പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: എൻവിഡിയ സിഇഒ ജെൻസൻ ഹുവാംഗുമായി ബന്ധപ്പെട്ട ചാരവൃത്തി വിവാദത്തിൽ ഉൾപ്പെട്ട സിംഗപ്പൂർ ആസ്ഥാനമായുള്ള ചിപ്പ് കമ്പനി 'മെഗാസ്പീഡിനെ' അമേരിക്ക വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നു. തിങ്കളാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മെഗാസ്പീഡിന്റെ പ്രധാന ഓഹരി ഉടമയും ചൈനീസ് വ്യവസായിയുമായ ആലീസ് ഹുവാംഗുമായി ജെൻസൻ ഹുവാംഗിനുണ്ടായിരുന്ന അടുത്ത ബന്ധം വലിയ വിവാദമായിരുന്നു. ചൈനയ്ക്ക് വേണ്ടി വിവരങ്ങൾ ചോർത്തി നൽകുന്ന ചാരയാണ് ആലീസ് ഹുവാംഗ് എന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയതായി കഴിഞ്ഞ മാസം 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ കർശന നടപടി.
കരിമ്പട്ടികയിൽ ഉൾപ്പെടുന്നതോടെ, യുഎസ് വാണിജ്യ വകുപ്പിന്റെ പ്രത്യേക ലൈസൻസില്ലാതെ മെഗാസ്പീഡിന് ഉത്പന്നങ്ങളോ സോഫ്റ്റ്വെയറുകളോ സാങ്കേതികവിദ്യയോ നൽകാൻ അമേരിക്കൻ കമ്പനികൾക്ക് സാധിക്കില്ല. മാത്രമല്ല, ഇത്തരം ലൈസൻസുകൾക്കുള്ള അപേക്ഷകൾ നിരസിക്കപ്പെടാനാണ് സാധ്യത.
എൻവിഡിയയുടെ ഔദ്യോഗിക ക്ലൗഡ് പങ്കാളിയായി ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് മെഗാസ്പീഡ്. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് ചൈനീസ് ഉപഭോക്താക്കൾക്ക് അത്യാധുനിക എൻവിഡിയ ചിപ്പുകൾ ലഭ്യമാക്കാൻ മെഗാസ്പീഡ് സഹായിക്കുന്നുണ്ടോ എന്ന് 2025 ഒക്ടോബർ മുതൽ അമേരിക്ക അന്വേഷിച്ചുവരികയായിരുന്നു. എന്നാൽ, ചാരവൃത്തി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ചൈനയുടെ പ്രതികരണം.
ബീജിംഗുമായുള്ള വ്യാപാര-നയതന്ത്ര ബന്ധം വഷളാകാതിരിക്കാൻ ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്സീക്ക്, മെമ്മറി ചിപ്പ് നിർമാതാക്കളായ സിഎക്സ്എംടി എന്നിവരുൾപ്പെടെ നൂറിലധികം കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് ട്രംപ് ഭരണകൂടം നേരത്തെ മാറ്റിവെച്ചിരുന്നു. 2025 ഒക്ടോബറിന് ശേഷം ആദ്യമായാണ് യുഎസ് വാണിജ്യ വകുപ്പ് പുതിയൊരു സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
Tags : US Trade Blacklist Megaspeed Nvidia Scandal Jensen Huang Alice Huang Chinese Espionage Semiconductor Sanctions