വിശറിപ്പൂക്കള്‍ വിരിയുന്ന ആരാമം
Wednesday, January 29, 2020 3:27 PM IST
വിശറിയുടെ ആകൃതിയില്‍ മനോജ്ഞമായ അഞ്ചിതള്‍ പൂക്കള്‍, നീലയോ, പര്‍പ്പിളോ, പിങ്കോ നിറമാകാം. ചിത്രശലഭങ്ങളെയും തേനീച്ചകളെയും കൂട്ടത്തോടെ ആകര്‍ഷിക്കുന്ന പ്രകൃതം. തൂക്കുകൂടകള്‍, ചട്ടികള്‍, ജനാലപ്പടികള്‍ പൂത്തടങ്ങള്‍ തുടങ്ങി എവിടെയും വളര്‍ത്താന്‍ ഉത്തമം. കൊടും വേനലോ വരള്‍ച്ചയോ ഒന്നും വലിയ പ്രശ്‌നവുമില്ല. 'ഫാന്‍ ഫ്‌ളവര്‍'എന്ന് ഓമനപ്പേരുള്ള 'സ്‌കീവോലു എമുല' യുടെ വിശേഷങ്ങളിങ്ങനെ നീളുന്നു. ഓസ്‌ട്രേലിയക്കാരിയാണ് ഈ പൂച്ചെടി. 50 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരും. പൂവിന്റെ ഇതളുകള്‍ ഒരു വിശറി പോലെ ഒരു വശത്തേക്കു മാത്രമേ വിടരുകയുള്ളൂ. ഇടം കയ്യന്‍ എന്നര്‍ഥമുള്ള ലാറ്റിന്‍ പദമാണ് 'സ്‌കിവോലു.' ആ അര്‍ഥത്തില്‍ ഇതിന് ഹാഫ്-ഫ്‌ളവര്‍ എന്നും വിളിപ്പേരുണ്ട്. പാതി മുറിച്ച പ്രതീതിയാണ് ഓരോ പൂവിനും. കമിതാവുമായി വഴക്കിട്ട് കോപാകുലയായ ഒരു സ്ത്രീ പൂവിനെ പാതിവച്ച് വലിച്ചുകീറി എന്നൊരു കഥയുണ്ട്. ഇതു കണ്ടു ദൈവം കോപിഷ്ഠനായി. എല്ലാ വിശറിപ്പൂക്കളെയും പാതി മുറിഞ്ഞ പൂക്കളാക്കി മാറ്റി. കമിതാക്കള്‍ പരിഞ്ഞു. കാമുകന്‍ ഇന്നും പാതി മുറിഞ്ഞ ഈ പൂവിന്റെ സ്ഥാനത്ത് ഒരു പുതിയ പുഷ്പം തേടി അലയുന്നു എന്നാണു കഥ.
സമൃദ്ധപുഷ്പിണിയാണ് വിശറിപ്പൂച്ചെടി. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നിറയെ പൂചൂടും. വൈവിധ്യമാര്‍ന്ന മണ്‍തരങ്ങളില്‍ ഇതുവളരും. നീര്‍വാര്‍ച്ചാസൗകര്യം വേണമെന്നേയുള്ളൂ. എങ്കിലും തീരപ്രദേശങ്ങളിലാണ് കൂടുതല്‍ നന്നായി വളരുക. നിലംമൂടി വളര്‍ത്താനും അനുയോജ്യം. ഒരു മീറ്ററോളം പടര്‍ന്നു വളരുന്ന സ്വഭാവമാണിതിന്. തൂക്കുകൂടകളിലും മറ്റും വളര്‍ത്തുമ്പോള്‍ കൂടയുടെ അഗ്രം കഴിഞ്ഞ് പുറത്തേക്കു ചാടി വളരുന്ന തണ്ടുകള്‍ക്ക് പ്രത്യേക ഭംഗിയാണ്. വിശറിയുടെ രൂപമുള്ള പൂക്കളുടെ മധ്യഭാഗം മഞ്ഞയോ അപൂര്‍വമായി വെള്ളയോ നിറത്തിലെത്തും. തണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൂക്കള്‍ വിടരും. മുകള്‍ ഭാഗത്തു വിടരുന്ന പൂക്കള്‍ക്ക് വലിപ്പം കൂടിയിരിക്കും. ഇത് താഴേക്കെത്തുമ്പോള്‍ തെല്ല് കുറയുകയും ചെയ്യും. ദീര്‍ഘവൃത്താകൃതിയില്‍ തെളിഞ്ഞ പച്ചനിറമുള്ള ചെറിയ ഇലകളുടെ അരികുകള്‍ പല്ലുപോലിരിക്കും. ദിവസവും ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് വിശറിപ്പൂച്ചെടിക്ക് വളരാന്‍ പഥ്യം. നടുന്നതിനു മുമ്പ് മണ്ണായാലും പോട്ടിംഗ് മിശ്രിതമായാലും ജൈവവളം ചേര്‍ത്തു മെച്ചപ്പെടുത്തണം. മുളപ്പിച്ച ചട്ടിയില്‍ തൈ എത്ര താഴ്ചയിലാണോ നിന്നത് അത്ര താഴ്ച മാത്രമേ തറയില്‍ നടുമ്പോഴും നല്‍കേണ്ടതുള്ളു. അടുത്തടുത്ത് നടുമ്പോള്‍ 12 മുതല്‍ 18 ഇഞ്ച് വരെ അകറ്റി തൈകള്‍ നടണം.
മാധ്യമം ഉണങ്ങുമ്പോള്‍ മാത്രമേ ചെടിക്ക് നന ആവശ്യമുള്ളൂ. ഇളക്കി നടുന്ന തൈകള്‍ക്ക് തുടക്കത്തില്‍ വേരോടുന്നതുവരെ നന നിര്‍ബന്ധമാണ്. ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കമ്പോസ്റ്റ്, പീറ്റ് മോസ്, എല്ലുപൊടി, ബയോഗ്യാസ് സ്ലറി തുടങ്ങിയ ജൈവവളങ്ങള്‍ മതിയാകും. പാതി മൂപ്പായ തണ്ടുമുറിച്ചു നട്ട് പുതിയ ചെടി വളര്‍ത്താം. മണലില്‍ തണ്ടുകുത്തിയാണ് വേരുപിടിപ്പിക്കുന്നത്. തണ്ട് മുറിക്കുന്ന വിധം നോക്കാം. വൃത്തിയുള്ള ഒരു കത്തികൊണ്ട് ഒരു ഇലയിടുക്കിനു തൊട്ടുതാഴെ 45 ഡിഗ്രി ചരിച്ച് ഒരു മുറിവ് തണ്ടിലുണ്ടാക്കുന്നു. പുതുതായുണ്ടായ തണ്ട് നാലു മുതല്‍ ആറിഞ്ചുവരെ നീളത്തില്‍ മുറിച്ച് താഴ്ഭാഗത്തെ ഇലകള്‍ നീക്കുക. വേരു പിടിപ്പിക്കുന്ന ഹോര്‍മോണില്‍ (IBA, NAA ഇവയിലൊന്നില്‍) തണ്ടിന്റെ മുറിവായ് മുക്കുക. പീറ്റ്‌മോസും പെര്‍ലൈറ്റും കലര്‍ത്തിയതാവണം പോട്ടിംഗ് മിശ്രിതം. ഇതില്‍ പീറ്റ്‌മോസ് മണ്ണുമെച്ചപ്പെടുത്താന്‍ കഴിവുള്ള ചേരുവയാണ്. പെര്‍ലൈറ്റാകട്ടെ മാധ്യമത്തിന്റെ ഗുരുത്വം കുറച്ച് വേരോട്ടം സുഗമമാക്കും. നാലിഞ്ച് വലിപ്പമുള്ള ചട്ടിയില്‍ രണ്ട് തണ്ടിന്‍കഷണം വീതവും പത്തിഞ്ച് ചട്ടിയില്‍ നാലു തണ്ടിന്‍കഷണം വീതവും നടാം. പെന്‍സില്‍ കനത്തില്‍ കുഴിയുണ്ടാക്കി അതിലേക്ക് തണ്ടു വച്ച് സാവധാനം മണ്ണുകൂട്ടി ഉറപ്പിക്കുകയാണു വേണ്ടത്.

തുടക്കത്തില്‍ നന്നായി നനയ്ക്കണം. പാതി തണല്‍ കിട്ടുന്നിടത്ത് തണ്ടുകള്‍ നട്ട ചട്ടികള്‍ സൂക്ഷിക്കുക. ഒരു മാസത്തോളമാകുമ്പോള്‍ തണ്ടുകള്‍ വേരോടാന്‍ തുടങ്ങും പുതിയ തളിരുകള്‍ വരാനും ആരംഭിക്കും. വളര്‍ച്ച ഉറപ്പായതിനുശേഷം മാത്രമേ മാറ്റി നടാവൂ. ദ്രുതവളര്‍ച്ചാ സ്വഭാവമാണിതിന്. വേരോടുന്നിടത്തെല്ലാം പടരാന്‍ കഴിവുണ്ട്. നട്ട ഇനത്തിന്റെ സ്വഭാവമനുസരിച്ച് രണ്ടടിയോ അതിലധികമോ ചെടി നീണ്ടുവളരും. പറിച്ചുനട്ട് മൂന്നുനാലാഴ്ച കഴിഞ്ഞ് തലപ്പ് നുള്ളുന്നത് വളര്‍ച്ചയ്ക്കും കൂടുതല്‍ പൂക്കളുണ്ടാകാനും ചെടിക്ക് രൂപഭംഗി കിട്ടാനും സഹായകമാകും. തലപ്പുനുള്ളി 4-5 ആഴ്ചക്കുള്ളില്‍ തന്നെ ചെടി വളര്‍ന്ന് നിറയെ പൂ പിടിക്കുന്നതു കാണാം. ചട്ടികളിലും മറ്റും വളര്‍ത്താന്‍ അനുയോജ്യം എന്നതുപോലെ നിലം മുടി വളര്‍ത്താനും പൂത്തടങ്ങളിലും അരികുകളിലും വളര്‍ത്താനും ശിലാരാമങ്ങള്‍ക്കും ഒക്കെ ഇണങ്ങിയതാണ് ഫ്‌ളാന്‍ ഫ്‌ളവര്‍. നിരന്തരം പൂവിരിയണം എന്നാഗ്രഹിക്കുന്ന ലാന്‍ഡ് സ്‌കേപ്പുകളിലും വളര്‍ത്താന്‍ യോജിച്ചതാണിത്.
സ്‌കീവോലു ഇനവൈവിധ്യം
ബ്ലൂ വണ്ടര്‍ - നീല പൂക്കള്‍
ബോംബെ ബ്ലൂ - നീല പൂക്കള്‍
ബോംബെ പിങ്ക് - പിങ്ക് പൂക്കള്‍
ബോംബെ വൈറ്റ് - വെള്ള പൂക്കള്‍
ഫെയറി ബ്ലൂ - നീല പൂക്കള്‍
ഫെയറി പിങ്ക് - പിങ്ക് പൂക്കള്‍; തൂക്കുകൂടകള്‍ക്കുത്തമം
ഫെയറി വൈറ്റ് - വെള്ള പൂക്കള്‍
ന്യൂ വണ്ടര്‍ - നീലയും പര്‍പ്പിളും കലര്‍ന്ന പൂക്കള്‍
പിങ്ക് ചാം - പിങ്ക് പൂക്കള്‍
സ്‌കലൊറ അമെത്തിസ്റ്റ് - നീല പൂക്കള്‍
സ്‌കലൊറ പേള്‍ - വെള്ള പൂക്കള്‍
വേള്‍വിന്‍ഡ് ബ്ലൂ - നീല പൂക്കള്‍
വേള്‍വിന്‍ഡ് പിങ്ക് - പിങ്ക് പൂക്കള്‍
വേള്‍വിന്‍ഡ് വൈറ്റ് - വെള്ള പൂക്കള്‍
ബ്ലൂ വണ്ടര്‍ - നീള പൂക്കള്‍
സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം
ഫോണ്‍: 9447015939