അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ്ഞാണിയില്‍. അഭിനയത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ചു വരുന്നതിനിടെയാണു മത്സ്യകൃഷി കൂടി തുടങ്ങണമെന്ന ആഗ്രഹം മനസില്‍ കടന്നുകൂടിയത്.

അങ്ങനെയാണ് എട്ടു മാസം മുമ്പ് മുണ്ടാങ്കല്‍ മത്സ്യകൃഷി തുടങ്ങിയത്. ഇതിനായി അഞ്ചടി ഉയരത്തില്‍ വൃത്താകൃതിയില്‍ ടാങ്ക് നിര്‍മിക്കുകയാണ് ആദ്യം ചെയ്തത്. ഫിറോ സിമന്റില്‍ നിര്‍മിച്ച ടാങ്കിന്റെ വശങ്ങള്‍ക്ക് മൂന്നടി ഉയരം വരും. പതിനായിരം ലിറ്റര്‍വെള്ളം ഉള്‍ക്കൊള്ളും. ടാങ്കിന്റെ നിര്‍മാണത്തിന് മുപ്പതിനായിരം രൂപ ചെലവായി.

മത്സ്യത്തിന്റെ വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംഭരിക്കാന്‍ ടാങ്കിന്റെ താഴെ രണ്ടടി വലുപ്പമുള്ള ചീനിച്ചട്ടി ആകൃതിയില്‍ മറ്റൊരു ടാങ്കുമുണ്ട്. ഇതില്‍ നിന്നുള്ള കുഴല്‍ വഴി ദിനം പ്രതി 30 ലിറ്ററോളം കാഷ്ടം അടങ്ങിയ വെള്ളം പുറത്തുകളയുന്നുണ്ട്. ഈ വെള്ളം വാഴ, തെങ്ങ്, പച്ചക്കറികള്‍ എന്നിവക്ക് നല്ലതാണ്. തിലോപ്പിയ, ഗൗരാമി, ഗ്രാസ് കോര്‍പ്പ് ഇനങ്ങളില്‍പ്പെട്ട അറൂന്നുറോളം മത്സ്യങ്ങള്‍ ടാങ്കിലുണ്ട്. സമീപത്തായി മറ്റൊരു ടാങ്കിന്റെ നിര്‍മാണവും നടക്കുന്നുണ്ട്.


മല്‍സ്യങ്ങള്‍ എപ്പോഴങ്കിലും അന്തരീഷത്തില്‍ നിന്നു വായു എടുക്കുന്നതു കണ്ടാല്‍ ആ വെള്ളം അശുദ്ധമാണെന്നു കരുതണം. ഗൗരാമി, ആഫ്രിക്കന്‍ മുഷി എന്നിവ ഒഴിച്ചുള്ള എല്ലാ മല്‍സ്യങ്ങളും വെള്ളത്തില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിക്കുന്നവയാണ്.

തീറ്റച്ചെലവ് കുറയ്ക്കാനും മാര്‍ഗങ്ങളുണ്ട്. നാലു കിലോ തവിട്, മൂന്നു കിലോ തേങ്ങാ പിണ്ണാക്ക്, രണ്ടു കിലോ മീന്‍ വെയ്സ്റ്റ്, ഒരു കിലോ ആട്ട, 50 ഗ്രാം അഗ്രോമീന്‍ (കന്നുകാലിത്തീറ്റ ) എന്നിവ പൊടിച്ച് കൊടുക്കാവുന്നതാണ്. കൂടുതല്‍ മത്സ്യങ്ങളെ നിക്ഷേപിച്ചാല്‍ എയറേറ്റര്‍ ഉപയോഗിച്ച് ഇരുപത്തിനാലു മണിക്കൂറും ഓക്‌സിജന്‍ നല്‍കണം. ആറുമാസംകൊണ്ട് വിളവെടുക്കാം. അപ്പോഴേക്കും ഒരു മത്സ്യം 400 ഗ്രാം വരെ തൂക്കം വയ്ക്കും. ഒരു വര്‍ഷം രണ്ടു തവണ വിളവെടുക്കാം.

പാലാ മരിയന്‍ സദനം ക്രിയേഷന്‍സ് നിര്‍മിച്ച ഹൃസ്വചിത്രം പാലാ പി.ഒ യില്‍ വൈദിക വേഷം അവതരിപ്പിച്ച ഫാ. മാത്യു കിഴക്കേഅരഞ്ഞാണിയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഫാ.മാത്യു കിഴക്കേഅരിഞ്ഞാണിയില്‍, ഫോണ്‍ :8140466612

ജോസഫ് കുമ്പുക്കന്‍
ഫോണ്‍ :9645552124