പ്രസവരക്ഷ ആയുർവേദത്തിൽ
പ്രസവരക്ഷ ആയുർവേദത്തിൽ
Monday, September 6, 2021 4:10 PM IST
ആയുർവേദത്തിൽ പ്രസൂതിതന്ത്രം എന്ന പാഠഭാഗത്താണ് ഗർഭിണി പരിചരണവും പ്രസവശേഷമുള്ള ചികിത്സാവിധികളും പ്രതിപാദിക്കുന്നത്. സൽസന്താനത്തിന്‍റെ ജനനത്തിനായി സ്ത്രീയും പുരുഷനും അനുഷ്ഠിക്കേണ്ട ശാരീരിക മാനസിക ആരോഗ്യകാര്യങ്ങളാണ് ഗർഭിണീചര്യയിൽ പറയുന്നത്. എന്നാൽ, അതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്നതാണ് പ്രസവശേഷം നൽകുന്ന പ്രസവരക്ഷാവിധികൾ.

കുറച്ചുനാൾ മുന്പ് ആധുനികവത്കരണത്തിന്‍റെ ലേബലിൽ പരന്പരാഗത ചികിത്സാവിധികൾക്ക് കോട്ടം തട്ടിയിരുന്നു. എങ്കിലും ഇപ്പോൾ അവ പൂർവാധികം ശക്തിയായി തന്നെ തിരിച്ചുവന്നിരിക്കുന്നു. പഴയകാലത്ത് വീട്ടിൽ നൽകിയിരുന്ന പരിചരണങ്ങൾ ഇന്ന് എല്ലാ തനിമയോടും ഉത്തരവാദിത്വത്തോടും കൂടി ആയുവേദ ആശുപത്രികളിൽ ലഭ്യമാണ്. അതിനാൽതന്നെ പ്രസവരക്ഷ എന്ന പേരിൽ ചെയ്തിരുന്ന പല കാര്യങ്ങളും ഉദാഹരണത്തിന്, അതിയായ ചൂടുവെള്ളം ദേഹത്ത് ഒഴിക്കുക, ചൂടു കിഴി പിടിക്കുക, പച്ചമരുന്നുസേവ, വെള്ളം കുടിക്കാൻ കൊടുക്കാതിരിക്കുക ഇങ്ങനെ ആയുർവേദത്തിന്‍റെ പേരിൽ നടത്തിക്കണ്ടിരിക്കുന്ന ശാസ്ത്രീയമല്ലാത്ത പല ആചാരങ്ങളിൽ നിന്നും മുക്തി ലഭിച്ചിരിക്കുന്നു.

കേരളത്തിൽ തെക്കു മുതൽ വടക്കുവരെ പ്രാദേശികമായി പല തരത്തിൽ പ്രസവരക്ഷ പ്രത്യേകിച്ച് ഒൗഷധസേവ ചെയ്തുവരുന്നുണ്ട്. ശാസ്ത്രീയമായി ചെയ്യുന്ന ചികിത്സകളിൽ വലിയ വ്യത്യാസം ഉണ്ടാകുന്നില്ല. പ്രസവശേഷം 45 ദിവസം വരെയോ അടുത്ത ആർത്തവം കാണുന്നതുവരെയോ സ്ത്രീയെ ’സൂതിക’ എന്നുവിളിക്കുന്നു. അമ്മയേയും കുഞ്ഞിനേയും പരിചരിക്കാൻ ബന്ധുവായ ഒരു സ്ത്രീ കൂടെയുണ്ടാകേണ്ടതുണ്ട്. നോർമൽ പ്രസവം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ആശുപത്രി വിടാനാകും. മൂന്നു നാലു ദിവസം കഴിക്കാനുള്ള മരുന്നുകൾ ഗൈനക്കോളജിസ്റ്റ് നൽകും. അതിനുശേഷമാണ് ആയുർവേദ മരുന്നുകൾ തുടങ്ങുന്നത്. ഗർഭാശയം ചുരുങ്ങുന്നതും ഗർഭാശയശുദ്ധിക്കും മുറിവുണങ്ങുന്നതിനും വേദന കുറയ്ക്കുന്നതിനുമാണ് ഒൗഷധം.

പ്രസവശേഷം നിങ്ങളുടെ അടുത്തുള്ള അല്ലെങ്കിൽ പരിചയമുള്ള ഒരു ആയുർവേദ ഡോക്ടറോടു ഫോണിൽകൂടിയെങ്കിലും സംസാരിച്ചതിനുശേഷം മാത്രം ഒൗഷധങ്ങൾ വാങ്ങുക. കാരണം ഓരോ വ്യക്തിയുടേയും ദനഹശക്തി, ശരീരപ്രകൃതി, മറ്റ് അനുബന്ധ വിഷമതകൾ, ശരീരഭാരം, ഉറക്കത്തിന്‍റെ ഗതി, മലബന്ധം ഇങ്ങനെ ധാരാളം കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് മരുന്ന് നിർദേശിക്കുന്നത്. പേറ്റുമരുന്ന് എന്ന പേരിൽ കുറച്ചു പൊടികളോ ലേഹ്യങ്ങളോ കഴിക്കുന്നതല്ല ആയുർവേദ രക്ഷ.

സസ്യാഹാരം ഉത്തമം

ആദ്യത്തെ കുറച്ചു ദിവസം ശരീരവേദനയും ക്ഷീണവും ഉണ്ടാകാം. ഇതിനായി പഞ്ചകോലചൂർണം പൊടിച്ചു കഞ്ഞിയിൽ നെയ്യും ചേർത്തു കൊടുക്കാറുണ്ട്. വൈദ്യ നിർദേശപ്രകാരം ദശമൂലാരിഷ്ടം, അശോകാരിഷ്ടം, പഞ്ചകോലാസവം ഇവ നൽകാം. കുടിക്കാനായി മല്ലി, ജീരകം ഇവയിട്ട് തിളപ്പിച്ച വെള്ളം കൊടുക്കാം. ഈ ദിവസങ്ങളിൽ ആഹാരം വളരെ ലഘുവായിട്ടുള്ളതും ചെറുചൂടുള്ളതുമായിരിക്കണം. അഞ്ചാം ദിവസം മുതൽ സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങാം.

നല്ല വിശപ്പും ദഹനവുമുണ്ടെങ്കിൽ ചോറിനൊപ്പം അൽപം വെണ്ണയോ നെയ്യോ ചേർത്ത് കഴിക്കാം. മുട്ട, മാംസവർഗങ്ങൾ, പരിപ്പ് വർഗങ്ങൾ, അധികം മസാലയടങ്ങിയ ആഹാരങ്ങൾ, എണ്ണ പലഹാരങ്ങൾ ഇവ കുറച്ചു ദിവസം കൂടി ഒഴിവാക്കുന്നതാണ് നല്ലത്.

ഇതോടൊപ്പംതന്നെ ശരീരസ്ഥിതി അനുസരിച്ച്, കഷായം, അരിഷ്ടം, ചൂർണം, ലേഹ്യം എന്നിവ കഴിച്ചു തുടങ്ങാം. പ്രസവാനന്തരം തളർന്നിരിക്കുന്ന ശരീരത്തെ ബാധിക്കുന്ന ഏതുരോഗവും പ്രത്യേകിച്ച് ഉദരരോഗങ്ങൾ ദീർഘനാൾ നിലനിൽക്കുന്നതായി കണ്ടുവരുന്നു. അതിനാൽ കഴിക്കുന്ന ആഹാരം വിഷരഹിതവും എരിവ്, പുളി, മസാല ഇവ അധിമാകാത്തതും ആയിരിക്കണം. എരിവിനു കുരുമുളകും പുളിയ്ക്കായി കുടംപുളിയുമാണ് ഉത്തമം. ചുവന്നുള്ളി, വെളുത്തുള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, പാവയ്ക്ക,പടവലം, കോവയ്ക്ക, ചെറുപയർ ഇവ നന്നാണ്. മത്സ്യം, മാംസം, മുട്ട ഇവ 21 ദിവസം കഴിഞ്ഞ് ഉപയോഗിച്ചു തുടങ്ങാം. ഇലക്കറികൾ, പുളിയില്ലാത്ത പഴവർഗങ്ങൾ ഇവ കഴിക്കാം. മാംസരസം/ സൂപ്പ് ഇവ ശരീര പ്രകൃതിയനുസരിച്ച് ഉൾപ്പെടുത്താം.

കുഞ്ഞിന്‍റെ പുഷ്ടി അമ്മയുടെ മുലപ്പാലിൽ നിന്നാകയാൽ അമ്മ സമീകൃതാഹാരം ശീലിക്കണം. എന്നാൽതന്നെ, അമ്മയുടെ ആഹാരം മൂലം കുഞ്ഞിന് ഉദരവൈഷമ്യങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണം. ചെറിയ അളവിൽ പല തവണയായി വെള്ളം കുടിക്കണം.

കുഴന്പു തേച്ചുകുളി

പ്രസവശേഷം ശാരീരിക മാനസികാവസ്ഥ പൂർവസ്ഥിതിയിലേക്ക് എത്തുന്നതിനും സ്ട്രെച്ച് മാർക്ക് കുറയ്ക്കുക, ഉറക്കക്കുറവ്, ഗർഭാശയം ചുരുങ്ങൽ, വേദന ശമിക്കൽ, പേശീ വലിവ് മാറുക, മുലപ്പാൽ ഉണ്ടാകുക എന്നീ കാര്യങ്ങൾക്കു തേച്ചുകുളി സഹായകരമാണ്. മാംസപേശികൾ, ലിഗമെന്‍റ്, ടെൻഡണ്‍ ഇവയ്ക്കു ബലം നൽകി പൂർവസ്ഥിതിയിലാകാൻ കുഴന്പു തേച്ചുകുളി അനിവാര്യമാണ്. ദേഹപ്രകൃതിയനുസരിച്ച് ധന്വന്തരം, പിണ്ഡതൈലം, ബലാതൈലം ഇവയിലേതെങ്കിലും ഉപയോഗിക്കാം. സാധാരണ പ്രസവത്തിൽ അഞ്ചാം ദിവസം മുതലും സിസേറിയനിൽ 15 ദിവസത്തിനുശേഷവും വേതുകുളി തുടങ്ങാം. മുറിവും തയ്യലുമുള്ള ഭാഗം സോപ്പ് ഉപയോഗിച്ചു കഴുകി വെള്ളം തുടച്ചു മാറ്റണം. ശേഷം മറ്റു ഭാഗങ്ങളിൽ പ്രത്യേകിച്ച് നടുവിനും പുറത്തും കൈകാലുകളിലും ഉചിതമായ കുഴന്പു പുരട്ടി പരിചയസന്പന്നയായ സ്ത്രീയെ കൊണ്ട് ഉഴിയിപ്പിക്കുന്നു. ശേഷം, പുളിയില, നാൽപാമരം ഇവയിട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ ചെറുചൂടിൽ കുളിപ്പിക്കണം. തലയിലേക്കായി നെല്ലിക്ക, രാമച്ചം ഇവയിട്ടു തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം.


തലയിൽ സാധാരണ ഉപയോഗിക്കുന്ന എണ്ണ തേച്ചാൽ മതി. ഉഴിച്ചിലിനുശേഷം, പച്ചമഞ്ഞളും വേപ്പിലയും കൂടിയരച്ച് ദേഹത്തു പുരട്ടാറുണ്ട്. കുളികഴിഞ്ഞ് തലയിൽ രാസ്നാദിപ്പൊടി തിരുമ്മണം. വയർ കുറയാനായി തുണികൊണ്ട് വയർ ചുറ്റിക്കെട്ടുന്ന രീതി പ്രാദേശികമായി ചെയ്യുന്നുണ്ട്. കുളികഴിഞ്ഞ് കുറച്ചുനേരം മലർന്നു കിടന്ന് വിശ്രമിക്കണം. ശേഷം ചെറുചൂടോടെ ഭക്ഷണം കഴിക്കാം. ശരീരത്തിൽ ഇറുകി കിടക്കാത്ത കോട്ടണ്‍ വസ്ത്രങ്ങൾ ധരിക്കണം. ശരിയായ അളവിലുള്ള, സ്തനങ്ങൾക്ക് സപ്പോർട്ട് കിട്ടത്തക്ക ബ്രാ ധരിക്കേണ്ടതാണ്. ഗർഭാവസ്ഥയിൽ നടുവേദന, കാൽ കടച്ചിൽ മുതലായവ അനുഭവപ്പെട്ടവർക്ക് ഇലക്കിഴി, ഞവരക്കിഴി എന്നിവയും ചെയ്യാറുണ്ട്.

ലൈംഗികബന്ധം, മാനസികസംഘർഷം, ഉറക്കമൊഴിയുക, ശാരീരിക വ്യായാമം ഇവ ഒരു മാസംവരെയെങ്കിലും ഒഴിവാക്കണം. ശരീരക്ഷീണമകറ്റി ഗർഭാശയശുദ്ധിയും ഗർഭാശയം സങ്കോചിച്ച് പൂർവസ്ഥിതിയിലാക്കാൻ ഉപകരിക്കുന്ന ആഹാരങ്ങളും ആചാരങ്ങളും കൃത്യമായി പാലിച്ചാൽ ഭാവിയിൽ പല ഗർഭാശയരോഗങ്ങളേയും തടയാൻ സാധിക്കും.

അമ്മയും കുഞ്ഞും കിടക്കുന്ന മുറി വായുസഞ്ചാരമുള്ളതും വൃത്തിയുള്ളതുമായിരിക്കണം. മാനസികസംഘർഷം മുലപ്പാലിന്‍റെ അളവിനെ ബാധിക്കുന്നതിനാൽ സദാ സന്തോഷവതിയായിരിക്കാൻ ശ്രദ്ധിക്കുക. പ്രസവിച്ചു കിടക്കുക എന്ന ചൊല്ലുതന്നെ സ്ത്രീക്ക് വിശ്രമം ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ്.

പതിനഞ്ച് ദിവസമെങ്കിലും വിശ്രമം അത്യാവശ്യമാണ്. അധികസമയം ഇരിക്കുന്നതും നിൽക്കുന്നതും ഒഴിവാക്കണം. രക്തസ്രാവം, ശരീരവേദന, പനി ഇവയുള്ളവർ വിദഗ്ദ്ധോപദേശം തേടേണ്ടതാണ്. കഴിവതും കാലുകൾ നീട്ടിവച്ച് മലർന്നുതന്നെ കിടക്കണം.

അമിതവണ്ണം നിയന്ത്രിക്കാം

പ്രസവരക്ഷകൾ ചെയ്ത് ശരീരഭാരം കൂടാതെ ശ്രദ്ധിക്കണം. മധുരപലഹാരങ്ങൾ, എണ്ണ, നെയ്യ്, ചോറിന്‍റെ അമിതോപയോഗം എന്നിവ കുറയ്ക്കണം. പൊതുവേ വണ്ണമുള്ളവർ പച്ചക്കറികൾ, പഴവർഗങ്ങൾ, സൂപ്പ് ഇവ ഉപയോഗിക്കുക. പല തവണയായി വെള്ളം കുടിക്കണം. നെയ്യും ശർക്കരയും ചേർന്ന ഒൗഷധങ്ങൾ കഴിക്കുന്നതിനും നിയന്ത്രണം വേണം.

ശരീരസൗന്ദര്യം നിലനിർത്തുക

പ്രസവശേഷം സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളായ അമിതവണ്ണം, വയറിലെ പാടുകൾ, തലമുടി കൊഴിച്ചിൽ, തൊലിയിലെ നിറവ്യത്യാസം, മലബന്ധം, മുലപ്പാൽ കുറവ് ഇവയ്ക്കെല്ലാം തന്നെ ശരിയായ പ്രസവചര്യയിലൂടെ പരിഹാരം കാണാം.

ഗർഭിണിയായിരിക്കുന്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം, നാരുകൾ, പഴവർഗങ്ങൾ, നട്സ്, ഇലക്കറികൾ ഇവ മിതമായ അളവിൽ കഴിക്കണം. ചായ, കാപ്പി, ശീതളപാനീയങ്ങൾ ഇവ ഒഴിവാക്കണം. മലബന്ധം ആഹാരത്തിലൂടെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ ത്രിഫലചൂർണം, അഭയാരിഷ്ടം ഇവ കഴിക്കാം. വയറിലെ പാടുകൾ കുറയ്ക്കാനായി കറ്റാർവാഴയുടെ പൾപ്പ് മഞ്ഞൾപ്പൊടി ചേർത്ത് പുരട്ടാം. ഗർഭാവസ്ഥയിൽതന്നെ തൈലം തേച്ച് കുളിക്കുന്നത് തൊലിയുടെ മാർദവവും ഇലാസ്തികതയും നിലനിർത്താൻ സഹായിക്കുന്നു. അമിതമായി കൊഴുപ്പടിഞ്ഞു വയർ ചാടി തൂങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. മുലപ്പാലിന്‍റെ ഉത്പാദനത്തിനായി ശതാവരി, ഉഴുന്ന്, പാൽമുതക്, തെങ്ങിൻപ്പൂക്കുല, ഉലുവ ഇവ ചേർന്ന മരുന്നുകളോ ആഹാരമോ കഴിക്കാം.

നടുവേദനയുള്ളവർക്ക് വാതശമനമായ കഷായങ്ങൾ നിർദേശിക്കാറുണ്ട്. പ്രസവശേഷം കണ്ടുവരുന്ന പോസ്റ്റുപാർട്ടം ഡിപ്രഷൻ ഒഴിവാക്കാൻ ഭർത്താവിന്‍റെയും ബന്ധുക്കളുടെയും സഹായവും പിന്തുണയും ആവശ്യമാണ്. അതോടൊപ്പംതന്നെ യോഗ, പ്രാണായാമം, ശരിയായ ഉറക്കം, നല്ല പുസ്തകങ്ങൾ വായിക്കുക, പാട്ടു കേൾക്കുക എന്നിവ ശീലിക്കാം. ഇപ്രകാരം ഒരു വിദഗ്ദ്ധ നിർദേശത്താൽ പ്രയോഗിക്കുന്ന കാര്യങ്ങളിലൂടെ ശരീരത്തിന്‍റെ ആകാരവും സൗന്ദര്യവും നിലനിർത്തി മാതൃത്വമെന്ന അനുഭൂതി ആസ്വാദ്യകരമാക്കാം.