ചാമ്പ്യൻസ് എഫ് സി, യംഗ് ഷൂട്ടേർസ് എഫ്സി, ബ്രദേർസ്‌ കേരള, മലപ്പുറം ബ്രദേർസ്‌ ടീമുകൾക്ക് ജയം
Friday, November 9, 2018 8:36 PM IST
മിശ്രിഫ് (കുവൈത്ത്): കെഫാക് -യൂനിമണി സോക്കർ ലീഗ് ഗ്രൂപ്പ് മത്സരങ്ങളില്‍ ചാമ്പ്യൻസ് എഫ് സി, യംഗ് ഷൂട്ടേർസ് എഫ് സി, ബ്രദേർസ്‌ കേരള, മലപ്പുറം ബ്രദേർസ്‌ ടീമുകള്‍ക്ക് വിജയം.
‌‌‌‌
ആദ്യ മത്സരത്തില്‍ സിഎഫ്സി സാല്‍മിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചാമ്പ്യൻസ് എഫ്സി പരാജയപ്പെടുത്തിയത്.വിജയികള്‍ക്കുവേണ്ടി കിഷോര്‍ ഇരട്ട ഗോളുകള്‍ നേടി.

ഗോള്‍മഴ കണ്ട രണ്ടാം മത്സരത്തില്‍ യംഗ് ഷൂട്ടേർസ് എഫ് സി ഫഹാഹീൽ ബ്രദേഴ്സിനെതിരെ തകര്‍പ്പന്‍ ജയം നേടി. ഏകപക്ഷീയമായ ആറു ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പടെ നാല് ഗോളുകള്‍ നേടിയ ജിബിന്‍ ബാബുവും ഇരട്ട ഗോളുകള്‍ നേടിയ രാഹുലും വിജയശില്പിയായി.

തുടര്‍ന്നു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രദേര്‍സ് കേരള ട്രിവാൻഡ്രം സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി. നിയാസും ഇര്‍ഷാദും വിജയികള്‍ക്കുവേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ട്രിവാൻഡ്രം സ്‌ട്രൈക്കേഴ്‌സിനു വേണ്ടി തോമസ്‌ ആശ്വാസ ഗോള്‍ നേടി . അവസാന മത്സരത്തിൽ മലപ്പുറം ബ്രദേര്‍സ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കുവൈത്ത് കേരള സ്റ്റാറിനെ കീഴടക്കി. മലപ്പുറത്തിനുവേണ്ടി ഹാരിസ് രണ്ട് ഗോളുകളും ഫാസില്‍ ഒരു ഗോളും നേടി.

പഴയ കളിക്കാര്‍ അണിനിരന്ന മാസ്റ്റേഴ്സ് ലീഗില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാക് കുവൈത്ത് സിയസ്കോയെ തോല്‍പ്പിച്ചു. മാക് കുവൈത്തിനുവേണ്ടി ഫൈസലും മന്‍സൂറും ഗോള്‍ സ്കോര്‍ ചെയ്തപ്പോള്‍ നിയാസ് സിയാസ്കോയുടെ ആശ്വാസ ഗോള്‍ നേടി.

രണ്ടാം മത്സരത്തില്‍ സി എഫ് സി സാൽമിയ 3-1 ന് ട്രിവാൻഡ്രം സ്‌ട്രൈക്കേഴ്‌സിനെ തോല്‍പ്പിച്ചു. നൗഷാദ് ,ഉബൈസ് , അനോജ് എന്നിവര്‍ സിഎഫ്സിക്കുവേണ്ടിയും നജീബ് വി.എസ് ട്രിവാൻഡ്രത്തിന് വേണ്ടിയും ഗോളുകള്‍ നേടി.

മൂന്നാം മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഫഹഹീല്‍ എഫ്.സിയെ സോക്കര്‍ കേരള പരാജയപ്പെടുത്തി. സോക്കര്‍ കേരളക്കുവേണ്ടി പ്രസാദ് വിജയ ഗോള്‍ നേടി. അവസാന മത്സരത്തില്‍ ബ്രദേര്‍സ് കേരളയും സ്പാര്‍ക്സ് എഫ്സിയും തമ്മില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

സോക്കര്‍ ലീഗില്‍ മാന്‍ ഓഫ് ദി മാച്ചായി കിഷോര്‍ , ജിബിന്‍ ബാബു, ഇര്‍ഷാദ് , ഷാനവാസ് എന്നീവരെയും മാസ്റ്റേഴ്സ് ലീഗില്‍ മന്‍സൂര്‍, ഉബൈസ് ,പ്രസാദ്, റാസിഖ് എന്നിവരെയും തെരഞ്ഞടുത്തു.

നാളെ വൈകുന്നേരം മൂന്നുമുതൽ ഗ്രൂപ്പ് എ യിലെ മാസ്റ്റർഴ്സ് ലീഗ്,സോക്കർ ലീഗ് മത്സരങ്ങൾ മിശ്രിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോര്ട്സ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ