വീടായാലൊരു കൃഷിത്തോട്ടം വേണം
ഒന്നര ഏക്കറുള്ള ഈ വീട്ടുവളപ്പ് ഒരു ബഹുവിള കൃഷിത്തോട്ടമാണ്. ചേര്‍ത്തല എരമല്ലൂരിലെ ശ്രീവിലാസം വീട്. കോട്ടയം എന്‍എസ്എസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്യാമള തമ്പിയുടെയും സ്‌പൈസസ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. പി.എസ്. ശ്രീകണ്ഠന്‍ തമ്പിയുടെയും വീട്.

പ്രാദേശിക കാര്‍ഷിക കൂട്ടായ്മയായ 'ആലപ്പി സ്‌പൈസസ്' എന്ന വാട്‌സ് ആപ്പ് ഗ്രുപ്പ് ഇവടെ സംഘടിപ്പിച്ച 'ഇടവിളയായി മഞ്ഞള്‍' എന്ന പഠന ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്താനായാണ് ഞാനെത്തുന്നത്.

ശ്യാമള ടീച്ചര്‍ക്ക് ഹൃദയത്തോടു ചേര്‍ത്തുവച്ച വികാരമാണ് കൃഷി. ചെറുപ്പം മുതലേ അച്ഛന്‍ ചെയ്യുന്നതൊക്കെ കണ്ടും കേട്ടും കിട്ടിയ അനുഭവം വലിയ മുതല്‍ക്കൂട്ടായി. ജോലിയില്‍ നിന്നു വിരമിച്ച ശേഷം പൂര്‍ണ സമയം കൃഷിയില്‍ മുഴുകിയിരിക്കയാണ് ശ്യാമള ടീച്ചര്‍. പുല്ലു വെട്ടലും പുതയിടലും നനയും ഒക്കെ തനിയ ചെയ്യാനാണ് ടീച്ചര്‍ക്കിഷ്ടം. വീട്ടുജോലിയിലും കൃഷിയിലും സഹായത്തിനായി ഒന്നു രണ്ടു പേരുണ്ടെങ്കിലും ടീച്ചര്‍ രാവിലെ തന്നെ ബ്രഷ് കട്ടറുമായി തൊടിയിലേക്കിറങ്ങും. എന്നിട്ടു സ്വ യം ജോലി തുടങ്ങും. ബ്രഷ് കട്ടര്‍ ഉപയോഗിച്ച് പുല്ലു വെട്ടുമ്പോള്‍ സുരക്ഷക്കായി ധരിക്കുന്ന ബുര്‍ക്കയും ശിരോകവചവും ശ്യാമള ടീച്ചര്‍ സ്വയം ഡിസൈന്‍ ചെയ്തു തുന്നിയതാണ്. ഒരു കോളജ് പ്രിന്‍സിപ്പലായിരുന്ന സ്ത്രീ ബുര്‍ക്കയുമിട്ട് ബ്രഷ് കട്ടറുമായി തൊടിയിലേക്കിറങ്ങുന്നതു കണ്ട് അയല്‍പക്കത്തുള്ളവരും വഴിയെ പോകുന്നവരുമൊക്കെ ആദ്യം അരിശപ്പെട്ട കാര്യം ടീച്ചര്‍ അനുസ്മരിച്ചു. രണ്ട് ബ്രഷ്‌കട്ടര്‍ സ്വന്തമായി വാങ്ങിയിട്ടുണ്ട് ടീച്ചര്‍.

വിവിധ കാര്‍ഷികവിളകള്‍ കൃത്യമായ അകലത്തില്‍ നട്ട് പരിപാലിക്കുന്നു. തെങ്ങ്, കമുക്, മാവ്, പ്ലാവ്, ജാതി, കുരുമുളക്, മാങ്കോസ്റ്റീന്‍, പേര, നാരകം, സപ്പോട്ട, മുള്ളാത്ത, ജാബ, കശുമാവ്, അലങ്കാരചെടികള്‍, അല്പസ്വല്‍പം പച്ചക്കറികള്‍, ചിലകിഴങ്ങുവിളകള്‍, എല്ലാം തികഞ്ഞ ഒത്തൊരുമയോടെ നല്ല പുഷ്ടിയായി വളര്‍ന്നു നില്‍ക്കുന്നു. കണ്ടു തന്നെ മനസിലാക്കേണ്ട ഒന്നുതന്നെയാണിത്.

വെള്ളത്തിനായി എല്ലാത്തിനും ഡ്രിപ് ഇട്ടിട്ടുണ്ട്. ഡ്രിപ് ആവശ്യത്തിനായി മൂന്നു കുഴല്‍ക്കിണറുകളും കുത്തിയിട്ടുണ്ട്. അതു കൂടാതെ മഴവെള്ളസംഭരണിയുമുണ്ട്. വെള്ളത്തിന്റെ ഏറ്റവും കാര്യക്ഷമമായ വിനിയോഗത്തില്‍ ശ്യാമള ടീച്ചര്‍ ഒരു മാതൃക തന്നെയാണ്. എല്ലാ വിളകള്‍ക്കും ചുവട്ടില്‍ നല്ല കട്ടിയില്‍ പുതയും ഇട്ടിട്ടുണ്ട്. പുത ഏറെ ആക ര്‍ഷകമാണ്. പറമ്പില്‍ നിന്നു കിട്ടുന്ന കരിയില, ഓല, മടല്, എല്ലാം തിരിച്ചു പുതയായി പറമ്പിലേക്കു നല്കുക എന്നതാണ് ടീച്ചറുടെ നയം. അതു കൂടാതെ അടുക്കള മാലിന്യം ഒരു വറ്റു പോലും കളയാതെ ശേഖരിച്ചു സംസ്‌കരിച്ചു വൃക്ഷങ്ങള്‍ക്കു നല്‍ കും.


ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ശ്യാമള ടീച്ചറുടെ വീടും പരിസരവും. ആവശ്യത്തിനു മാത്രം വസ്ത്രങ്ങളും മറ്റാവശ്യ വസ്തുക്കളും വാങ്ങുക എന്നതില്‍ തുടങ്ങുന്നു ടീച്ചറുടെ പരിസ്ഥിതി അവബോധം. ഉപയോഗം കഴിഞ്ഞ തുണികള്‍ ഒക്കെ രൂപമാറ്റം വരുത്തി പുനരുപയോഗിക്കുന്നു. അവസാനം വീടു തുടയ്ക്കാന്‍വരെ അതുപയോഗപ്പെടുത്തും. പ്ലാസ്റ്റിക് കൂടുകളും മറ്റും മറ്റു ഒരു മാര്‍ഗവുമില്ലെങ്കിലേ ടീച്ചര്‍ ഉപയോഗിക്കു. അങ്ങനെ വേണ്ടിവരുന്ന പ്ലാസ്റ്റിക് കൂടുകള്‍ എല്ലാം തരം തിരിച്ചു കഴുകി ഉണക്കി ശേഖരിച്ചു വയ്ക്കുന്നു. എവിടെ പോയാലും ഒരു തുണിസഞ്ചി എപ്പോഴും ടീച്ചര്‍ കൈയില്‍ കരുതും. കടകളില്‍ നിന്ന് അവശ്യവസ്തുക്കള്‍ എല്ലാം ഈ തുണി സഞ്ചിയിലാണു വാങ്ങുക. വീടിനോടു ചേര്‍ന്നു തീര്‍ത്ത ഒരു ചെറിയ കുളമുള്‍പ്പെടെ പറമ്പില്‍ രണ്ടു കുളങ്ങളുമുണ്ട്. ചെറു കുളത്തില്‍ തിലാപ്പിയയും വലിയ കുളത്തില്‍ വിവിധ മത്സ്യങ്ങളും വളര്‍ത്തുന്നു. തിലാപ്പിയ കിലോക്ക് 150 രൂപയാണ്.

എന്നാല്‍ ഇതിനെല്ലാറ്റിനുമുപരി ശ്യാമള ടീച്ചറെ നമിക്കേണ്ടത് വീട്ടില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന കൊപ്ര ഡ്രയറിന്റെ കാര്യത്തിലാണ്. ഫിസി ക്‌സ് അധ്യാപികയായിരുന്ന ടീച്ചര്‍ ആ അറിവ് ഉപയോഗപ്പെടുത്തിയാണ് പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രയര്‍ സെറ്റ് ചെ യ്തിരിക്കുന്നത്. ഒരു പ്രാവശ്യം 100 തേങ്ങ ഉണക്കാന്‍ പറ്റുന്നതാണ് ഈ കൊപ്രാ ഡ്രയര്‍. സൗരോര്‍ജം മറ്റാവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെ വൈദ്യുതി ആവശ്യത്തിന്റെ 90 ശതമാനവും സൗരോര്‍ജത്തില്‍ നിന്നാണ്. ഫോണ്‍ : ഡോ. പി.എസ്.എസ് തമ്പി 9447435059

ഡോ. ബി. ശശികുമാര്‍