യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
Friday, February 26, 2021 3:26 PM IST
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇന്ന് വാഹനം ഓടിക്കുന്നവരാണ്. നിങ്ങളുടെ വാഹനം യൂണിഫോമിലുള്ള ഒരു ഉദ്യോഗസ്ഥന്‍ റോഡില്‍ വച്ചു പരിശോധിച്ചാല്‍ ഏതെല്ലാം രേഖകള്‍ ആണ് പരിശോധനയ്ക്കു ഹാജരാക്കേണ്ടത് എന്നു പല ഡ്രൈവര്‍മാര്‍ക്കും ശരിയായി അറിയില്ല.

നമ്പര്‍ പ്ലേറ്റില്‍ തിരിച്ചറിയാം

ആദ്യം വാഹനങ്ങള്‍ പൊതുവായി എത്ര തരം ഉണ്ടെന്ന് അറിയേണ്ടതുണ്ട്. രണ്ടു തരം വാഹനങ്ങളാണു പ്രധാനമായും റോഡില്‍ ഓടുന്നത്. ഇവയെ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ (പ്രൈവറ്റ് വാഹനങ്ങള്‍) എന്നും, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ എന്നും പറയാം. പെട്ടെന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ ഇവയുടെ നമ്പര്‍ പ്ലേറ്റ് കളര്‍ നോക്കിയാല്‍ മതി. വെള്ള നമ്പര്‍ പ്ലേറ്റില്‍ കറുത്ത അക്ഷരം ആണെങ്കില്‍ അവ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്് വാഹനങ്ങളും, മഞ്ഞ നമ്പര്‍ പ്ലേറ്റില്‍ കറുത്ത അക്ഷരം ആണെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും ആണ്. ഇതുകൂടാതെ പച്ചയില്‍ വെള്ള അക്ഷരം ആണെങ്കില്‍ ഇലക്ട്രിക് നോണ്‍ ട്രാന്‍സ്‌പോര്‍ട്ടും, പച്ചയില്‍ മഞ്ഞ അക്ഷരം ആണെങ്കില്‍ ഇലക്ട്രിക് ട്രാന്‍സ്‌പോര്‍ട്ടും, ചുമപ്പില്‍ വെള്ള അക്ഷരം ആണെങ്കില്‍ ഡീലറുടെ കൈവശമുള്ള ട്രേഡ് സര്‍ട്ടിഫിക്കറ്റും, മഞ്ഞയില്‍ ചുവപ്പ് അക്ഷരം ആണെങ്കില്‍ ടെമ്പററി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും, കറുപ്പില്‍ മഞ്ഞ അക്ഷരമാണെങ്കില്‍ റെന്റ് എ കാര്‍ എന്നിവയുമാണ്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ െ്രെഡവര്‍മാര്‍ നിര്‍ബന്ധമായും യൂണിഫോം ധരിച്ചാണ് വാഹനം ഓടിക്കേണ്ടത്.

നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഹാജരാക്കേണ്ട രേഖകള്‍ താഴെപറയുന്നവയാണ്.

1. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
2. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
3. ടാക്‌സ് ലൈസന്‍സ് / ടോക്കണ്‍
4. പൊലുഷന്‍ സര്‍ട്ടിഫിക്കറ്റ്
5. ഡ്രൈവിംഗ് ലൈസന്‍സ്

എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ആണെങ്കില്‍ മുകളില്‍ പറഞ്ഞ അഞ്ച് രേഖകള്‍ കൂടാതെ താഴെ പറയുന്ന മൂന്ന് രേഖകള്‍ കൂടി വേണം.

1. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്
2. പെര്‍മിറ്റ് (മൂന്ന് ടണ്ണില്‍ കുറവ് മൊത്തം ഭാരമുള്ള ചരക്ക് വാഹനങ്ങള്‍ ഒഴികെ)
3. ഹെവി, മീഡിയം വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജ്/ഹസാര്‍ഡ് ലൈസന്‍സ്.

ഇത്രയും രേഖകള്‍ എല്ലാം പൊതുവെ പരിശോധനയ്ക്ക് ഹാജരാക്കാന്‍ പലരും വിഷമിക്കുന്നത് കാണാറുണ്ട്. വാഹന രേഖകള്‍ ഡിജിറ്റല്‍ അല്ലാതിരുന്ന പഴയകാലത്ത് ഇവ ഓരോന്നും കണ്ടാല്‍ മാത്രമേ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ സാധുത ഉള്ളതാണോ എന്ന് അറിയാന്‍ സാധിക്കുമായിരുന്നുള്ളൂ. ആ കാലഘട്ടങ്ങളില്‍ ഏതെങ്കിലും ഒരു രേഖ കാണിച്ചില്ലെങ്കില്‍ അതിനുവരെ ഉദ്യോഗസ്ഥര്‍ കേസെടുക്കുമായിരുന്നു. പിന്നീട് ആ രേഖ ഉേദ്യാഗസ്ഥനെ കാണിക്കാനായി അദ്ദേഹത്തിന്റെ ഓഫീസില്‍ പോകണമായിരുന്നു.

എല്ലാം ഡിജിറ്റലായി

പക്ഷേ ഈ ഡിജിറ്റല്‍ യുഗത്തില്‍ മോാേര്‍ വാഹന വകുപ്പും സ്മാര്‍് ആയിട്ടുണ്ട്. വാഹങ്ങളുടെ രേഖകള്‍ എല്ലാം തന്നെ ഉദ്യോഗസ്ഥരുടെ വിരല്‍ തുമ്പില്‍ കിട്ടുന്ന തരത്തില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വരെ എത്തിക്കഴിഞ്ഞു. അതിനായി ആദ്യം മോാേര്‍ വാഹന വകുപ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ സ്മാര്‍ട്ട് മൂവ് എന്ന് പേരുള്ളതായിരുന്നു. എന്നാല്‍ 2019 ല്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ ഏറ്റവും പുതിയ വെബ് സൈറ്റ് ആയ പരിവാഹന്‍ ( www.parivahan.gov.in ) വന്നതോടു കൂടി കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി. ഇന്ത്യയിലുള്ള എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും അവയുടെ എല്ലാവിധ രേഖകളുടെയും സാധുത കാലയളവ് കൂടി ഈ വെബ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതുമൂലം പരിവാഹന്‍ വെബ്‌സൈറ്റില്‍ പരിശോധനാ ഉദ്യോഗസ്ഥന്മാര്‍ക്ക് വാഹനത്തിന്റെ മേല്‍പ്പറഞ്ഞ എല്ലാ ഡീറ്റെയില്‍സും കാണാന്‍ സാധിക്കും.



ആയതിനാല്‍ വാഹനം കാണുന്ന പരിശോധന ഉദ്യോഗസ്ഥന്‍ ആ വാഹനം നിര്‍ത്തി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വാഹനം നിര്‍ത്തുന്നതിനോടൊപ്പം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ എന്റര്‍ ചെയ്താല്‍ ആ വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണില്‍ കാണാന്‍ സാധിക്കും. വാഹനത്തിന്റെ രേഖകളൊന്നും തന്നെ ഡ്രൈവറോട് ആവശ്യപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ഡ്രൈവര്‍ തന്റെ വാഹനത്തിന്റെ രേഖകള്‍ ഡിജിറ്റല്‍ ഫോമില്‍ എങ്കിലും ഉദ്യോഗസ്ഥനെ കാണിക്കേണ്ടതാണ്.

രേഖകള്‍ എങ്ങനെ ഹാജരാക്കാം

വാഹനമോടിക്കുന്ന ഡ്രൈവര്‍ക്ക് തന്റെ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ മൂന്ന് മാര്‍ഗങ്ങളാണ് ഉള്ളത്.

ഒന്നാമത്തെ മാര്‍ഗം എല്ലാ രേഖകളുടെയും ഒറിജിനല്‍ / ഫോട്ടോ കോപ്പി വാഹനത്തില്‍ സൂക്ഷിക്കുക എന്നുള്ളതാണ്. എന്നാല്‍ അത് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നു കരുതി അവയൊന്നും പലരും വാഹനത്തില്‍ സൂക്ഷിക്കാറില്ല.

രണ്ടാമത്തെ മാര്‍ഗം ഈ പറയുന്ന എല്ലാ രേഖകളും ഡിജി ലോക്കറില്‍ അപ്‌ലോഡ് ചെയ്തു സൂക്ഷിക്കുക എന്നുള്ളതാണ്. പരിശോധന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഡിജിലോക്കര്‍ ഓപ്പണ്‍ ചെയ്തു എല്ലാ രേഖകളും കാണിക്കാം. എല്ലാ രേഖകളും തന്റെ മൊബൈലില്‍ തന്നെ കാണിക്കാവുന്നതാണ്.

മൂന്നാമത്തെ മാര്‍ഗ്ഗം ഡ്രൈവറിന് തന്റെ സ്മാര്‍ട്ട് ഫോണില്‍ പ്ലേസ്‌റ്റോറില്‍ നിന്നും എംപരിവാഹന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു വയ്ക്കാം. പരിശോധന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ വാഹനത്തിന്റെ നമ്പറോ ഡ്രൈവിംഗ് ലൈസന്‍സിന്റെ നമ്പറോ എംപരിവാഹ നില്‍ എന്റര്‍ ചെയ്താല്‍ ഈ എല്ലാ രേഖകളുടെയും വിവരങ്ങള്‍ അതില്‍ ലഭ്യമാകും. അത് പരിശോധന ഉദ്യോഗസ്ഥനെ കാണിക്കാം.

എന്നിരുന്നാലും മോട്ടോര്‍ വെഹിക്കിള്‍സ് (ഡ്രൈവിംഗ്) റെഗുലേഷന്‍സ്, 2017 ലെ സെക്ഷന്‍ 38 ല്‍ വളരെ വ്യക്തമായി പറയുന്നത് നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹ നങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റും ഒറിജിനലോ, ഫോട്ടോ കോപ്പിക ളോ ഉണ്ടായിരിക്കണം എന്നാണ്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ എല്ലാ രേഖകളുടെയും ഒറിജിനലുകളും സൂ ക്ഷിക്കണം എന്നുമാണ്.

ഇ ചെലാന്‍

ഇപ്പോള്‍ പരിശോധന ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങളുടെ / ഡ്രൈവറുടെ കുറ്റകൃത്യങ്ങള്‍ക്ക് കേസ് എടു ക്കുന്നതിനായി ഇ ചെലാന്‍ (echallan. parivahan.gov.in) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ഉപയോഗിച്ചുവരുന്നുണ്ട്. പരിശോധന ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ യൂസര്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് ഇ ചെല്ലാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യാം. ഒന്നോ രണ്ടോ മിനിറ്റുകൊണ്ടുതന്നെ കേസ് ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം. അതേ നിമിഷം തന്നെ പരിവാഹന്‍ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യാവുന്നതുമാണ്. അപ്‌ലോഡ് ആയാല്‍ ഉടന്‍ തന്നെ വാഹന ഉടമസ്ഥന്റെ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് സന്ദേശം ഓാേമാറ്റിക് ആയി എത്തും. ഈ കേസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനും പിഴ അടച്ച് തീര്‍ക്കുവാനുള്ള ഒരു ലിങ്ക് വരെ ഉള്ള ഒരു സന്ദേശമാണ് ഉടമസ്ഥന് ലഭിച്ചിട്ടുണ്ടാവുക. വാഹനത്തിന്റെ രേഖകള്‍ കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് നമ്പര്‍ അറിയാമെങ്കില്‍ ആ ഡ്രൈവിംഗ് ലൈസന്‍സിന്റെ മുഴുവന്‍ വിവരങ്ങളും ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും.

എന്‍. വിനോദ് കുമാര്‍
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍,തൃശൂര്‍