ആലിസ് ഹുവാംഗ്
ന്യൂഡൽഹി: എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാംഗ് രാജകീയമായി തിരിച്ചെത്തുകയും ഓഹരി വിപണി അത് ആഘോഷിക്കുകയും ചെയ്യുമ്പോൾ, ഈ കോർപ്പറേറ്റ്-ദേശീയ സുരക്ഷാ വിവാദത്തിന് തിരികൊളുത്തിയ ആലീസ് ഹുവാംഗ് എവിടെയെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാംഗ് നിലവിൽ ചൈനീസ് തലസ്ഥാനമായ ബീജിംഗിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മുൻ മാധ്യമപ്രവർത്തകയും പിന്നീട് തെക്കുകിഴക്കൻ ഏഷ്യയിലെ സാങ്കേതിക മേഖലയിലെ പ്രമുഖ വ്യക്തിത്വവുമായി മാറിയ ആലീസ് ഹുവാംഗ്, അമേരിക്കൻ നിയമങ്ങൾ ലംഘിച്ച് ചൈനീസ് കമ്പനികൾക്ക് അത്യാധുനിക എൻവിഡിയ എഐ ചിപ്പുകൾ ലഭ്യമാക്കാൻ സഹായിച്ച സ്ഥാപനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു.
ചൈനയുടെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയായ 'മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി' ഉദ്യോഗസ്ഥരുമായുള്ള ആലീസിന്റെ ബന്ധം അമേരിക്കൻ ഏജൻസികൾ നിരീക്ഷിച്ചുവരുന്നതിനിടെയാണ് ഇവർ ജെൻസൻ ഹുവാംഗുമായി പ്രണയത്തിലായത്.
ബീജിംഗിലെ രഹസ്യവാസം
നവംബർ 12-ന് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ആലീസ് ഹുവാംഗ് ചൈനയിലേക്ക് മടങ്ങുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ അറിവോടെ ബീജിംഗിൽ താമസിക്കുകയും ചെയ്യുന്നുണ്ട്. എപ്പോഴാണ് അവർ ബീജിംഗിലേക്ക് പോയതെന്നോ, എന്തിനാണ് മടങ്ങിയതെന്നോ വ്യക്തമല്ല. ആലീസുമായി ബന്ധപ്പെട്ട കമ്പനികളുടെ ശൃംഖലയെയും, അത്യാധുനിക ചിപ്പുകളുടെ അനധികൃത കടത്തിനെയും കുറിച്ച് അന്വേഷണം മുറുകുന്നതിനിടെയാണ് അവരുടെ ബീജിംഗ് വാസം ചർച്ചയാകുന്നത്.
വിവാദങ്ങളുടെ കേന്ദ്രബിന്ദു
'ഹുവാംഗ് ലെ' എന്നും അറിയപ്പെടുന്ന ആലീസ് ഹുവാംഗ്, സിംഗപ്പൂർ ആസ്ഥാനമായുള്ള 'മെഗാസ്പീഡ് ഇന്റർനാഷണലിന്റെ'മാനേജിംഗ് ഡയറക്ടറായിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ എൻവിഡിയ ചിപ്പുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന കമ്പനികളിലൊന്നായിരുന്നു മെഗാസ്പീഡ്.2025ലെ ശൈത്യകാലം മുതൽ ഈ വർഷം ശരത്കാലം വരെ ആലീസ് ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ജെൻസൻ ഹുവാംഗുമായി ഇവർ അടുപ്പത്തിലായിരുന്ന സമയവും മെഗാസ്പീഡ് വൻതോതിൽ എൻവിഡിയ ചിപ്പുകൾ വാങ്ങിക്കൂട്ടിയ സമയവും ഒന്നുതന്നെയായിരുന്നു. ഈ ചിപ്പുകളിൽ ചിലത് ആലിബാബ ഉൾപ്പെടെയുള്ള ചൈനീസ് ടെക് കമ്പനികൾക്കായി തെക്കുകിഴക്കൻ ഏഷ്യയിലെ ഡാറ്റാ സെന്ററുകളിലേക്ക് നൽകിയപ്പോൾ, മറ്റുള്ളവ ചൈനയിലേക്ക് കടത്തിയെന്നാണ് സംശയിക്കുന്നത്.
പിന്നിലെ മറ്റ് കണ്ണികൾ
ആലീസ് ഹുവാംഗിനും കുടുംബത്തിനും ചൈനീസ് പ്രതിരോധ കരാറുകാരുമായി ബന്ധമുണ്ടെന്നും, ചൈനീസ് സൈന്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ശക്തമായ ചിപ്പുകൾ നൽകാൻ ഇവർ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ആലീസ് ഹുവാംഗിന് പുറമേ കാംഗ് വെയ്, ലി മിംഗ് എന്നീ രണ്ടു പേർ കൂടി അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുണ്ട്.
ആലീസ് ഹുവാംഗിന്റെ ബിസിനസ് പങ്കാളിയും, പലപ്പോഴും ഭർത്താവായി പരിചയപ്പെടുത്തിയിരുന്ന വ്യക്തിയുമാണ് കാംഗ് വെയ്. ഇയാളും ചൈനീസ് രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ തെളിവുകൾ അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.
മെഗാസ്പീഡിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രധാന സൂത്രധാരനായി കരുതപ്പെടുന്ന 52-കാരനായ ചൈനീസ് പൗരനാണ് ലി മിംഗ്. എൻവിഡിയ ചിപ്പുകൾ ചൈനയിലേക്ക് കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയായ ഇയാൾ നിലവിൽ സിംഗപ്പൂരിൽ ജാമ്യത്തിലാണ്. ചൈനീസ് എംബസിക്ക് സമീപമുള്ള ഒരു ആഡംബര വില്ലയിലാണ് ലി മിംഗ് ഇപ്പോൾ താമസിക്കുന്നത്.
Tags : AliceHuang Alice Huang Jensen Huang Nvidia Scandal Megaspeed Chinese Espionage AI Chip Diversion Beijing