇരുപതു രൂപയാണ് പാട്ടം നല്‍കുന്നത്. കപ്പലണ്ടി, കൊപ്രാ പിണ്ണാക്കുകള്‍ പൊടിച്ചതും ചാണകവും മുഖ്യവളമായി ഉപയോഗിക്കുന്നു. കൃഷി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അല്പം രാസവളം ആറു തവണകളായി നല്‍കുന്നു. വിഎഫ്പിസികെയുടെ കര്‍ഷക വിപണി വഴിയാണ് വില്പന. വീട്ടാവശ്യത്തിനുള്ള പച്ചക്കറിക്കൃഷിക്ക് ഭാര്യ മേല്‍നോട്ടം വഹിക്കുന്നു. ജീവിതം ആരോഗ്യത്തോടെ മുന്നോട്ടുപോകുന്നത് കൃഷിയിലൂടെയാണെന്ന് തുറന്നു സമ്മതിക്കുന്നു ബാബുജോയി. ഫോണ്‍ : 8157084977
നെല്ലി ചെങ്ങമനാട്