വാട്സ്ആപ്പ് വീഡിയോകോളിനു എആര്‍ പിന്തുണ
Tuesday, June 25, 2024 11:27 AM IST
എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകള്‍ കൊണ്ട് ഓഡിയോ, വീഡിയോ കോളുകള്‍ ഗംഭീരമാക്കാനുള്ള തയാറെടുപ്പില്‍ വാട്സ്ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുതിയ അപ്ഡേറ്റുകള് വരിക.
ഇതോടെ വാട്സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാനാകും. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfoയുടെ റിപ്പോര്‍ട്ട്.
വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാനുള്ള സംവിധാനവും ഉടനെത്തും. ഇത് വീഡിയോ കോള്‍ വിളിക്കുന്നയാളുടെ സ്വകാര്യത ഉറപ്പുവരുത്തുമെന്ന് കരുതുന്നു. സ്കിന്‍ മനോഹരമാക്കാന്‍ ടച്ച്-അപ് ടൂളും പ്രകാശവും കാഴ്ചയും കൂട്ടാന്‍ ലോ-ലൈറ്റ് മോഡും ഉണ്ടാവും.
വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) എഡിറ്റ് ചെയ്യാനും സംവിധാനമുണ്ടാകും. ഭാവിയില്‍ വാട്സ്ആപ്പിന്റെ ഡെസ്ക്ടോപ് വേര്‍ഷനിലും ബാക്ക്ഗ്രൗണ്ട് എഡിറ്റിംഗ് സംവിധാനമെത്തും.