Kerala
മുണ്ടക്കയം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് രണ്ടു ബൈക്കുകളില്‍ ഇടിച്ചു മൂന്നു പേര്‍ക്ക് പരിക്കേറ്റു. ദേശീയപാത 183-ല്‍ കൊടികുത്തിക്ക് സമീപം ഇന്നു പുലര്‍ച്ചെ 5.30നായിരുന്നു അപകടം.
കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. ബൈക്കുകളില്‍ ഇടിച്ചശേഷം നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ക്രാഷ് ബാരിയറില്‍ ഇടിച്ചാണ് നിന്നത്.
Kerala
മുണ്ടക്കയം: ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയപാത 183-ൽ കൊടികുത്തിക്ക് സമീപം ഇന്ന് പുലർച്ചെ 5.30-ഓടെയാണ് സംഭവം.
കർണാടകയിൽ നിന്നും ശബരിമല ദർശനത്തിനായി എത്തിയ തീർഥാടകർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.എതിർദിശയിൽ വന്ന രണ്ട് ബൈക്കുകളിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗതം പൂർണമായും സ്തംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു. ഹൈക്കോടതി റിട്ടയേഡ് ജഡ്ജി പി.ആർ. രാമന്റെ ഭാര്യ എൻ.പി വിജയലക്ഷ്മിയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം കടവന്ത്രയിലാണ് സംഭവം. കടവന്ത്ര സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കോൺക്രീറ്റ് മിക്സിംഗ് വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.
Kerala
കൊല്ലം: വവ്വക്കാവിൽ കാറിടിച്ച ഭിക്ഷാടകൻ മരിച്ചു. കാറിനടിയിൽ കുരുങ്ങിയ ഭിക്ഷാടകനെയുംകൊണ്ട് ഡ്രൈവർ രണ്ടുകിലോമീറ്ററോളം മുന്നോട്ടുപോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭിക്ഷാടകൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് കടത്തൂർ സ്വദേശിയും വ്യാപാരിയുമായ ഷാജഹാനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സഞ്ചരിച്ചിരുന്ന കാറും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയിൽ വച്ചാണ് ഷാജഹാന്റെ കാർ ഭിക്ഷാടകനെ ഇടിച്ചിട്ടത്. അപകടം നടന്നിട്ടും വാഹനം നിർത്താൻ ഇയാൾ തയാറായില്ല. തുടർന്ന് ഒരു ഇടറോഡിൽവച്ച് കാറിൽ കുരുങ്ങിയ ഭിക്ഷാടകനെ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു..
സംഭവസ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Kerala
പെരുമ്പാവൂർ: കുറുപ്പുംപടിയിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജിലെ ഒന്നാംവർഷ സൈക്കോളജി വിദ്യാർഥിനി റയാ റോയ് (19) ആണ് മരിച്ചത്.
സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. സുഹൃത്തിനെ ഉടൻതന്നെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റയാ റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala
മാഹി: ദേശീയ പാതയിൽ ചോമ്പാല ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ചു കയറി കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്നു പുലർച്ചെ ആറരയോടെയായിരുന്നു അപകടം. പാപ്പിനിശേരിയിൽനിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റ കണ്ണൂർ മൊറാഴ സ്വദേശികളായ കൃഷ്ണാലയം വീട്ടിലെ ദേവദാസ് (72), ബാബു ബാലകൃഷ്ണൻ (66), മണികണ്ഠൻ (27), വിജി (37), തയ്യിൽ വീട്ടിൽ അസീബ് (35) എന്നിവരെ വടകര ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
അപകടത്തിന്റെ ശബ്ദം കേട്ട് സമീപത്തെ സ്റ്റേഡിയത്തിലും ഓപ്പൺജിമ്മിലുമായി പരിശീലനം നടത്തുന്നവരും നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപ്പോഴേക്കും കാറിന് തീപിടിച്ച് ആളിക്കത്തി.
വടകരയിൽ നിന്നും മാഹിയിൽ നിന്നുമത്തിയ എത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളാണ് തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു.അപകടത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ചോന്പാല പൊലിസ് ദേശീയപാതയിലൂടെയുള്ള ഗതാഗതം സർവീസ് റോഡിലൂടെ തിരിച്ചു വിടുകയായിരുന്നു.
Kerala
തിരുവനന്തപുരം: വെമ്പായത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ യുവാവും ബന്ധുവുമാണ് മരിച്ചത്. പനവൂർ മൂഴി കുലപ്പള്ളി വിവി ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ ശോഭന (55), ഇവരുടെ ബന്ധുവായ ഹരികുമാർ (46) എന്നിവരാണ് മരിച്ചത്. വൈകുന്നേരം മൂന്നോടെ പോത്തൻകോട് - വെമ്പായം റോഡിൽ മേലെമുക്കിലായിരുന്നു അപകടം.
വെമ്പായം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും പോത്തൻകോട് ജംഗ്ഷനിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെയും ശോഭനയെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിയുടെ ഭാര്യ ആശ. മക്കൾ ഹരി പ്രിയ, ആദിത്യൻ. ശോഭനയുടെ മക്കൾ വിഷ്ണുകുമാർ, ആർ.എസ്. വിപിൻ. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കോഴിക്കോട്: ഗോവിന്ദപുരത്ത് സ്വകാര്യ ബസിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കുരുവട്ടൂര്‍ പറമ്പില്‍ ചാലില്‍ ഹൗസില്‍ ഒ.പി. റഷീദ (52) ആണ് മരിച്ചത്. വളയനാട് ക്ഷേത്രത്തിന് മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം.
മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. മെഡിക്കല്‍ കോളജ് പൊലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Kerala
കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ ബിനോയിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോപാര്‍ക്ക് പൊലിസ് മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്കി.
ബിനോയിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന് പകരം ആജീവനാന്തം റദ്ദാക്കണമെന്നാണ് ആവശ്യം. ഏഴോളം കേസുകളില്‍ പരതിയായ ഇയാള്‍ പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഡ്രൈവര്‍ ആയി എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ബിനോയ് നിലവില്‍ റിമാന്‍ഡിലാണ്.
അപകടമുണ്ടാക്കിയ മലയില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2022 മുതല്‍ ഡോര്‍ തുറന്ന് സര്‍വീസ് നടത്തല്‍, സിഗ്നല്‍ ലംഘനം, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍ തുടങ്ങി 154 നിയമലംഘനങ്ങള്‍ ബസിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നവംബര്‍ നാലിന് ആയിരുന്നു ജിമ്മില്‍ നിന്നും മടങ്ങുകയായിരുന്ന അക്ഷരയെ ബസ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ അക്ഷരയുടെ ദേഹത്തു കൂടി ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അക്ഷരയുടെ മരണത്തിന് പിന്നാലെ സ്വകാര്യ ബസുകളില്‍ എംവിഡിയും പൊലിസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ 382 ബസുകള്‍ക്കെതിരെ നടപടി എടുത്തിരുന്നു.
Kerala
നെടുമ്പാശേരി: ദേശീയപാതയില്‍ ദേശം കുന്നുംപുറം കവലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് നാടോടി സ്ത്രീ മരിച്ചു. ചൊവ്വാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനും പരിക്കേറ്റു.
ഇരുവരെയും ദേശം സിഐ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റ യുവതിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മരണം സംഭവിച്ചു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പുറയാര്‍ സ്വദേശിനി ശ്യാമള എന്നാണ് ഇവര്‍ ആശുപത്രിയില്‍ നല്കിയ മൊഴി. എന്നാല്‍ ഈ വിലാസത്തില്‍ ഇവരെ തിരിച്ചറിയാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. മരിച്ച സ്ത്രീയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
Kerala
പാലക്കാട്: മനിശീരിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരം. അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ് മരിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി 12.30നാണ് അപകടമുണ്ടായത്.
ഷൊർണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുവന്ന കാർ മനിശീരിയിൽവച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന ഒറ്റപ്പാലം പൊലിസിന്റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി. രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. രണ്ടുപേർ കാറിനകത്ത് കുടുങ്ങിപ്പോയി. മറ്റൊരാൾ കാറിൽനിന്ന് പുറത്തേക്ക് തെറിച്ചുപോയതായാണ് വിവരം. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.
ഷൊർണൂർ അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് കാറിൽ കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊല്ലം: കുളത്തൂപ്പുഴയിൽ മിനിലോറി വീടിന് മുന്നിലേയ്ക്ക് ഇടിച്ചു കയറി അപകടം. തമിഴ്നാട്ടിൽ നിന്ന് കിളിമാനൂരിലേക്ക് പച്ചക്കറിയുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
തെന്മലയ്ക്കു സമീപം കുളത്തൂപ്പുഴ സ്വദേശി റിനു തോമസിന്റെ വീട്ടിലേക്കാണ് വണ്ടി ഇടിച്ചു കയറിയത്. വാഹനം ചുമരിലിടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീടിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.
വളവിനോടു ചേർന്നാണ് റിനു തോമസിൻ്റെ വീട്. ഇവിടെ അപകടങ്ങൾ പതിവാണെന്ന് ഇവർ പറയുന്നു. മുൻപും റിനു തോമസിന്റെ വീട്ടിലേക്ക് വാഹനങ്ങൾ ഇടിച്ചു കയറിയിട്ടുണ്ട്. ഈ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
കോഴിക്കോട്: പുതിയങ്ങാടി അത്താണിക്കലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും റോയൽ എൻഫീൽഡ് ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചേമഞ്ചേരി കാട്ടിലപ്പീടിക പള്ളിയാറക്കൽ സോനു സുധീഷ് (24) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 9.20ഓടെയായിരുന്നു അപകടം. തലശേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ എത്തിയ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങിയെന്നാണ് വിവരം.
നാട്ടുകാരും ട്രോമാകെയർ വൊളണ്ടിയർമാരും ചേർന്ന് യുവാവിനെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ബീന. അച്ഛൻ: സുധീഷ്. സഹോദരി: സൂര്യ.
Kerala
കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിൽ ഒന്നാം പ്രതി സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് കോടതി.
സുഹൈലിനെ നവംബർ 16ന് റിലീസ് ചെയ്യാമെന്നും കോടതി ഉത്തരവിട്ടു. അതിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ജാമ്യം അനുവദിച്ചത്.
Kerala
കോഴിക്കോട്: കോവൂർ വെള്ളിമാടുകുന്ന് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ സൗത്ത് കല്യാശേരി സ്വദേശി സംജാദ് (21) ആണ് മരിച്ചത്.
ഇരിങ്ങടൻ പള്ളിക്കും വെള്ളിമാടുകുന്നിനും ഇടയിലായി ജനകീയ റോഡ് ജംഗ്ഷനിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. വെള്ളിമാടുകുന്ന് ഭാഗത്തുനിന്നും ജനകീയ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കണ്ണൂർ രജിസ്ട്രേഷൻ നമ്പറിലുള്ള ഹിമാലയൻ ബൈക്കും വപ്പോളിത്താഴം ഭാഗത്തുനിന്നും വെള്ളിമാടുകുന്ന് ഭാഗത്തേക്കുപോയ ഇന്റർസെപ്റ്റർ ബൈക്കുമാണ് കൂട്ടിയിടിച്ചത്.
ഹിമാലയൻ ബൈക്കിലായിരുന്ന സംജാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇന്റർസെപ്റ്റർ ബൈക്കിൽ ഉണ്ടായിരുന്ന അമൻദാസ്, റിഹാൻ എന്നിവർ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
പ്രദേശത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചതിൽ നിന്നും ഒരു വാഹനത്തിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത് എന്ന് വ്യക്തമാണ്. സംഭവത്തിൽ ചേവായൂർ പൊലിസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: കൊയിലാണ്ടി നന്തിയില്‍ ബൈക്ക് യാത്രിക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകടം സൃഷ്ടിച്ച ശേഷം നിറുത്താതെ പോയ ലോറി പൊലിസ് കസ്റ്റഡിയിലെടുത്തു. കെഎല്‍ 49 ക്യു 5253 നമ്പറിലുള്ള ഭാരത് ബെന്‍സിന്റെ ലോറിയാണ് കൊയിലാണ്ടി പൊലിസ് കസ്റ്റഡിയിലെടുത്തത്.
ബൈക്കില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് നാരങ്ങോളികുളം സ്വദേശി മുത്താച്ചികണ്ടി ഷിഹാബിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 26നായിരുന്നു സംഭവം.
സുഹൃത്ത് മുഹമ്മദ് മനൂഫിനൊപ്പം കൊയിലാണ്ടിയില്‍ നിന്നും പയ്യോളി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കവെ രാത്രി 10.15നായിരുന്നു അപകടം. നന്തി മേല്‍പ്പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നും വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ലോറി നിര്‍ത്താതെ പോകുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കൊയിലാണ്ടി പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാഹനം തിരിച്ചറിഞ്ഞത്.
ഭാരതീയ ന്യായ സംഹിത 281, 125 (എ), 125 (ബി), മോട്ടോര്‍ വാഹന നിയമത്തിലെ 134, 187 വകുപ്പുകള്‍ പ്രകാരമാണ് ലോറി ഡ്രൈവര്‍ക്കെതിരേ പൊലിസ് കേസെടുത്തിരിക്കുന്നത്.
Kerala
നീലേശ്വരം: പടന്നക്കാട് ദേശീയപാതയിൽ അശ്രദ്ധമായി നിർത്തിയിട്ട ലോറിക്കുപിറകിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കർശന നടപടിയുമായി പോലിസ്.
കർണാടക ബെലഗാവി അംഗോൾ രഘുനാഥ്പേട്ട് സ്വദേശി റഹീം ബസപ്പൂരിനെതിരെ (35) പൊലിസ് മനഃപൂർവമായ നരഹത്യക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആറുവരിപ്പാതയിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വാഹനം നിർത്തുന്നവർക്കെതിരെ സമാനതകളില്ലാത്ത നിയമനടപടിയാണ് ഇതിലൂടെ പൊലിസ് സ്വീകരിച്ചിരിക്കുന്നത്.
പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് മനോജ് (22), പി.യു. ആനന്ദകൃഷ്ണൻ (24) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
Kerala
വൈപ്പിന്‍: അലക്ഷ്യമായി പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിച്ച് അപകടം. ചൊവ്വാഴ്ച രാത്രി 11.30ന് മാനാട്ടുപറമ്പ് ബസ്റ്റോപ്പിന് വടക്കുവശത്ത് വച്ചായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് യാത്രികനായ നായരമ്പലം കുളങ്ങര വീട്ടില്‍ അലന് രാജേഷിന് (23) ഗുരുതരമായി പരിക്കേറ്റു.
തലയ്ക്ക് പരിക്കേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലന്റെ ബൈക്ക് ഈ ഭാഗത്ത് അലക്ഷ്യമായി പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഞാറക്കല്‍ പൊലിസ് കേസ് എടുത്തു.
Kerala
തെങ്ങണ: നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ ചേർന്നു പിടികൂടി. കോട്ടയം പായിപ്പാട് മുതൽ കണ്ണോട്ട വരെ എട്ട് കിലോമീറ്ററാണ് ഇന്നോവ കാർ അപകടം ഉണ്ടാക്കി യാത്ര ചെയ്തത്. തിരുവല്ല സ്വദേശി ഗോകുൽ ബിനു ആണ് വാഹനം ഓടിച്ചത്.
അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്. വാഹനവും ഡ്രൈവറേയും തൃക്കൊടിത്താനം പൊലിസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ കാറിന്റെ മുന്നിലെ ടയർ പൊട്ടിയതിനെ തുടർന്ന് ഡിസ്ക് റോഡിൽ ഉരഞ്ഞാണ് ഓടിയത്.
Kerala
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് കുതിര ചത്തു. മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ ആനിക്കാട് ചിറപ്പടിക്ക് സമീപം ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. ആനിക്കാട് ചിറപ്പടി സ്വദേശിയായ ഇസ്മായില്‍ കക്കാടംകുളത്തിന്റെ ഉടമസ്ഥതയിലുള്ള കുതിരയ്ക്കാണ് അപകടത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്.
മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴ - മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി വേണാട് ബസാണ് കുതിരയെ ഇടിച്ചത്. ഉടമസ്ഥന് വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന കുതിര അബദ്ധത്തില്‍ കെട്ടഴിഞ്ഞ് റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു.
ബസ് ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുതിര സംഭവസ്ഥലത്തു തന്നെ ചത്തു. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനോ യാത്രക്കാര്‍ക്കോ പരിക്കുകളൊന്നുമില്ല. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസം നേരിട്ടു. മൂവാറ്റുപുഴ പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Kerala
ആലുവ: ആലുവ പുളിഞ്ചോട് ജംഗ്ഷനില്‍ ദേശീയപാതയില്‍ അഞ്ച് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ സിഗ്നലില്‍ കാത്തുകിടക്കുകയായിരുന്ന വാഹനങ്ങളുടെ പിന്നിലേക്ക് അമിതവേഗതയിലെത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന കാറുകള്‍ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഏറ്റവും പിന്നിലിടിച്ച കാറിന്റെ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് കൊച്ചി-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് ഹൈവേ പൊലിസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തില്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരി വാഹനാപകടത്തില്‍ മൂന്നാം പ്രതി ജോയലിന്റെ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. നവംബര്‍ 10ന് ജോയലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പ്രതികള്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കാക്കനാട്ടെ ബോസ്റ്റല്‍ സ്കൂളില്‍ തുടരുകയാണ് പ്രതികള്‍. അതേസമയം, ഒക്ടോബര്‍ 10ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള ബിഎംഡബ്ല്യു ഉദ്യോഗസ്ഥര്‍ നെടുമ്പാശേരി പൊലിസ് സ്റ്റേഷനില്‍ എത്തി അപകടമുണ്ടാക്കിയ മിനി കൂപ്പര്‍ കാര്‍ പരിശോധിച്ചിരുന്നു. 150 കിലോമീറ്റര്‍ വേഗതയിലായിരുന്നു സുഹൈല്‍ മിനി കൂപ്പര്‍ ഓടിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍.
സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന ശാസ്ത്രീയ പരിശോധന ഫലവും പൊലിസിന് ലഭിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെറ്റിനാട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി. പന്തലക്കോട് സ്വദേശി വിദ്യാധരനെയാണ് കാണാതായത്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ഭാര്യ ലതയെ നാട്ടുകാർ രക്ഷപ്പെടുത്തി.
വൈകുന്നേരം ആറോടെ വെറ്റിനാട് കുറ്റിയാണി റോഡിലാണ് അപകടം നടന്നത്. വിവാഹസത്കാരത്തിൽ പങ്കെടുത്ത് മടങ്ങിവരവേയാണ് സംഭവം. സ്ഥലത്ത് ശക്തമായ മഴയെത്തുടർന്ന് റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറിയിരുന്നു. വെള്ളം കണ്ട് ഓട്ടോ തിരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാഹനം തോട്ടിലേക്ക് മറിഞ്ഞത്.
സംഭവസ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തുന്നതിനിടയിൽ വിദ്യാധരന്റെ കൈയിൽ പിടി കിട്ടിയിരുന്നെങ്കിലും കുത്തൊഴുക്കിൽ വഴുതിപ്പോവുകയായിരുന്നു. വെഞ്ഞാറമൂട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്.
Kerala
കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചോറ്റി ജംഗ്ഷനിൽ രാവിലെ 8.15 ഓടെയായിരുന്നു അപകടം. അഞ്ചു കാറുകളും, ഒരു ഓട്ടോറിക്ഷയും, ഒരു സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരിൽ എട്ടുപേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണന്നാണ് ലഭിക്കുന്ന സുചന.
മുണ്ടക്കയം ഭാഗത്ത് നിന്നെത്തിയ ബലേനോ കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും, തുടർന്ന് കൂട്ടയിടി നടക്കുകയുമായിരുന്നു എന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
Kerala
കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ 17 വയസുകാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സാമൂഹിക മാധ്യമങ്ങളിൽ 17 വയസുകാരന്റെ വ്യക്തിഗത വിവരങ്ങൾ പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാനും കോടതി നിർദേശം നൽകി. കേസ് ഡയറിയും ഹാജരാക്കണം.
കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച ഹർജിയിൽ ഗുരുതര പിഴവുകൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് പിഴവുകൾ തിരുത്തി പുതിയ അപ്പീലാണ് പ്രോസിക്യൂഷൻ സമർപ്പിച്ചത്. കേസിലെ പ്രതിയുടെ പേര് മാസ്ക് ചെയ്താണ് പുതിയ അപ്പീൽ ഫയൽ ചെയ്തത്.
Kerala
തലയോലപ്പറമ്പ്: വടകരയിൽ ലോറിയും ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വടകര ആഞ്ഞിലിക്കൽ കെ.യു.അൻസാർ (48), എ.യു .മുഹമ്മദ് (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് തലയോലപ്പറമ്പിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു.
സഹോദരൻമാരായ അൻസാറും മുഹമ്മദും വടകരയിൽ നിന്നും തലയോലപ്പറമ്പിലേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്നു. വടകര ഇറക്കത്തിൽ ഒരു കാറിനെ മറികടന്നു ബസ് വരുന്നത് കണ്ട് ഇവർ ബൈക്കിന്റെ വേഗത കുറച്ചു.
പിന്നാലെ എത്തിയ ലോറി ബൈക്കിൽ ഇടിക്കുകയും തുടർന്ന് സ്വകാര്യ ബസിലിടിച്ച് നിൽക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ സ്വകാര്യ ബസ് തടഞ്ഞത് സ്ഥലത്ത് നേരിയ സംഘർഷത്തിനിടയാക്കി. ഇതേതുടർന്ന് അരമണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.
വിവരമറിഞ്ഞ് തലയോലപ്പറമ്പ് എസ്ഐ കെ.ജെ. ബിജുവിന്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഗതാഗതം പുനഃസ്ഥാപിച്ചു.
Kerala
കോന്നി: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സഞ്ചരിച്ച ഔദ്യോഗിക കാറിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ കോളജ് വിദ്യാർഥി മരിച്ചു.
കലഞ്ഞൂർ ഐഎച്ച്ആർഡി കോളജ് വിദ്യാർഥി കോന്നി ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടൽ ജംഗ്ഷനിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം.
ശബരിമല മണ്ഡലകാല മുന്നൊരുക്ക അവലോകനത്തിലായി പത്തനംതിട്ടയിലേക്കു വരികയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. രാവിലെ കോളജിലേക്കു പോകുകയായിരുന്നു കൃഷ്ണനന്ദു.
റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയില്‍നിന്ന് വന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്കു മറിഞ്ഞു.
അപകടത്തില്‍ കാറിന്റെ ചക്രം വിദ്യാർഥിയുടെ തലയിലൂടെ കയറിയിറങ്ങി. ഉടൻ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണനന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: സന്തോഷ് കുമാർ. അമ്മ: രഞ്ജിത. സഹോദരൻ: പരേതനായ കൃഷ്ണദേവ്.
Kerala
കൊച്ചി: ചേരാനല്ലൂർ കാറപകടക്കേസിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. രാവിലെ 11ന് ഹാജരാകാനാണ് നിർദ്ദേശം.
ബുധനാഴ്ചയും ഇയാളെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യം തേടി ജഡ്ജി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ ഫ്ലാറ്റിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും പൊലീസ് പരിശോധന നടത്തി. പതിനേഴുകാരൻ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്ന ആഡംബര ബൈക്കും ചില ഡിജിറ്റൽ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജഡ്ജിയെ സസ്പെൻഡ് ചെയ്യേണ്ടതുണ്ടോയെന്ന കാര്യം പൊലിസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ചീഫ് ജസ്റ്റീസ് സൗമെൻ സെന്നിന്റെ അധ്യക്ഷതയിൽ ചേർന്ന അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.
കാർ എടുത്തുകൊണ്ടുപോയത് പിതാവിന്റെ അനുമതിയോടെയാണോ എന്നതിൽ വ്യക്തതയില്ലാത്തതിനാലാണ് റിപ്പോർട്ട് കാത്തിരിക്കുന്നത്. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ കണ്ട് ജുഡീഷൽ ഓഫീസർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
Kerala
കൊല്ലം: പത്തനാപുരം നടുക്കുന്ന് സ്കൂളിന് സമീപം കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
Kerala
കോഴിക്കോട്: ജിമ്മില്‍ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ തെരുവ്നായ റോഡിനെ കുറുകെ ചാടിയുണ്ടായുണ്ടായ അപകടത്തില്‍ പ്ലസ്വണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇരിങ്ങത്ത് കുളങ്ങര കൃഷ്ണനിലയം അജല്‍ പ്രവീണ്‍ (16) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കുണ്ട്.
ചൊവ്വാഴ്ച രാത്രി പത്തോടെ രക്കോട്- ഇരങ്ങത്ത് റോഡില്‍ നരക്കോട് വച്ചാണ് അപകടമുണ്ടായത്. ജിമ്മില്‍ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് തെരുവുനായ കുറുകെ ചാടിയത്.
ഇതിനു പിന്നാലെ നിയന്ത്രണംവിട്ട സ്കൂട്ടര്‍ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
അജലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് വൈകുന്നേരം വീട്ടില്‍ എത്തിക്കും. പിതാവ്: പ്രവീണ്‍കുമാര്‍. അമ്മ: മഞ്ജുഷ. സഹോദരന്: അര്ജുന് പ്രവീണ്‍.
Kerala
കൊല്ലം: കുളത്തൂപ്പുഴയിൽ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 17കാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി ആകാശ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ആകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പൊലിസ്. എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലിസ് അപേക്ഷ നല്കി.
കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പൊലിസ് ചോദ്യം ചെയ്തിരുന്നു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്.
തന്റെ അറിവോടെയല്ല മകന് വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
പതിനേഴുകാരന് ലൈസന്‍സ് എടുക്കുന്നത് വിലക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 25 വയസ് വരെ വിലക്കാനാണ് നീക്കം. അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്റെ ആര്‍സിയും സസ്പെന്‍ഡ് ചെയ്യും.
Kerala
കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മരിച്ച ജയബാലകൃഷ്ണന്റെ മകളുമായി സംസാരിച്ച മുഖ്യമന്ത്രി കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും സർക്കാർ കുടുംബത്തോടൊപ്പമുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. കേസിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം പൊലിസ് സ്റ്റേഷന് മുന്നിൽ കുടുംബം നടത്തിവന്ന കുത്തിയിരിപ്പ് സമരം താത്കാലികമായി അവസാനിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുടുംബവുമായി സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനം. നാളെ വൈകുന്നേരം നാലുവരെ കാത്തിരിക്കുമെന്നും ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും കുടുംബം വ്യക്തമാക്കി.
അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. കേസിലെ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നും വാഹന ഉടമയായ ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നുമാണ് ആവശ്യം. അതേസമയം പ്രതിയുടെ പിതാവായ ജഡ്ജിയെ കേസിൽ പ്രതിചേർത്തിട്ടുണ്ട്.
Kerala
മലപ്പുറം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ അധ്യാപകൻ മരിച്ചു. മലപ്പുറം ഒതുക്കുങ്ങലിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നു സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സ്കൂട്ടറിൽ സഞ്ചരിക്കവെ ആയിരുന്നു അപകടം. മദ്യലഹരിയിൽ ആയിരുന്ന കാർ ഡ്രൈവർ സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീൻ രാത്രി പന്ത്രണ്ടോടെ മരിച്ചു.
സ്വകാര്യ സ്കൂളിൽ താൽകാലിക അധ്യാപകനാണ് ഷറഫുദ്ദീൻ. മദ്യപിച്ച് വാഹനം ഓടിച്ച കാർ ഡ്രൈവറെ വേങ്ങര പൊലിസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്ക് എതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്.
Kerala
കൊച്ചി: ചേരാനെല്ലൂരിൽ അമിതവേഗത്തിൽ കാർ ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ 17കാരൻ അർധരാത്രി വാഹനവുമായി ഇറങ്ങിയത് റീൽസ് ചിത്രീകരിക്കാനെന്ന് പോലീസ്. അപകടം സംഭവിക്കുന്നതിന് മുമ്പ് ഇയാൾ 104 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലിസിനു ലഭിച്ചു.
ഇയാൾ സ്ഥിരമായി വാഹനം ഓടിക്കുന്നയാളാണെന്നും പൊലിസ് പറയുന്നു. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
Kerala
കോഴിക്കോട്: കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സഞ്ചാരികളുടെ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്.
കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കൂടരഞ്ഞി - കക്കാടംപൊയിൽ റൂട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ഹരിപ്പാട്: ഹരിപ്പാട്ട് വെള്ളാന ജംഗ്ഷനു സമീപം ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. ശനിയാഴ്ച രാത്രി ഏഴോടെ ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.
വിവരമറിഞ്ഞ് പൊലിസെത്തി ട്രാക്കിന് സമീപത്തുനിന്ന് ഇയാളെ കണ്ടെത്തി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് മുൻവശം കഷണ്ടിയും നരച്ച തലമുടിയും താടിയും മീശയുമാണുള്ളത്. കറുപ്പും ചാരനിറവും കലർന്ന വരകളുള്ള ടി-ഷർട്ടാണ് വേഷം.
Kerala
കൊച്ചി: ചേരാനല്ലൂരിൽ സ്കൂട്ടറിനു പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. പുലർച്ചെയാണ് സംഭവം. കാർ ഓടിച്ചിരുന്ന 17 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, അഡിഷണൽ ജഡ്ജിയുടെ മകനാണ് പടിയിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. അച്ഛന്റെ പേരിലാണ് കാർ. പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
Kerala
കോട്ടയം: വൈക്കത്തുനിന്നും പാലാ ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി മതിലിലിടിച്ചു. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. മുന്നിലിരുന്ന യാത്രക്കാർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
റോംഗ് സൈഡിൽ വന്ന മിനി ട്രക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിമാറ്റിയതിനെ തുടർന്നാണ് ബസ് മതിലിലിടിച്ചത്. പരിക്കേറ്റവരെ മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ഏറെയും സ്ത്രീകളായിരുന്നു. ബസിന്റെ മുൻഭാഗത്ത് ഇരുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളായ യാത്രക്കാർക്കാണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്.
Kerala
മലപ്പുറം: ടയർ പൊട്ടിയതിനെത്തുടർന്ന് സന്ദീപ് വാര്യർ എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
പുലർച്ചെ ദേശീയപാത 66ൽ മലപ്പുറം കോയിച്ചനയിൽ വച്ചായിരുന്നു അപകടം. ടയർ പൊട്ടിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തൊട്ടുപിന്നിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
Kerala
കോട്ടയം: പാമ്പാടിയിൽ രണ്ട് വിദ്യാർഥിനികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തു.ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് എഫ്ഐആർ. കട്ടപ്പന -കോട്ടയം റൂട്ടിലോടുന്ന സിഎംഎസ് ബസിലെ ഡ്രൈവർക്കെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.
സിസിടിവി പരിശോധിച്ചപ്പോൾ സ്വകാര്യ ബസ് അമിത വേഗത്തിലാണു സഞ്ചരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സമയം മറ്റൊരു ബസും ഇതേ റൂട്ടിൽ വന്നിരുന്നു. ബസുകൾ തമ്മിൽ മത്സരയോട്ടം നടന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം അപകടവുമായി ബന്ധപ്പെട്ട് റോഡിൽ അപകടകരമായ രീതിയിൽ നിന്നു സംസാരിച്ച രണ്ടുപേർക്കെതിരെയും അന്വേഷണം ആരംഭിച്ചു.
ഇവർ റോഡിലേക്ക് കയറി നിന്ന് സംസാരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ. പൊലിസും മോട്ടർ വാഹന വകുപ്പും കഴിഞ്ഞ രണ്ട് ദിവസമായി അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപകടത്തിൽ പാമ്പാടി ബ്ലോസംവാലി ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടറും കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളി വികാരിയുമായ ഫാ. കുര്യാക്കോസ് കടവുംഭാഗം–അനിത കുര്യൻ ദമ്പതികളുടെ മകൾ കൃപ മെറിൻ കുര്യാക്കോസ് (24), മീനടം വട്ടക്കാവുങ്കൽ വി.വി. തോമസ് (കൊച്ചുമോൻ)-മേരി തോമസ് (പൊന്നമ്മ) ദമ്പതികളുടെ മകൾ ആഷ്ലി ആൻ തോമസ് (25) എന്നിവരാണ് മരിച്ചത്.
Kerala
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ വാഹനത്തിന്റെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (ഇഡിആർ) വിവരങ്ങൾ ലഭിക്കാൻ വൈകും. വാഹനത്തിലെ ഇഡിആർ ജർമനിയിലേക്ക് അയച്ച് ബിഎംഡബ്ല്യു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരങ്ങൾ പൊലിസിന് കൈമാറൂ. കമ്പനിയുടെ സ്വകാര്യതാ നയങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിവരം.
അതിനിടെ അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്തയച്ചു.
അതേസമയം കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ്.ആന്റോ, അമീൻ ഷാ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും പൊലിസ് ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 11ന് പുലർച്ചെയുണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാർക്കാട് സ്വദേശിനി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. പുലർച്ചെ നാലോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായ രോഗിക്കും പരിക്കേറ്റു.
അപകടത്തെ തുടർന്ന് നിയന്ത്രണംവിട്ട ആംബുലൻസ് സമീപത്തെ പോസ്റ്റിലേക്കും ഇടിച്ചുകയറി. സുബൈർ സഞ്ചരിച്ച ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്. തിരുവമ്പാടിയിലെ ലിസി ആശുപത്രിയിൽ ഹൃദയാഘാതത്തെതുടർന്ന് ചികിത്സക്കെത്തിയ ആനക്കാംപൊയിൽ സ്വദേശിയെ നഗരത്തിലേക്കുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.
Kerala
കൊല്ലം: ശൂരനാട്ട് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥി കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ് അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് (9) ആണ് മരിച്ചത്.
ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച്ച രാത്രി 11.30നായിരുന്നു അപകടം. മദ്രസ വിദ്യാർഥികളുടെ വിനോദയാത്ര കഴിഞ്ഞെത്തിയ കുട്ടികൾ ബസിൽനിന്നിറങ്ങി റോഡിൻ്റെ മറുവശത്തേക്ക് പോയിരുന്നു.
ഇതിനിടെ ബസിൽ ചെരിപ്പ് മറന്നുവെച്ച ആഹിൽ അതെടുക്കാൻ തിരികെ വന്നു. ചെരിപ്പെടുത്തശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഹിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാലോടെ മരിച്ചു. ശൂരനാട് വടക്ക് പി.എസ്.പി.ടി.എം. എൽ.പി.എസ്. നാലാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. സഹോദരങ്ങൾ: അസ്ന, അമൽ.
Kerala
കോട്ടയം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ മേയാൻവിട്ട പശുക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. 12 പശുക്കളെയാണ് ചത്ത നിലയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇടിമിന്നലേറ്റാണ് പശുക്കൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച വൈകുന്നേരം മേഖലയിൽ ഇടിമിന്നലും കനത്ത മഴയുമുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി വരികയാണ്.
Kerala
കൊച്ചി: പെരുമ്പാവൂര്‍ തോട്ടപ്പാടം കവലയില്‍ സ്വകാര്യ ബസ് കത്തിനശിച്ചു. വെളുപ്പിന് മൂന്നോടെയാണ് സംഭവം. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടിലോടുന്ന പഞ്ചമി ബസ് ആണ് കത്തി നശിച്ചത്. സര്‍വീസിന് ശേഷം രാത്രി തോട്ടപ്പാടം കവലയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ബസ് മുഴുവനായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് മറ്റ് വണ്ടികളും സമീപത്ത് പെട്രോള്‍ പമ്പും ഉണ്ടായിരുന്നെങ്കിലും ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ കൃത്യസമയത്ത് എത്തി തീയണച്ചതിനാല്‍ വലിയ ദുരന്തം വഴിമാറി.
Kerala
ഒറ്റപ്പാലം: അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു. വ്യാഴാഴ്ച പുലർച്ചെ കടമ്പൂർ മാണിക്കംപാറയിലുണ്ടായ സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മാണിക്കംപാറ സ്വദേശികളായ ജനകി (60), മകൻ ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകളും തകർന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഓലപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പൊലിസ് പറഞ്ഞു. പരിക്കേറ്റ ജനകിയെയും ഷാജേഷിനെയും ഉടൻതന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. പടക്കങ്ങൾ അനധികൃതമായി സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഫോടനത്തിന്റെ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്.
Kerala
സുല്‍ത്താന്‍ ബത്തേരി: സ്ലാബ് ദേഹത്തുവീണ് യുവാവ് മരിച്ചു. മാനിവയല്‍ കൊല്ലംപറമ്പില്‍ ജോഷി-സിനി ദമ്പതികളുടെ മകന് ജസ്റ്റീന്‍ ജോഷിയാണ് (30) മരിച്ചത്. ബുധനാഴ്ച രാവിലെ 11.15 ഓടെ മാനിവയലിലാണ് അപകടം.
കരാറെടുത്ത് പൊളിക്കുകയായിരുന്ന പഴയ വീടിന്റെ സ്ലാബാണ് ദേഹത്ത് വീണത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: വടകര ഇരങ്ങൽ റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനി മരിച്ചു. ഇരിങ്ങൽ പെരുവയൽ പി.വി.സുജീഷിന്റെയും മഞ്ജുഷയുടെയും മകൾ എസ്.നന്ദന (23) ആണ് മരിച്ചത്.
അങ്കമാലി ശ്രീശങ്കര കോളജിലെ ഒന്നാം വർഷ എംഎ ഇംഗ്ലീഷ് വിദ്യാർഥിയായ നന്ദന പൂജാ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്കു പോയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരണം.
വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Kerala
കോട്ടയം: പാമ്പാടിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു യുവതികൾ മരിച്ചു. ദേശീയപാത 183ൽ പതിമൂന്നാം മൈലിലാണ് അപകടമുണ്ടായത്. മീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്ലി ആൻ തോമസ് (25), പാമ്പാടി പൊത്തൻപുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസിന്റെ (ബ്ലോസം വാലി ഡയറക്ടർ) മകൾ കൃപ മെറിൻ കുര്യൻ (25) എന്നിവരാണ് മരിച്ചത്.
കോട്ടയം-കട്ടപ്പന റൂട്ടിലോടുന്ന ബസിന്റെ അടിയിലേക്കു നിയന്ത്രണം വിട്ട സ്കൂട്ടർ കയറുകയായിരുന്നു. ബസിനടിയിൽപെട്ട ഇരുവരും അപകട സ്ഥലത്തു തന്നെ മരിച്ചു. ഒാസ്ട്രേലിയയിൽ ആയിരുന്ന കൃപ രണ്ടു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്.
സംഭവത്തിന്റെ ബസിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു മുന്നിൽ പോയിരുന്ന വാഗൺ ആർ കാർ, റോഡരികിൽ സംസാരിച്ചു നിന്നവരെ ഇടിക്കാതിരിക്കാൻ പെട്ടെന്നു വേഗം കുറച്ചപ്പോൾ ബ്രേക്ക് ചെയ്ത സ്കൂട്ടർ പാളി എതിരേ വന്ന ബസിനടിയിലേക്കു വീഴുകയായിരുന്നു.
പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും. ഇന്ന് വയനാട് കൽപറ്റ മടക്കിമലയിലെ ദേവികയുടെ വീട്ടിലാണ് സംഘം എത്തുക. പിന്നീട് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിലുള്ള ഇയ്യാസിന്റെ വീട്ടിലും പാലക്കാട് മണ്ണാർക്കാട് എടക്കുറിശി നെല്ലാറ്റ കരിമ്പയിലെ ഗോപികയുടെ വീട്ടിലും എത്തും.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. ചായക്കടയിൽനിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂവരും മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു ഇവർ.
അതേസമയം, പ്രതി സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നത് അടക്കമുള്ള കൂടുതൽ ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. അപകടനേരത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയത്രികരായ നിനവ്, ജോയൽ, അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Kerala
ആലുവ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷനിലുണ്ടായ സംഭവത്തിൽ പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്.
ചെന്നൈ-തിരുവനന്തപുരം ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ആലുവ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത ട്രെയിൻ വേഗം കുറച്ചപ്പോൾ ചാടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു എന്നാണ് വിവരം.
ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് പിന്നീട് നാട്ടിൽ തിരിച്ചെത്തി യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
ആലപ്പുഴ എസി റോഡിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം . മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ വലിയ കലവൂർ ഗോകുലം വീട്ടിൽ പരേതരായ കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും മകൻ ഗോകുൽ കൃഷ്ണൻ (44) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ എസി റോഡിൽ മങ്കൊമ്പ് മേൽപാലത്തിലാണ് അപകടം. ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക്, സ്കൂട്ടറിൽ തട്ടി നിയന്ത്രണം തെറ്റി കെഎസ്ആർടിസി ബസിനടിയിലേക്കു പോകുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
തലയ്ക്കു ഗുരുതര പരുക്കേറ്റ ഗോകുലിനെ പുളിങ്കുന്ന് പൊലിസിന്റെ നേത്യത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: സുനിത. മക്കൾ: ഹരികൃഷ്ണൻ, ഹൃദയ്. അപകടത്തിനു കാരണമായ സ്കൂട്ടർ പൊലിസ് കണ്ടെത്തി.
Kerala
കോട്ടയം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോട്ടയം സ്വദേശിനികളായ രണ്ടു നഴ്സുമാരുടെ സംസ്കാരം ഇന്നും നാളെയുമായി നടക്കും.
കോട്ടയം കിടങ്ങൂർ മറ്റത്തിൽ ഫ്രെഡി ജോസിന്റെ ഭാര്യ ജെയ്സിമോൾ മാത്യു (46), കോട്ടയം വേദഗിരി കുറുമുള്ളൂർ ആനചെരിഞ്ഞകുന്നേൽ ജോണിയുടെ മകൾ ജോബിന ജോണി (26) എന്നിവർ കഴിഞ്ഞ രണ്ടിനാണ് മക്ക പ്രവിശ്യയിലെ തായിഫ് റാനിയായിലുണ്ടായ അപകടത്തിൽ മരിച്ചത്.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകർ തമിഴ്നാട്ടിൽനിന്നുള്ള വിജയലക്ഷ്മി ജഗദീഷ് (36), തഞ്ചാവൂർ പട്ടുക്കോട്ടെ സ്വദേശിനി ഹെപ്സിബ ദേവമണി (33) എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനും മരിച്ചിരുന്നു.
വാരാന്ത്യത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയയിലേക്കു പോകവെയാണ് ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞത്. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള തായിഫ് ഗവർണറേറ്റിലെ അൽ ഗഫ, അൽ അവെയ്ല സർക്കാർ ഡിസ്പെൻസറികളിലെ ജീവനക്കാരായിരുന്നു ഇവർ. ഔദ്യോഗിക നടപടികൾ പൂർത്തിയായ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നെടുന്പാശേരിയിലെത്തിക്കും.
ജോബിനയുടെ സംസ്കാരം ഇന്ന്
ഇന്നു പുലർച്ചെ 4.20ന് കൊച്ചി നെടുമ്പാശേരിയിലെത്തിക്കുന്ന ജോബിനയുടെ മൃതദേഹം ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വേദഗിരി സെന്റ് മേരീസ് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. നാലിന് സംസ്കാരം. ജോബിനയുടെ അമ്മ: ബീന. സഹോദരൻ: ജോഷ്വാ.
ജെയ്സിയുടെ സംസ്കാരം നാളെ
നാളെ പുലർച്ചെ 4.20ന് കൊച്ചി നെടുമ്പാശേരിയിലെത്തിക്കുന്ന ജെയ്സിയുടെ മൃതദേഹം ഉച്ചകഴിഞ്ഞ് 3.30ന് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയിൽ സംസ്കരിക്കും. മറ്റക്കര കൊണ്ടൂർ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മകളാണ് ജെയ്സിമോൾ. മക്കൾ: ജസ്റ്റീന, ജൂഡിത്, ജോഷ്വാ (മൂവരും വിദ്യാർഥികൾ).