അസ്ഥിശോഷണം കരുതിയിരിക്കാം
അസ്ഥിശോഷണം കരുതിയിരിക്കാം
ജീവിതം ഒരു ഹ്രസ്വദൂര ഓട്ടത്തില്‍നിന്ന്, ദീര്‍ഘദൂര ഓട്ടമായി മാറിക്കൊണ്ടിരിക്കുന്നു. (Life is becoming more like a marathon, than a sprint) യുണൈറ്റഡ് നേഷന്‍സിന്‍റെ ഏഴാമത് സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ വാക്കുകള്‍, ഒരു ദീര്‍ഘദൂര ഓട്ടംപോലെ ദൈര്‍ഘ്യം കൂടിവരുന്ന മനുഷ്യായുസിനെയും തന്മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.

ആഗോള വ്യാപകമായി പ്രായമായവരില്‍ കണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട അസ്ഥിരോഗമാണ് അസ്ഥിശോഷണം, അസ്ഥിക്ഷയിക്കല്‍, അസ്ഥിദ്രവിക്കല്‍ എന്നിങ്ങനെ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ഓസ്റ്റിയോ പൊറോസിസ് എന്ന രോഗം. ജീവിതശൈലിയിലും ഭക്ഷണ രീതിയിലും പ്രവര്‍ത്തനമേഖലയിലും ഉണ്ടായിട്ടുള്ള സമൂലമായ മാറ്റങ്ങള്‍ പ്രായമായവരില്‍ മാത്രം കണ്ടിരുന്ന അസ്ഥിശോഷണംപോലെ പല രോഗങ്ങളും ചെറുപ്പക്കാരിലേക്കും കടന്നു വരുന്നതിന്റെ സൂചനയാണ്. വികസിത വികസ്വര രാജ്യങ്ങളുടെ ആരോഗ്യ ബജറ്റിനെ തകിടംമറിക്കുന്ന രീതിയില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ രോഗാവസ്ഥ സര്‍വസാധാരണമായി ക്കൊണ്ടിരിക്കുന്നു.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 50 വയസിനു മുകളിലുള്ള മൂന്നു സ്ത്രീകളില്‍ ഒരാള്‍ക്കും അഞ്ചു പുരുഷന്മാരില്‍ ഒരാള്‍ക്കും അസ്ഥിശോഷണം ഉണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഈ രോഗത്തിന് അടിമകളാണ്. വ്യക്തമായ കണക്കുകള്‍ ഇല്ലെങ്കിലും ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ലോകാരോഗ്യ സംഘടന വളരെ വിപുലമായ ബോധവത്കരണ പദ്ധതികളും ചികിത്സാ മാര്‍ഗരേഖകളും ആവിഷ്‌കരിച്ചു അസ്ഥിക്ഷയത്തിനെതിരായ യുദ്ധം നയിച്ചുകൊണ്ടിരിക്കുന്നു. 1996 മുതല്‍ ഒക്ടോബര്‍ 20 ലോക ഓസ്റ്റിയോ പൊറോസിസ് ദിനമായി ആചരിക്കുന്നു.

എന്താണ് ഓസ്റ്റിയോ പൊറോസിസ്?

അസ്ഥിയുടെ സ്വാഭാവികമായ ബലം നഷ്ടപ്പെട്ട് ഒരു അരിപ്പപോലെ നിരവധി സുഷിരങ്ങള്‍ ഉണ്ടാകുന്നതിനെയാണ് ഓസ്റ്റിയോ പൊറോസിസ് എന്ന പദംകൊണ്ട് അര്‍ഥമാക്കുന്നത്. അസ്ഥികളുടെ ഘടനയിലുണ്ടാകുന്ന ഈ വ്യതിയാനം മൈക്രോസ്‌കോപ്പിലൂടെ മാത്രമേ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. അസ്ഥിക്ക് ബലം നല്കുന്ന, തലമുടിയേക്കാള്‍ സൂക്ഷ്മങ്ങളായ നാരുകള്‍ വളരെ നേര്‍ത്തും ശോഷിച്ചും അനാരോഗ്യം ഉള്ളതായും പൊട്ടിപ്പോയതായും കാണപ്പെടുന്നു. എന്നാല്‍ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് നോക്കുമ്പോള്‍ അസ്ഥിക്ക് യാതൊരു രോഗവും ഉള്ളതായി തോന്നുകയില്ല. അസ്ഥിയുടെ എല്ലാ ഘടകങ്ങളും ഒന്നുപോലെ ശോഷിച്ച് അസ്ഥിപിണ്ഡം കുറയുന്നതിനെയാണ് ഓസ്റ്റിയോ പൊറോസിസ് എന്നു വിളിക്കുന്നത്. ഒരു ചെറിയ കാറ്റടിക്കുമ്പോള്‍ ഉണങ്ങിയ മരച്ചില്ലകള്‍ ഒടിഞ്ഞു വീഴുന്നതുപോലെ ഒന്നു കാലിടറിയാല്‍ ഈ രോഗികളുടെ അസ്ഥികള്‍ ഒടിഞ്ഞ് നുറുങ്ങും. തട്ടുക, മുട്ടുക, ചുമയ്ക്കുക, തുമ്മുക, ചെറുതായി ഒന്നു വീഴുക തുടങ്ങിയ വളരെ നിസാരക്ഷതങ്ങളിലൂടെ അസ്ഥികള്‍ പലതായി ഒടിയുന്നത് ഈ രോഗികളില്‍ സര്‍വസാധാരണമാണ്.

രോഗലക്ഷണങ്ങള്‍

പ്രകടമായ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെതന്നെ ഒരു വ്യക്തിയില്‍ അസ്ഥിശോഷണം നടന്നുകൊണ്ടിരിക്കാം എന്നുള്ളതാണ് ഈ രോഗത്തിന്റെ ഏറ്റവും ഭയാനകമായ മുഖം. ബലം നഷ്ടപ്പെട്ട അസ്ഥികള്‍ ഒരു ചെറിയ ക്ഷതം മൂലം ഒടിയുമ്പോഴാണ് ഓസ്റ്റിയോ പൊറോസിസ് എന്ന രോഗത്തെ നാം കണ്ടുമുട്ടുന്നത്. ഒരു കള്ളനെപ്പോലെ നിശബ്ദനായി കടന്നുവന്ന് അസ്ഥിയുടെ ബലം കവര്‍ന്നെടുത്ത് ദുരന്തം വിതയ്ക്കുന്ന അസ്ഥിശോഷണത്തെ നിശബ്ദ കള്ളന്‍ എന്നാണ് വിളിക്കുന്നത്. ഈ രോഗികള്‍ക്ക് വലിയ ആഘാതങ്ങള്‍ ഉണ്ടായാല്‍ അസ്ഥികള്‍ പല കഷണങ്ങളായി ഒടിയുന്നതും കാണാറുണ്ട്. പ്രധാനമായും ഈ ഒടിവുകള്‍ സംഭവിക്കുന്നത് നെട്ടല്ലിനും ഇടുപ്പിലെ അസ്ഥിക്കും കൈക്കുഴയോടു ചേര്‍ന്നുള്ള റേഡിയസ് എന്ന അസ്ഥിക്കും ആണ്.

മിന്നുന്നതെല്ലാം പൊന്നല്ല

അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും അനുബന്ധ പ്രശ്‌നങ്ങളും എപ്പോഴും ഓസ്റ്റിയോ പൊറോസിസ് കൊണ്ട് ആകണമെന്നില്ല. പ്രായമായവരുടെ അസ്ഥിയെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ മയലോമ എന്ന കാന്‍സര്‍ രോഗം, തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവര്‍ത്തനം, പ്രവര്‍ത്തനമന്ദത, പാരാ തൈറോയ്ഡ്ഗ്രന്ഥിയുടെ അമിത പ്രവര്‍ത്തനം എന്നിങ്ങനെ വിവിധങ്ങളായ രോഗങ്ങളും അസ്ഥികളുടെ ബലക്കുറവിന് കാരണങ്ങളാകും എന്ന അറിവ് വിദഗ്ധമായ വൈദ്യസഹായം തേടുന്നതിന് മതിയായ കാരണമാണ്.

രോഗനിര്‍ണയവും സ്ഥിരീകരണവും

പ്രാഥമികമായി നടത്തുന്ന എക്‌സ്‌റേ പരിശോധനയില്‍ അസ്ഥികളില്‍ കാണുന്ന സാന്ദ്രത കുറവ് തന്നെ അസ്ഥിശോഷണത്തിന്റെ വ്യക്തമായ സൂചനയാണ്. പ്രത്യേകതരം അള്‍ട്രാ സൗണ്ട് പരിശോധനകൊണ്ടും അസ്ഥിയുടെ ബലം ഏകദേശം കണ്ടുപിടിക്കാന്‍ സാധിക്കും. ഇന്നു പല മെഡിക്കല്‍ ക്യാമ്പുകളിലും അനേകം രോഗികളില്‍ പെെട്ടന്നുതന്നെ ഓസ്റ്റിയോ പൊറോസിസ് ഉണ്ടോ എന്ന് കണ്ടുപിടിക്കുവാനുള്ള ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് ആയി ഇത് ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ ഏറ്റവും കൃത്യതയോടെ രോഗനിര്‍ണയം സാധിക്കുന്നത് DEXA SCAN (DUAL ENERGY X-RAY ABSORPTIOMETRY) ഉപയോഗിച്ച് BMD (Bone Mineral Denstiy) അഥവാ അസ്ഥിയുടെ സാന്ദ്രത കണ്ടുപിടിക്കുമ്പോഴാണ്. രോഗിയുടെ ആങഉ, 30 വയസുള്ള ആരോഗ്യവാനായ ഒരേ ലിംഗത്തില്‍പ്പെട്ട ഒരു വ്യക്തിയുടെ ബിഎംഡിയുമായി തുലനം ചെയ്യുമ്പോള്‍ കിട്ടുന്ന T-Score, - 205 SD നെക്കാള്‍ കുറവാണെങ്കില്‍ ഓസ്റ്റിയോ പൊറോസിസ് ഉണ്ടെന്നു തീര്‍പ്പ് കല്പിക്കാം.


മറഞ്ഞിരിക്കുന്ന ഈ രോഗത്തെ ചിലപ്പോള്‍ കണ്ടുമുുന്നത് വളരെ യാദൃശ്ചികമായിട്ടാണ്. മറ്റു പല രോഗങ്ങളുടെയും രോഗനിര്‍ണയത്തിന്റെ ഭാഗമായി നടത്തുന്ന എക്‌സ്‌റേ പരിശോധനയില്‍ അസ്ഥിശോഷണത്തിന്റെ സൂചന ലഭിക്കാം. നടുവേദനയും പുറംവേദനയുമായി വരുന്ന പല രോഗികളിലും തുടര്‍ന്നുള്ള പരിശോധനകളില്‍ ഓസ്റ്റിയോ പൊറോസിസ് അനാവരണം ചെയ്യപ്പെടുന്നു. പ്രായത്തോടൊപ്പം ക്രമേണ കൂടിവരുന്ന നെല്ലിന്റെ കൂന് (മുമ്പോട്ടുള്ള വളവ്) അസ്ഥി ശോഷണത്തിന്റെ ശക്തമായ സൂചനയാണ്. ഈ രോഗത്തിന്റെ വളരെ സങ്കടകരമായ ഒരു ഭാവമാണ്, രോഗിയുടെ പൊക്കം ക്രമേണ കുറഞ്ഞു പോകുന്ന അനുഭവം. രോഗി അറിയാതെതന്നെ നെട്ടല്ലിന്റെ പല ഭാഗത്തുണ്ടാകുന്ന ഒടിവുകളും നെട്ടല്ലിന്റെ മുന്നോട്ടുള്ള വളവുമാണ് പൊക്കം കുറയുന്നതിന് കാരണങ്ങളാകുന്നത്.


ചികിത്സയും പ്രതിവിധിയും

അസ്ഥിക്ഷയ ചികിത്സയ്ക്ക് ലോകമെമ്പാടും ഊന്നല്‍ നല്കുന്നത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രോഗം മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനുമാണ്. മുപ്പത് വയസ് വരെയുള്ള കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ അസ്ഥി നിര്‍മിക്കപ്പെടുന്നത്. ഏകദേശം 30 വയസോടുകൂടി അസ്ഥിയുടെ ബലവും കരുത്തും വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയില്‍ എത്തിച്ചേരും. Peak Bone Mass(ഏറ്റവും ഉയര്‍ന്ന അസ്ഥിപിണ്ഡം) എന്നാണ് ശാസ്ത്രലോകം അസ്ഥിയുടെ ഈ അവസ്ഥയെ വിളിക്കുന്നത്. മുപ്പതു വയസോടുകൂടി ഏറ്റവും ഉയര്‍ന്ന അസ്ഥിപിണ്ഡം ആര്‍ജിക്കുവാനുള്ള ശ്രമം ശൈശവത്തില്‍തന്നെ തുടങ്ങിയിരിക്കുന്നു. വളരെ ഉയര്‍ന്ന അസ്ഥിപിണ്ഡം ഉള്ളവര്‍ക്ക് അസ്ഥിക്ഷയം ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണെന്നുള്ളതാണ് ഇതിനടിസ്ഥാനം. അസ്ഥിയുടെ ഘടനയിലും നിര്‍മാണത്തിലും പ്രധാന പങ്കുവ ഹിക്കുന്ന വിവിധങ്ങളായ പ്രോട്ടീനുകളും കാത്സ്യം, ഫോസ്ഫറസ് മുതലായ ലവണങ്ങളും ലഭ്യമാകുന്ന ഭക്ഷണക്രമം കുട്ടികളിലും ചെറുപ്പക്കാരിലും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. കായികാധ്വാനവും നടപ്പ്, ഒട്ടാം, ചാട്ടം, ഡാന്‍സ് എന്നീ വ്യായാമങ്ങളും ഉയര്‍ന്ന അസ്ഥിപിണ്ഡം ഉണ്ടാകുന്നതിന് സഹായകമാണ്. ആരോഗ്യവാനായ ഒരു വ്യക്തിക്ക് ദിനംപ്രതി 1000 മില്ലിഗ്രാം കാത്സ്യവും 400 ഇന്റേണല്‍ യൂണിറ്റ് വിറ്റാമിന്‍ ഡിയും അസ്ഥിയുടെ ബലം നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. അതുകൊണ്ട് ധാരാളം കാത്സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയ ഭക്ഷണക്രമം നമ്മുടെ ജീവിതശൈലിയായി മാറണം. സൂര്യപ്രകാശത്തിലൂടെ ധാരാളം വിറ്റാമിന്‍ ഡി ലഭിക്കുന്നതിനാല്‍ രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുറച്ച് സമയം വെയില്‍ കൊണ്ടാല്‍ തന്നെ ആവശ്യത്തിനു വിറ്റാമിന്‍ ഡി ലഭിക്കും.

അസ്ഥിക്ഷയം ഉള്ളവര്‍ വീഴാതിരിക്കാനും വീണാല്‍തന്നെ ഒടിവ് സംഭവിക്കാതിരിക്കാനുമുള്ള മുന്‍കരുതലുകളെപ്പറ്റി ശാസ്ത്രലോകം ഇന്ന് ധാരാളം പഠനങ്ങള്‍ നടത്തുകയും നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട്. പ്രായമായവര്‍ ഉപയോഗിക്കുന്ന മുറികളില്‍ നല്ല വെളിച്ചം നല്കുന്ന സംവിധാനങ്ങള്‍, തെന്നിപ്പോകാത്ത തറ, ഭിത്തിയില്‍ പല ഭാഗങ്ങളിലായി ഉറപ്പിക്കാവുന്ന കൈപിടികള്‍, നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ സഹായിക്കുന്ന വാക്കറുകള്‍, ഊന്നുവടികള്‍ എന്നിവയെല്ലാം വീഴ്ച ഒഴിവാക്കാന്‍ സഹായകങ്ങളാണ്. അപ്രതീക്ഷിതമായി വീണുപോയാല്‍തന്നെ അസ്ഥികള്‍ക്ക് ക്ഷതം സംഭവിക്കാതിരിക്കാനുള്ള ശരീര ഉറകളുടെ പരീക്ഷണം വിവിധ രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു ശുഭവാര്‍ത്തയാണ്.

ഉന്നതിയില്‍ നില്‍ക്കുന്ന അസ്ഥിപിണ്ഡം മുപ്പത് വയസിനുശേഷം ക്രമേണ കുറയാന്‍ തുടങ്ങും. മുപ്പതു വയസുവരെ അസ്ഥി നിര്‍മാണം, അസ്ഥി നീക്കം ചെയ്യപ്പെടുക എന്ന പ്രക്രിയകള്‍ വളരെ കൂടുതലാണെങ്കിലും 30- 45 വയസുവരെ അസ്ഥി നിര്‍മാണവും അസ്ഥി നഷ്ടപ്പെടലും ഒപ്പത്തിനൊപ്പം ഒരു സന്തുലിതാവസ്ഥ കൈവരിക്കുന്നു. ആര്‍ത്തവവിരാമംമൂലം സ്ത്രീകളില്‍ 45 വയസിനുശേഷവും പുരുഷന്മാരില്‍ കുറച്ചുകൂടി വര്‍ഷങ്ങള്‍ കഴിഞ്ഞും അസ്ഥി നഷ്ടപ്പെടുന്നത് അസ്ഥി നിര്‍മാണത്തെക്കാള്‍ വളരെ മടങ്ങ് കൂടുതലായിരിക്കും. സ്‌ത്രൈണവഗ്രന്ഥി സ്രവമായ ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ അഭാവംമൂലമാണ് സ്ത്രീകളില്‍ ആര്‍ത്തവാനന്തരം വളരെ പെട്ടെന്ന് അസ്ഥികളുടെ ബലം കുറയുന്നത്. എഴുപത്തഞ്ച് വയസിനുശേഷം സ്ത്രീ പുരുഷഭേദ മെന്യേ എല്ലാവരിലും അസ്ഥിശോഷണം സംഭവിക്കുകയും അസ്ഥിപിണ്ഡം ഗണ്യമായി കുറയുകയും ചെയ്യുന്നു.

അസ്ഥിശോഷണത്തിന്റെ ചികിത്സ പ്രധാനമായും അസ്ഥിനീക്കം ചെയ്യുന്ന പ്രക്രിയയെ തടയുന്ന മരുന്നുകളും അസ്ഥിനിര്‍മാണ പ്രക്രിയയെ സഹായിക്കുന്ന മരുന്നുകളും ഉപയോഗിച്ചുകൊണ്ടാണ് (Bone Forming Agents) വിജയം വരിക്കുന്നത്. ആര്‍ത്തവാനന്തര അസ്ഥിശോഷണത്തിന് ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി ഫലവത്താണെങ്കിലും വളരെയധികം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ പല മരുന്നുകളും ഇന്ന് ലഭ്യമാണ്. അസ്ഥിക്ഷയം ചികിത്സിക്കുന്നതിന് വളരെ ഫലപ്രദമായ അനേകം മരുന്നുകള്‍ ഇന്ന് ലഭ്യമാണെങ്കിലും ഒരു ഡോക്ടറുടെ നിര്‍ദേശവും മേല്‍നോട്ടവും ഇല്ലാതെ നെറ്റില്‍ ലഭിക്കുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ ഈ മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നത് അപകടകരമാണ്. ഓസ്റ്റിയോ പൊറോസിസ് മൂലമുണ്ടായ ഒടിവുകള്‍ ചികിത്സിക്കുന്നത് വളരെ ശ്രമകരമായ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണ്. അസ്ഥികള്‍ക്ക് സംഭവിച്ചിുള്ള അമിതമായ ബലക്കുറവുമൂലം വളരെ വിദഗ്ധരായ ഡോക്ടര്‍മാരുടെ അധ്വാനംപോലും പലപ്പോഴും പരാജയപ്പെടാറുണ്ട്..

നമ്മുടെ ഭവനത്തിലേക്കൊരു എത്തിനോട്ടം

ഓസ്റ്റിയോ പൊറോസിസിനെപ്പറ്റി അവബോധം വളര്‍ത്താന്‍ ഡോക്ടര്‍മാരുടെ സമൂഹവും സന്നദ്ധസംഘടനകളും ലോകാരോഗ്യസംഘടനയും സര്‍ക്കാരുകളും വിവിധങ്ങളായ കര്‍മപരിപാടികള്‍ ആഗോളവ്യാപകമായി ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു. നമ്മുടെ ഭവനത്തിലുള്ള ആര്‍ക്കെങ്കിലും ഈ രോഗം ഉണ്ടോ എന്ന് കണ്ടുപിടിച്ച് ഉണ്ടെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കി അസ്ഥിശോഷണം മൂലം നമ്മുടെ ഭവനത്തിലേക്ക് കടന്നുവരാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കുക എന്ന വ്യക്തിപരമായ ഉത്തരവാദിത്വം നാം ഓരോരുത്തരും ഏറ്റെടുക്കാന്‍ ഇന്നുതന്നെ പ്രതിജ്ഞാബദ്ധരാകാം.

പ്രഫ. ഡോ. പി.എസ്. ജോണ്‍
അസ്ഥിരോഗവിഭാഗം മേധാവി, പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല