സോപ്പ്, ഷാംപു ഗുണദോഷങ്ങള്‍
സോപ്പ്, ഷാംപു ഗുണദോഷങ്ങള്‍
Tuesday, October 13, 2020 4:42 PM IST
ശുദ്ധീകരണവസ്തു എന്ന നിലയില്‍ സോപ്പുകള്‍ പുരാതന ഈജിപ്ഷ്യന്‍, ബാബിലോണിയന്‍ കാലം മുതല്‍ നിലവിലുണ്ട്. അവര്‍ മൃഗങ്ങളുടെ കൊഴുപ്പ്, സസ്യ എണ്ണ എന്നിവ മറ്റു ക്ഷാരവസ്തുക്കളുമായി ചേര്‍ത്താണ് സോപ്പുകളുണ്ടാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാന്‍ സോപ്പുകളില്‍തന്നെ പല വകഭേദങ്ങളുണ്ട്. മോയ്സ്ചറൈസിംഗ് സോപ്പ,് ആന്റി ഫംഗല്‍ സോപ്പ്, ആന്റി ബാക്ടീരിയല്‍ സോപ്പ്, ദ്രാവക സോപ്പ്, മരുന്നുകള്‍ ചേര്‍ന്ന സോപ്പുകള്‍ എന്നിവ ഉദാഹരണങ്ങളാണ്.

? എങ്ങനെ സോപ്പും ഷാംപുവും പ്രവര്‍ത്തിക്കുന്നു

ചര്‍മത്തിലെ അഴുക്ക്, വിയര്‍പ്പ്, സെബം എന്നിവയെ നീക്കം ചെയ്യാനായി സോപ്പുകളും മറ്റു ശുദ്ധീകരണവസ്തുക്കളും പ്രത്യേകം രൂപീകരിക്കപ്പെടുന്നവയാണ്. അവ അഴുക്ക്, എണ്ണ എന്നിവയെ പൊതിഞ്ഞ് കഴുകിക്കളയാന്‍ എളുപ്പത്തിലുള്ള പാകത്തില്‍ ആക്കിത്തരുന്നു. ചര്‍മത്തിന്റെ പുറത്തെ പാളിയായ എപ്പിഡെര്‍മസില്‍ നിന്നു നിര്‍ജീവമായ കോശങ്ങളെ സ്വാഭാവികമായി പുറംതള്ളാനും സോപ്പ് സഹായിക്കും. ഷാംപുവില്‍ ശുദ്ധീകരണ വസ്തുക്കളായി കൃത്രിമമായ ഡിറ്റര്‍ജെന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ എണ്ണയും വെള്ളവും ആകര്‍ഷിക്കുന്നവയുണ്ട്. അവ വെള്ളവും എണ്ണയും അഴുക്കുമായി ചേര്‍ന്നതിനുശേഷം ചര്‍മത്തില്‍ വെള്ളം ഉപയോഗിച്ചു കഴുകിക്കളയുമ്പോള്‍ എണ്ണയെയും അഴുക്കിനെയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതുകൊണ്ടു സോപ്പുകളും ഷാംപുവും ശുചിത്വം, ശുചിത്വ പരിപാലനം, കീടനാശിനി എന്നീ നിലകളില്‍ ചര്‍മത്തിന്റെ ആരോഗ്യം നിലനിറുത്താന്‍ സഹായിക്കുന്നു.

സോപ്പിന്റെയും ഷാംപുവിന്റേയും ദോഷങ്ങള്‍

വരണ്ട ചര്‍മം

സോപ്പുകള്‍, പ്രത്യേകിച്ച് ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ ചര്‍മത്തെ വരണ്ടതും പരുക്കനും ആക്കിത്തീര്‍ക്കും. സോപ്പുകളില്‍ ഡ്രൈളോസന്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലുള്ള സ്വാഭാവികമായ എണ്ണയെ നീക്കം ചെയ്ത് ചൊറിച്ചില്‍, ചുവപ്പ്, വീക്കം എന്നിവയുണ്ടാക്കാന്‍ കാരണമായേക്കാം.

അലര്‍ജിക് പ്രതികരണങ്ങള്‍

സോപ്പിലും ഷാംപുവിലും അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കങ്ങള്‍ ചര്‍മത്തിന് അലര്‍ജിക് പ്രതികരണങ്ങള്‍ അല്ലെങ്കില്‍ മുന്‍പേയുള്ള ചില ചര്‍മരോഗങ്ങളെ കൂട്ടാന്‍ കാരണമായേക്കാം. ചുണങ്ങ്, ചുവപ്പ്, വീക്കം, തൊലിപൊളിഞ്ഞുപോകല്‍ എന്നിവ അലര്‍ജിക് പ്രതികരണത്തിന്റെ ഭാഗമായി ചര്‍മത്തില്‍ രൂപപ്പെേക്കാം.

അവശ്യ എണ്ണകളെ നീക്കം ചെയ്യുന്നു

സോപ്പുകളുടെ അധികവും പതിവായതുമായ ഉപയോഗം ചര്‍മത്തിലെ അവശ്യ എണ്ണയെ നീക്കം ചെയ്യുന്നതുമൂലം അവയില്‍ അസ്വാസ്ഥ്യം ഉണ്ടാക്കുന്നു.


മറ്റു പ്രശ്നങ്ങള്‍

* മുടിയുടെ ഘടനയെ മാറ്റുന്നു.
* ചൊറിച്ചില്‍
* ചുണങ്ങുകള്‍
* Irritant / Allergic contact Dermatitis
* Psoriasis Atopic Dermatitis, Erythroderma എന്നീ ചര്‍മ രോഗങ്ങള്‍ കൂട്ടാനും കാരണമായേക്കാം.


ശുദ്ധീകരണ ടിപ്പുകള്‍

* ചര്‍മ മുടി പരിപാലനത്തിനു ശരിയായ ഉത്പന്നം തെരഞ്ഞെടുക്കുക
* വിുമാറാത്ത ചര്‍മരോഗമോ വരണ്ട ചര്‍മമോ ഉണ്ടെങ്കില്‍ പരമ്പരാഗതമായ ബാര്‍ സോപ്പ് ഒഴിവാക്കുകയാവും നല്ലത്.
* ദ്രാവകരൂപത്തിലുള്ള മുഖ ശുദ്ധീകരണവസ്തുക്കള്‍, ബോഡി വാഷുകള്‍ എന്നിവ തെരഞ്ഞെടുക്കുന്നതായിരിക്കും കുറേക്കൂടി ഉചിതം.
* ഇവയുടെ പിഎച്ച് മൂല്യം കുറവാണ്. മാത്രവുമല്ല ഇവയില്‍ അടങ്ങിയിരിക്കുന്ന മോയ്സ്ചറൈസറുകള്‍ ഒരു പരമ്പരാഗത സോപ്പുണ്ടാക്കുന്ന ഏതു വരള്‍ച്ചയേയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
* കഴുകുമ്പോള്‍ ചൂടുവെള്ളം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
* വെള്ളത്തില്‍ ചര്‍മം കുറേ നേരം മുക്കിവയ്ക്കരുത്. ഇതു ചര്‍മത്തില്‍ സ്വാഭാവികമായുള്ള ഈര്‍പ്പത്തെ നീക്കം ചെയ്ത് ചര്‍മം കൂടുതല്‍ വരണ്ടതാകാന്‍ കാരണമായേക്കാം.
* കഴുകി കഴിയുമ്പോള്‍ ചര്‍മത്തെ എപ്പോഴും തുടച്ച് ഉണക്കിവയ്ക്കണം.
* ശക്തമായി ചര്‍മം ഉരസുന്നത് ഒഴിവാക്കണം.
* ചര്‍മത്തെ മൃദുവായി പരിപാലിക്കുന്നതുമൂലം അവയുടെ സ്വാഭാവിക ഘടനയും ഈര്‍പ്പവും നിലനിറുത്താന്‍ സഹായിക്കും.
* കുളിച്ചതിനുശേഷം പ്രത്യേകിച്ച് ചൂടുവെള്ളത്തില്‍ കുളിച്ചതിനുശേഷം ഒരു നേര്‍ത്ത ലെയര്‍ മോയ്സ്ചറൈസിംഗ് ക്രീം അല്ലെങ്കില്‍ ലോഷന്‍ പുരുക.
* പുറത്തുപോകുമ്പോള്‍ സണ്‍ ക്രീം ഉപയോഗിക്കാന്‍ മറക്കരുത്
* ദിവസവും മുടി ഷാംപു ചെയ്യുന്നത് ശാസ്ത്രപരമായി അനാവശ്യമാണ്. ഇതു മുടിയെ വരണ്ടതാക്കാനും മുടിയുടെ അഗ്രം പിരിഞ്ഞുപോകാനും പൊിപ്പോകാനും കാരണമായേക്കാം.
* സ്ഥിരമായി ഹെയര്‍ സ്‌പ്രേ, ജെല്‍, സ്‌ട്രെയിറ്റനിംഗ്, ഹെയര്‍ സ്മൂത്തനിംഗ്, ഹെയര്‍ കളറിംഗ് എന്നിവ ചെയ്യുന്നവര്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേകതരം ഷാംപു ഉപയോഗിക്കണം.

ഡോ. റീജാമോള്‍ ഏബ്രഹാം
കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ആന്‍ഡ് കോസ്മറ്റോളജിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റല്‍,
തെള്ളകം, കോട്ടയം

തയാറാക്കിയത്: റെജി ജോസഫ്