പമ്പയെ ശബരിമലയുടെ പ്രവേശനകവാടമാക്കും: മന്ത്രി കടകംപള്ളി
പമ്പയെ ശബരിമലയുടെ പ്രവേശനകവാടമാക്കും: മന്ത്രി കടകംപള്ളി
ശബരിമല: ശബരിമല പൂങ്കാവനത്തിലേക്കുള്ള പ്രവേശന കവാടമായി പമ്പയെ മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിധാനത്തു പത്രസമ്മേളനത്തിൽ പറഞ്ഞു. ശബരിമല മാസ്റ്റർ പ്ലാൻ അനുസരിച്ച് 99 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രസാദം പദ്ധതിയിലൂടെ നടപ്പാക്കും. പദ്ധതികൾക്ക് ഉന്നതാധികാര സമിതി മേൽനോട്ടം വഹിക്കും. ശബരിമലയുടെ മുഖഛായ മാറ്റുന്നതിനുള്ള പദ്ധതികൾക്ക്് രൂപംനൽകിവരുന്നു.

പമ്പയുടെ സൗന്ദര്യവത്കരണ പദ്ധതിക്കു തുടക്കം കുറിക്കും. പരിസ്‌ഥിതി സംരക്ഷണത്തിലൂന്നി പമ്പാ നദിയെസംരക്ഷിക്കുന്നതിനായി ‘ശുചിത്വ പമ്പ’ എന്ന പേരിൽ പദ്ധതി ആരംഭിക്കും. പമ്പയിൽ അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്‌ഥാപിക്കും. തീർഥാടകർ പമ്പയിൽ മുങ്ങുന്നതിനു മുമ്പ് അവരുടെ ശരീരം വൃത്തിയാക്കുന്നതിനായി ഷവർ സംവിധാനം സ്‌ഥാപിക്കും. നദി മലിനമാക്കപ്പെടുന്നത് തടയാനാണിത്. ത്രിവേണി പാലത്തിനു സമാന്തരമായി പമ്പയിൽ പുതിയ പാലം നിർമിക്കും. സന്നിധാനത്തെ വലിയ നടപ്പന്തൽ നവീകരിക്കും. ഇവിടെ തീർഥാടകർക്ക് ഇരിപ്പിട സൗകര്യം ഒരുക്കും. വഴിപാട് കൂപ്പണുകൾ, കുടിവെള്ളം എന്നിവ ഇവിടെ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും.

വ്യവസായി രവി പിള്ള സ്പോൺസർ ചെയ്ത മൂന്നുകോടിരൂപയുടെ അരവണ പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനു നടപടിയെടുക്കും. ഇതിന് നാലു കോടി രൂപയാണ് മൊത്തം ചെലവു പ്രതീക്ഷിക്കുന്നത്. നിർമാണ ചുമതല പൊതുമേഖലാ സ്‌ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനെ ഏൽപ്പിക്കും. നിലവിലുള്ള അരവണ പ്ലാന്റിനേക്കാൾ രണ്ടിരട്ടി ഉത്പാദന ശേഷിയുള്ളതാണ് പുതിയ പ്ലാന്റ്. ശബരിമലയിലെ പ്ലാസ്റ്റിക്–ജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്ക്കരിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകും. പരിസ്‌ഥിതി സംരക്ഷണത്തിനായി ഗ്രീൻ പ്രോട്ടോക്കോൾ മികച്ച രീതിയിൽ നടപ്പാക്കും.


പമ്പയിൽ മനുഷ്യവിസർജ്‌ജ്യം ഒഴുക്കാതിരിക്കാൻ ആറു ദശലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഹോൾഡിങ് ടാങ്ക് സ്‌ഥാപിച്ചത് ഗുണകരമായി. ശബരിമലയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾക്ക് ഇതു കരുത്തു പകരുന്നു. മണ്ഡലകാലം പരിസ്‌ഥിതി സൗഹൃദമാക്കാൻ കഴിഞ്ഞത് പ്രധാനനേട്ടമാണ്. ഭണ്ഡാരത്തിലെ വരുമാനം എണ്ണുന്നത് കൂടുതൽ സുതാര്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. പരാതികളും പരിഭവങ്ങളുമില്ലാതെ മികച്ച സേവനങ്ങൾ നൽകി മണ്ഡലകാലം പൂർത്തീകരിക്കാനായെന്നും മന്ത്രി പറഞ്ഞു.

മകരവിളക്ക് ഉത്സവം കഴിഞ്ഞാലുടൻ അടുത്ത മണ്ഡലകാലത്തേക്കുള്ള ഒരുക്കം തുടങ്ങും. മണ്ഡലകാലം ആരംഭിക്കുന്നതിന് തൊട്ടു മുമ്പുമാത്രം ഒരുക്കം ആരംഭിക്കുന്ന രീതി മാറ്റും. ജനുവരി 30നകം കൂടിയാലോചനകൾ നടത്തി ഫെബ്രുവരിയിൽ പ്രവർത്തനങ്ങൾക്കു തുടക്കമിടും. ടെണ്ടർ നടപടികളടക്കം നേരത്തേ പൂർത്തീകരിക്കും. പദ്ധതികളും പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കലണ്ടർ തയാറാക്കും. ഇതനുസരിച്ച് ചിട്ടയായി പ്രവർത്തനം നടത്തും. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് മെച്ചപ്പെട്ട സൗകര്യങ്ങൾ തീർഥാടകർക്ക് ലഭ്യമാക്കാനായി. എല്ലാവകുപ്പുകളും വളരെ നല്ല നിലയിൽ പ്രവർത്തിച്ചതായും മന്ത്രി പറഞ്ഞു. ശബരിമലയുടെ വികസനത്തിനായി കൂടുതൽ വനഭൂമി വിട്ടുകിട്ടുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.