കൃഷിയിടത്തിലേക്ക് ചില നാട്ടറിവുകള്‍
കുരുമുളകു കൃഷി

1. കുരുമുളകിന്റെ കടയ്ക്കല്‍ നിന്ന് രണ്ടടിവരെ ഉയരമുള്ള കമ്പുകളില്‍ നിന്നുള്ള തലകളാണ് നടാന്‍ ഉത്തമം.
2. മുരിക്കുപോലെ പരുപരുത്തതൊലിയുള്ള എല്ലാമരങ്ങളിലും കരുമുളകുകൊടി പടരും. മാവ്, പ്ലാവ്, അമ്പഴം, താന്നി, ചുരുളി എന്നീ മരങ്ങളിലും ഇതുപിടിക്കും.
3. ചെടികള്‍ അധികം ഉയരത്തിലേക്കു വളരാതെ ശിഖരങ്ങള്‍ പൊട്ടി വശങ്ങളിലേക്കു വളരാന്‍ അഗ്രമുകുളം അടര്‍ത്തിക്കളഞ്ഞു പോളിത്തീന്‍ കുടിട്ടു നിര്‍ത്തുക.
4. കുരുമുളകിന്റെ ദ്രുതവാട്ടത്തിന് രണ്ടുമൂന്നുപിടി ഉപ്പ് കടകളിലിട്ടുകൊടുക്കുന്നതു കൊള്ളാം. ഉപ്പിടുന്നത് തുലാവര്‍ഷത്തിനു മുമ്പും കാലവര്‍ഷത്തിനുശേഷവുമായിരിക്കണം. വെളുത്തുള്ളിയും കടുകും അരച്ചു മിശ്രിതമാക്കി ഇട്ടുകൊടുക്കുന്നതും നല്ലതാണ്.

ഇഞ്ചികൃഷി

1. സൂക്ഷിച്ചുവച്ച ഇഞ്ചി വിത്ത് മേടമാസത്തില്‍ പുറത്തെടുത്ത് മുളം തട്ടുകളില്‍ പാണഇല വിരിച്ച് അതില്‍ നിരത്തിയിടുക. ഇതിന്റെ അടിയില്‍ പാണയിലകളും മറ്റു ചവറുകളുമിട്ടു കത്തിച്ചു പത്തുപതിനഞ്ചു ദിവസം ഒരോമണിക്കൂര്‍ പുകകൊള്ളിച്ചാല്‍ ഇഞ്ചിയില്‍ ധാരാളം മുളപൊട്ടും.
2. അന്നന്നുകിട്ടുന്ന ചാണകം വെള്ളമൊഴിച്ചു കലക്കി ആ വെള്ളം ഇഞ്ചി നട്ടതിനു ചുറ്റുമൊഴിച്ചാല്‍ ചിനപ്പുപൊട്ടി കൂടുതല്‍ കിഴങ്ങു കിട്ടും.
3. മഴക്കാലമാകുന്നതോടെ ഇഞ്ചിക്കണ്ടത്തില്‍ ചവറുവയ്ക്കുന്നതു വേണ്ടെന്നുവച്ചാല്‍ ഇര്‍പ്പം നില്‍ക്കുന്നതു കുറയും. മൃദുചീയല്‍ രോഗബാധ ഒഴിവായിക്കിട്ടും.


തെങ്ങുകൃഷിയില്‍ ശ്രദ്ധിക്കാന്‍


1. തെങ്ങിന്‍തൈ വയ്ക്കുമ്പോള്‍ കൂവക്കിഴങ്ങു കൂടിനടുന്നത് വേരുതീനിപ്പുഴുക്കളുടെ ഉപദ്രവം തടയാന്‍ ഉപകരിക്കും.
2. തെങ്ങിനടിയില്‍ മരുതു നടുന്നതു കൊണ്ട് രണ്ടുണ്ട് ഗുണം. ഒരു മരുത് നാലു തെങ്ങിനുള്ള പച്ചിലവളം തരും. മരുതിന്റെ വേരിലെ കറ വേരുതീനിപ്പുഴുക്കളെ നശിപ്പിക്കും.
3. തെങ്ങിന്റെ മടല്‍ തടിയോടു ചേര്‍ത്തു വെട്ടിയാല്‍ ചെമ്പന്‍ ചെല്ലിയുടെ ശല്യം കൂടാന്‍ ഇടയുണ്ട്. അതുകൊണ്ട് മടല്‍ നീട്ടിവെട്ടാന്‍ ശ്രദ്ധിക്കണം.
4. കൊമ്പന്‍ ചെല്ലിയെ അകറ്റാന്‍ മഴസമയത്ത് തെങ്ങിന്റെ കവിളില്‍ കുമ്മായം, ചാരം എന്നിവ മണല്‍ കലര്‍ത്തിയിടുക. മഴസമയത്ത് ഇതൊലിച്ച് ഉള്ളിലേക്കിറങ്ങി ചെല്ലികളെ തുരത്തും.
5. തെങ്ങുകള്‍ക്കിടയില്‍ നെടുകയും കുറുകയും ചാല്‍ കീറി അതില്‍ ചകരിയടുക്കി മണ്ണിട്ടു മൂടിയാല്‍ വേനലില്‍ ഓലയിടിച്ചില്‍ ഉണ്ടാകില്ല.
6. തെങ്ങോലയില്‍ കുമില്‍രോഗബാധകണ്ടാല്‍, തെങ്ങിന്റെ ഉയരത്തോളം നീളമുള്ള കമ്പിന്മേല്‍ പന്തംകത്തിച്ച് ഇലക്ക് വാട്ടം തട്ടാതെ വീശുക- കുമിളുകള്‍ നശിക്കും.
7. മണ്‍കുടത്തില്‍ വെള്ളം നിറച്ച് നൂര്‍വലിപ്പത്തില്‍ ദ്വാരമിട്ട് തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിടുക. ഏറ്റവുചെലവുകുറഞ്ഞ തുള്ളിനനനയാണിത്.
8. തെങ്ങിനു ചുറ്റും ചവറിട്ടു ചുട്ടാല്‍ പുകയേറ്റു തെങ്ങിന്‍ ധാരാളം മച്ചിങ്ങ പിടിക്കും.
9. തെങ്ങിന്‍ തടത്തില്‍ ചണമ്പു വിത്ത് വിതച്ചാല്‍ വളര്‍ന്ന് പൂവാകുമ്പോള്‍ പിഴുത് തടത്തിലിടാം. ജൈവവളാവശ്യത്തിന് ഇതിമതിയാകും.
10. തെങ്ങിന്റെ ഓല മഞ്ഞളിപ്പിന് ചുവട്ടില്‍ കല്ലുപ്പു വിതറുക.
11. തെങ്ങിന്‍ കടക്കല്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളം കെട്ടി നിന്നാല്‍ വേരു ചീയലും ഓലമഞ്ഞളിപ്പും വരും.

ജോര്‍ജ് തോപ്പിലാന്‍
ഫോണ്‍: 94950 17300.