പോത്തു വളര്‍ത്തല്‍ വഴി പിങ്ക് വിപ്ലവത്തിലേക്ക്
പോത്തു വളര്‍ത്തല്‍ വഴി പിങ്ക് വിപ്ലവത്തിലേക്ക്
Wednesday, July 29, 2020 11:43 AM IST
തൊണ്ണൂറു ശതമാനത്തിലധികം ജനങ്ങള്‍ മാംസഭുക്കുകളായ കേരളത്തില്‍ ഗുണമേന്മയുള്ള മാംസം നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്നതിന് സംരംഭകത്വ സാധ്യതയേറെയാണ്. ഇതിനായി മാംസോത്പാദന രംഗത്ത് ഒരു പിങ്ക് വിപ്ലവം അനിവാര്യമാണ്. അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ പോത്തുവളര്‍ത്തലിലൂടെ പിങ്ക് വിപ്ലവത്തിനു സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. രുചികരവും മൃദുവും ഉയര്‍ന്ന മാംസ്യ തോതുമുള്ള പോത്തിറച്ചിയില്‍ കൊഴുപ്പും കൊളസ്‌ട്രോളും മാട്ടിറച്ചിയേക്കാള്‍ കുറവ്. കട്ടിയുള്ള പേശീ തന്തുക്കളാണ് ഇവയുടെ പ്രത്യേകത. ലോക മാംസ്യവിപണിക്ക് ഭീഷണിയായ ഭ്രാന്തിപ്പശു രോഗം എരുമയുടെ ഏഴയലത്തില്ല. അതിനാല്‍ വിദേശ വിപണിയിലും സാധ്യതകളുണ്ട്. പോത്തുകളുടെയും അവയുടെ മാംസത്തിന്റെയും വിപണനം കേരളത്തില്‍ എളുപ്പമാണ്. കൂടുതല്‍ വില ലഭിക്കാനായി വിശേഷ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ഇവയെ വില്‍ക്കുന്നതാണ് നല്ലത്. മുസ്ലിം മത വിശ്വാസികളുടെ ബലി പെരുന്നാള്‍ ഇവയ്ക്കുള്ള ഒരു നല്ല വിപണിയാണ്. ക്രിസ്മസും മറ്റു പ്രാദേശിക പെരുന്നാളുകളും ഇവയുടെ പ്രത്യേക വിപണികളാണ്. ഇത്തരം സന്ദര്‍ഭങ്ങളിലും കൂടുതല്‍ വില ലഭിക്കാന്‍ സാധ്യതയുണ്ട്. കേരളത്തിലെ തരിശു കിടക്കുന്ന നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും ഇത്തരത്തില്‍ പോത്തു വളര്‍ത്താന്‍ അനുയോജ്യമാണ്. തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി പുല്ല് കൃഷി ചെയ്താല്‍ വരുമാനവും വളരെ വര്‍ധിക്കും. മാംസാഹാരപ്രിയരായ മലയാളിക്ക് ആവശ്യമായ പോത്തിറച്ചി ഇന്നു ലഭ്യമല്ല. വെള്ളവും തീറ്റപ്പുല്ലുമുണ്ടെങ്കില്‍ കുറഞ്ഞ ചെലവില്‍ മേന്മയേറിയ പോത്തിറച്ചി ഉത്പാദിപ്പിക്കാം. പോത്തിന് രോഗങ്ങള്‍ താരതമ്യേന കുറവായതിനാല്‍ ചികിത്സാച്ചെലവും കുറയും. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ഉപയോഗം കുറയുന്നതിനാല്‍ ജൈവ ഉത്പന്നമെന്ന ലേബലും ലഭിക്കാവുന്നതാണ്.

പോത്തു വളര്‍ത്തല്‍ - രീതികള്‍

1.തൊഴുത്തില്‍ പാര്‍പ്പിച്ച് തീറ്റ നല്‍കുന്ന സമ്പ്രദായം:- പച്ചപ്പുല്ലും വൈക്കോലും കാലിത്തീറ്റയും തൊഴുത്തില്‍ നല്‍കുന്നു. അതോടൊപ്പം കാര്‍ഷിക ഉത്പന്നങ്ങളും അവശിഷ്ടങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തുന്നു. മേയാന്‍ സ്ഥല ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലാണ് ഈ രീതി അവലംബിക്കുന്നത്. താരതമ്യേന ചെലവ് കൂടിയ ഈ രീതിയില്‍ തീറ്റപ്പുല്‍കൃഷിചെയ്താല്‍ തീറ്റച്ചെലവ് കുറയ്ക്കാവുന്നതാണ്.

2.രാത്രികാലങ്ങളില്‍ തൊഴുത്തില്‍ പാര്‍പ്പിക്കുകയും ദിവസേന 8-10 മണിക്കൂര്‍ നേരം മേയാന്‍ വിടുകയും ചെയ്യുന്ന സമ്പ്രദായം: തരിശു നെല്‍പ്പാടങ്ങള്‍ വ്യാപകമായതിനാല്‍ കേരളത്തില്‍ ഈ രീതിയിലാണ് കൂടുതലായും പോത്തുകളെ വളര്‍ത്തുന്നത്. കുറഞ്ഞ അളവില്‍ പിണ്ണാക്ക്, തവിട്, സമീകൃത കാലിത്തീറ്റ എന്നിവയും തീറ്റയില്‍ നല്‍കുന്നു. ഈ രീതിയില്‍ തീറ്റച്ചെലവ് താരതമ്യേന കുറവായിരിക്കും.

3. പൂര്‍ണമായും മേയാന്‍ വിടുന്ന സമ്പ്രദായം:- പോത്തുകുട്ടികളെ വളര്‍ത്തുന്നതിന് സ്വന്തമായി സ്ഥലമില്ലാത്തവര്‍ ഈ രീതിയില്‍ തരിശു ഭൂമിയിലും പുറമ്പോക്കിലും പാതയോരങ്ങളിലുമായി പോത്തുകളെ വളര്‍ത്തുന്നു. ചെലവു കുറഞ്ഞ ഈ രീതിയില്‍ പോത്തുകുട്ടികളുടെ വളര്‍ച്ചാനിരക്ക് കുറവായിരിക്കും. പോത്തുകളെ വെള്ളത്തില്‍ മേയാന്‍ വിടുന്നത് ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതിന് സഹായകരമാണ്. ഇത് വലോയിങ്ങ് (ണമഹഹീംശിഴ) എന്ന പേരില്‍ അറിയപ്പെടുന്നു.

തൊഴുത്ത് നിര്‍മാണം

പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്നതിന് കുറഞ്ഞ ചെലവില്‍ തൊഴുത്ത് നിര്‍മിക്കാവുന്നതാണ്. വീടിനോടു ചേര്‍ന്നോ പ്രത്യേകമായോ തൊഴുത്ത് നിര്‍മിക്കാം. തൊഴുത്ത് നിര്‍മിക്കുന്ന സ്ഥലം ഭൂ നിരപ്പില്‍ നിന്നും ഉയര്‍ന്നതും വെള്ളം കെട്ടി നില്‍ക്കാത്തതുമായിരിക്കണം. മേല്‍ക്കൂരയായി ഓലയോ ഓടോ ഉപയോഗിക്കാവുന്നതാണ്.


പോത്തിന്‍കുട്ടികളുടെ പരിപാലനവും തീറ്റയും

പോത്തിന്‍കുട്ടികളുടെ മരണ നിരക്ക് കൂടുതലായതിനാല്‍ ജനിച്ച് അരമണിക്കൂറിനകം രോഗപ്രതിരോധശേഷി നല്‍കുന്ന കന്നിപ്പാല്‍ (കൊളസ്ട്രം) നല്‍കേണ്ടതാണ്. കന്നിപ്പാലില്‍ ആവശ്യമായ പ്രോട്ടീന്‍, കൊഴുപ്പ്, വൈറ്റമിന്‍ എ, രോഗപ്രതിരോധശേഷി നല്‍കുന്ന ഇമ്മ്യൂണോ ഗ്ലോബുലിന്‍ എന്നിവ കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ആദ്യത്തെ നാലുദിവസത്തേക്ക് മൂന്നു മുതല്‍ നാലു ലിറ്റര്‍ വരെ കന്നിപ്പാല്‍ പല തവണകളായി നല്‍കേണ്ടതാണ്. തുടര്‍ന്ന് രണ്ടു മാസം വരെ ശരീര തൂക്കത്തില്‍ 1/10 ഭാഗമായ 2.5-3 ലിറ്റര്‍ പാല്‍ നല്‍കാവുന്നതാണ്. പ്രോട്ടീന്‍ കൂടുതലായി അടങ്ങിയിരിക്കുന്ന കാഫ് സ്റ്റാര്‍ട്ടര്‍ തീറ്റയും പച്ചപ്പുല്ലും കുറേശേ നല്‍കിത്തുടങ്ങാം. മൂന്നാം മാസം മുതല്‍ പാലിന്റെ അളവ് 1.5 ലിറ്ററായി ചുരുക്കുന്നു. അതോടൊപ്പം കാഫ് സ്റ്റാര്‍ട്ടര്‍ തീറ്റയും പച്ചപ്പുല്ലും അളവില്‍ ക്രമേണ വര്‍ധിപ്പിക്കുന്നു. ആറുമാസം പ്രായത്തില്‍ ഒരു കിലോഗ്രാം കാഫ് സ്റ്റാര്‍ട്ടറും 10 കിലോഗ്രാം പച്ചപ്പുല്ലും നല്‍കാം. വൈക്കോലും ആവശ്യാനുസരണം നല്‍കേണ്ടതാണ്. ആറു മാസത്തിനു മുകളില്‍ ശരീരഭാരത്തിന്റെ അടിസ്ഥാനത്തില്‍ സമീകൃതകാലിത്തീറ്റ നല്‍കാവുന്നതാണ്.


100 കിലോഗ്രാം വരെ ശരീരഭാരത്തിന് - 1.5 കിലോഗ്രാം തീറ്റയും 10 കിലോഗ്രാം പച്ചപ്പുല്ലും യഥേഷ്ടം വൈക്കോലും വെള്ളവും 200 കിലോഗ്രാം തൂക്കത്തിന് - 2.5 കിലോഗ്രാം തീറ്റ + 10 കിലോഗ്രാം പച്ചപ്പുല്ല് + യഥേഷ്ടം വൈക്കോല്‍, വെള്ളം. 200 കിലോഗ്രാമിന് മുകളില്‍ - മൂന്നു കിലോഗ്രാം തീറ്റ + 10 കിലോഗ്രാം പച്ചപ്പുല്ല് + യഥേഷ്ടം വൈക്കോല്‍, വെള്ളം. 5-6 മാസം പ്രായത്തില്‍ 60-70 കിലോഗ്രാം തൂക്കമുള്ള പോത്തിന്‍കുട്ടികളെയാണ് വളര്‍ത്താനായി വാങ്ങേണ്ടത.് ശരിയായ അളവില്‍ സമീകൃത കാലിത്തീറ്റ നല്‍കി ശാസ്ത്രീയമായി വളര്‍ത്തിയാല്‍ ദിവസേന ശരാശരി 500 ഗ്രാം വരെ ശരീരതൂക്കം വര്‍ധിക്കുന്നതായി കാണാം. 22-24 മാസം പ്രായത്തില്‍ 300-350 കിലോഗാം ശരീരഭാരമുള്ള പോത്തിനെ ഇറച്ചിക്കായി ഉപയോഗിക്കാവുന്നതാണ്. തീറ്റച്ചെലവ് കുറയ്ക്കാന്‍ ലഭ്യമായ സ്ഥലങ്ങളില്‍ ആവശ്യാനുസരണം തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കേണ്ടതാണ്. ഒരു കിലോഗ്രാം സമീകൃത കാലിത്തീറ്റയ്ക്ക് പകരമായി 10 കിലോഗ്രാം പച്ചപ്പുല്ല് തീറ്റയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ കൂട്ടിച്ചേര്‍ത്ത് പോത്തിന്‍കുട്ടികള്‍ക്ക് നല്‍കാനുള്ള സമീകൃത കാലിത്തീറ്റ തയാറാക്കാവുന്നതാണ്.

സമീകൃത കാലിത്തീറ്റ മിശ്രിതം

ചേരുവകള്‍

കടലപ്പിണ്ണാക്ക് - 35%
പുളുങ്കുരുപ്പൊടി - 15%
ഉണക്കകപ്പ - 27%
അരി തവിട് - 20%
ധാതുലവണ മിശ്രിതം - 2%
കറിയുപ്പ് - 1%
മിശ്രിതം - 2
കടലപ്പിണ്ണാക്ക് - 25%
പരുത്തിക്കുരു - 17%
ചോളം/അരി - 22%
പുളുങ്കുരുപ്പൊടി - 15%
അരി തവിട് - 18%
ധാതുലവണ മിശ്രിതം - 2%
കറിയുപ്പ് - 1%

പരമാവധി കാര്‍ഷിക ഉത്പന്നങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തി തീറ്റച്ചെലവ് കുറയ്ക്കാവുന്നതാണ്.

രോഗങ്ങള്‍

പകര്‍ച്ചവ്യാധികളായ കുളമ്പു രോഗം, കുരലടപ്പന്‍ എന്നീ രോഗങ്ങള്‍ക്കെതിരേ ഫലപ്രദമായ രോഗപ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതാണ്. വിരബാധ, ബാഹ്യപരാദബാധ എന്നിവ പോത്തുകളില്‍ വ്യാപകമായി കണ്ടുവരുന്നു. ഇവ മൂലം വളര്‍ച്ചയും പോഷകാഹാര ന്യൂനതയും വളര്‍ച്ചാ മുരടിപ്പും ഉണ്ടാകാറുണ്ട്. കൃത്യമായ ഇടവേളകളില്‍ വിരമരുന്നു നല്‍കിയാല്‍ വിരബാധ പൂര്‍ണമായും നിയന്ത്രിക്കാവുന്നതാണ്.ബാഹ്യപരാദങ്ങള്‍ക്കെതിരേ ഫലപ്രദമായ മരുന്നുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. പോത്തിന്‍കുട്ടികളെ ബാധിക്കുന്ന മറ്റു പ്രധാന രോഗങ്ങളാണ് ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട ദഹനക്കേട്, വയറുപ്പെരുക്കം എന്നിവ. തീറ്റയിലുണ്ടാകുന്ന മാറ്റം, പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ തീറ്റ എന്നിവയാണ് ദഹനക്കേടിനും വയറുപ്പെരുക്കത്തിനും കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ നല്‍കിയാല്‍ ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും.

ഡോ. ജാവേദ് ജമീല്‍ എ.
വെറ്ററിനറി സര്‍ജന്‍, പഴങ്കുളഞ്ഞി
പത്തനംതിട്ട