എരുമ വളര്‍ത്തുന്നോ, ഇവ ശ്രദ്ധിക്കൂ...
എരുമ വളര്‍ത്തുന്നോ, ഇവ ശ്രദ്ധിക്കൂ...
Tuesday, February 2, 2021 4:50 PM IST
മാംസത്തിനായി പോത്തിനെ വളര്‍ത്തുന്നതുപോലെ പാലിനും കിടാക്കളെ ലഭിക്കുന്നതിനുമായി എരുമവളര്‍ത്തുന്ന കര്‍ഷകരും കേരളത്തില്‍ ധാരാളമുണ്ട്. ഒരു സംരംഭമായി ആരംഭിക്കാവുന്ന ഒന്നാണിതും. എരുമകളിലെ വന്ധ്യതയാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. വന്ധ്യതയ്ക്കു കാരണമാകുന്ന ചില പ്രധാന പ്രശ്‌നങ്ങള്‍ ശാസ്ത്രീയ പരിപാലനത്തിലൂടെ ഒഴിവാക്കാന്‍ കര്‍ഷകര്‍ക്കു സാധിക്കും. ഒപ്പം സംരംഭം ലാഭത്തിലാക്കാനുമാകും.

എരുമകളുടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സാധാരണ കര്‍ഷകര്‍ പറയാറുള്ള സ്ഥിരം പരാതികള്‍ അനവധിയാണ്. വയസു രണ്ടു കഴിഞ്ഞിട്ടും മദി കാണിക്കുന്നില്ലെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. മദിക്ക് വ്യക്തമായ ലക്ഷണങ്ങളില്ല, രണ്ടോ അതില്‍ കൂടുതലോ ദിവസങ്ങള്‍ മദി നീളുന്നു, പല തവണ കുത്തിവയ്പിച്ചാലും ഗര്‍ഭധാരണം നടക്കുന്നില്ല, 2-3 മാസം ഇടവിട്ടുള്ള മദി തുടങ്ങി പ്രശ്‌നങ്ങള്‍ അനവധിയാണ്.

പ്രായമല്ല, ശരീരമാണു പ്രധാനം

എരുമ കിടാരികളില്‍ മദിചക്രം 18- 20 ദിവസവും അമ്മമാരില്‍ 20-24 ദിവസവുമാണ്. മദി സമയം 18-24 മണിക്കൂര്‍ ആയിരിക്കും. മദിയുടെ പുറം ലക്ഷണങ്ങള്‍ ശക്തമായി പ്രകടിപ്പിക്കില്ല. പശുക്കളില്‍ മറ്റുള്ളവയുടെ പുറത്തു കയറുന്ന മദി സ്വഭാവം എരുമകള്‍ കാണിക്കില്ല. എന്നാല്‍ മദിയിലുള്ള എരുമകള്‍ പോത്തുകളെ മേലില്‍ കയറാന്‍ അനുവദിക്കുന്നു. മദിയിലല്ലെങ്കില്‍ ഇതൊരിക്കലും അനുവദിക്കുകയുമില്ല. പാല്‍ കുറയുക, കരച്ചില്‍, പതിവില്ലാതെ ഓട്ടവും ചാട്ടവും, ഇടവിട്ട് കുറഞ്ഞ അളവില്‍ മൂത്രമൊഴിക്കല്‍, ഈറ്റത്തില്‍ തടിപ്പ്, തെളിഞ്ഞ മാച്ചു പോകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൃത്യമായ നിരീക്ഷണത്തിലൂടെ മാത്രമേ എരുമകളിലെ മദി സമയം തിരിച്ചറിയാന്‍ കഴിയൂ. എരുമകള്‍ മദി കാണിക്കുന്നത് പ്രായമെത്തിയ ശേഷമാണ്. നല്ല തീറ്റക്രമം അനുവര്‍ത്തിച്ചാല്‍ 30-36 മാസത്തില്‍ ആദ്യ മദി ലക്ഷണം കാണിക്കും. ഈ സമയം 300 കിലോഗ്രാം വരെ തൂക്കവുമെത്തുന്നു. ഒന്നോര്‍ക്കുക പ്രായമല്ല, ശരീരമാണ് ഇക്കാര്യത്തില്‍ പ്രധാനം.

ബീജാധാന സമയം ശ്രദ്ധിക്കണം

എരുമകളില്‍ മദിയുടെ മധ്യഭാഗത്തും മദി അവസാനിക്കുന്നതിനു മുമ്പുമാണ് ബീജാധാനത്തിനു പറ്റിയ സമയം. അതായത് മദി തുടങ്ങി 12 മണിക്കൂറിനു ശേഷം കുത്തിവയ്പു നടത്താം. മദി തുടങ്ങിയ സമയം അറിയാത്ത സാഹചര്യത്തില്‍ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ബീജാധാനം നടത്തുകയും അടുത്ത ദിവസം മദിലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുത്തിവയ്പ് ഒന്നുകൂടി നടത്തുകയും ചെയ്യണം. രണ്ടു തവണ കുത്തിവയ്പ് നടത്തിയിട്ടും ഗര്‍ഭധാരണം നടക്കാത്തവയെയും രണ്ടില്‍ കൂടുതല്‍ ദിവസം മദി കാണിക്കുന്നവയെയും വെറ്ററിനറി ഡോക്ടറെ കൊണ്ടു പരിശോധിപ്പിക്കണം.

അബദ്ധ ധാരണകള്‍ മാറ്റണം

ബീജാധാനത്തിനു ശേഷം വെള്ളം നല്‍കരുത്, ബീജാധാനത്തിനു മുമ്പ് വെള്ളവും തീറ്റയും നല്‍കരുത്, ബീജാധാനത്തിനു ശേഷം എരുമ കിടക്കരുത്, മൂത്രമൊഴിക്കരുത് തുടങ്ങിയ കുത്തിവയ്പ് സംബന്ധിച്ച അബദ്ധ ധാരണകള്‍ മാറ്റണം. ഇവയ്‌ക്കൊന്നും ശാസ്ത്രീയ അടിത്തറയില്ല. എന്നാല്‍ ബീജാധാനത്തിനായി ഏറെ ദൂരം ഓടിച്ചുകൊണ്ടുവരിക, അടിക്കുക, വേദന നല്‍കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നു.

വേനല്‍ക്കാലമാണ് എരുമകളുടെ പ്രധാന ശത്രു. ഈ സമയത്ത് വന്ധ്യതയും പ്രശ്‌നമാകും. ഉയര്‍ന്ന ചൂട് എരുമകള്‍ സഹിക്കില്ല. മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുക, പ്രകടിപ്പിച്ചാലും ഗര്‍ഭധാരണം നടക്കാതിരിക്കുക എന്നിവയുണ്ടാകും. എന്നാല്‍ വര്‍ഷക്കാലം തുടങ്ങുന്നതോടെ ഈ പ്രശ്‌നങ്ങള്‍ ചികിത്സയില്ലെങ്കിലും അവസാനിക്കാറാണു പതിവ്. ഗര്‍ഭാശയ അണുബാധയും എരുമകളില്‍ വന്ധ്യതയു ണ്ടാക്കും. പ്രസവ സമയത്തും മദി സമയത്തും മാത്രമാണ് ഗര്‍ഭാശയം തുറക്കുന്നത്. ഈ സമയങ്ങളില്‍ അണുബാധയ്ക്കുള്ള സാധ്യ ത കൂടുന്നു. ഈ സമയത്തുണ്ടാകുന്ന പിഴവുകള്‍ അണുബാധയുണ്ടാക്കും. അതിനാല്‍ പ്രസവവും ബീജാധാനവും വിദഗ്ധ ഡോക്ടര്‍മാര്‍ തന്നെ ചെയ്യാന്‍ ശ്രദ്ധിക്കണം. പോഷക കുറവും വന്ധ്യതയുടെ കാരണമായതിനാല്‍ വെറ്ററിനറി ഡോക്ടറുടെ ഉപദേശ പ്രകാരം സമീകൃത തീറ്റക്രമം അനുവര്‍ത്തിക്കണം. പുല്ലിനും, വൈ ക്കോലിനും ഒപ്പം രണ്ടു കിലോ ഗ്രാം പാലിന് ഒരു കിലോഗ്രാം സമീകൃത കാലിത്തീറ്റ എന്ന അളവില്‍ നല്‍ കണം.

എരുമകളുടെ ഗര്‍ഭകാലം 310-315 ദിവസമാണ്. പ്രസവം കഴിഞ്ഞാല്‍ 3-4 മാസങ്ങള്‍ക്കുള്ളിലാവും മദിലക്ഷണങ്ങള്‍. ആദ്യം മദി ഒഴിവാക്കി അടുത്ത മദിയില്‍ ബീജാധാനം നട ത്താം. മൂന്നു വര്‍ഷത്തില്‍ രണ്ടു പ്രസവമെങ്കിലും കിട്ടിയാലേ എരുമ വളര്‍ത്തല്‍ വിജയകരമാകൂ. ചൂടു കൂടിയ സമയത്ത് ഗര്‍ഭധാരണ ശേഷി കുറയുമെങ്കിലും ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരയുള്ള മാസങ്ങളില്‍ ഗര്‍ഭധാരണശേഷി കൂടുതലുള്ളതായി കാണപ്പെടുന്നു. തണുത്ത കാലാവസ്ഥയും പകലിന്റെ നീളക്കുറവും കാരണമാണിത്. ഈ സമയത്ത് കാണുന്ന മദിയില്‍ കുത്തിവയ്പ് നിര്‍ബന്ധമായും ചെയ്യണം.

എരുമ കര്‍ഷകര്‍ മദിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേകിച്ച് മദി കണ്ട ദിവസം, ലക്ഷണങ്ങള്‍ തുടങ്ങിയ സമയം, അവസാനിച്ച സമയം തുടങ്ങിയ വിവരങ്ങളും കുത്തിവയ്പുമായി ബന്ധപ്പെട്ട തീയതികളും കൃത്യമായി എഴുതി സൂക്ഷിക്കുന്നത് ഏറെ സഹായകരമാകും.

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്‍റ് പ്രഫസര്‍, ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് എല്‍പിഎം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂര്‍
email: [email protected]
Ph: 9446203839