"യൂനിമോണി - കുവൈറ്റ്‌ പ്രീമിയർ ലീഗ് സീസണ്‍ 12' ഫൈനൽ ജനുവരി 25 ന്
Tuesday, January 22, 2019 8:21 PM IST
കുവൈത്ത് സിറ്റി: യൂനിമോണി - കുവൈറ്റ്‌ പ്രീമിയർ ലീഗ് സീസണ്‍ 12 കലാശപോരാട്ടം ജനുവരി 25ന് (വെള്ളി) ഉച്ചക്ക് ഖൈത്താൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറും. രാവിലെ നടക്കുന്ന തുല്യ ശക്തികൾ തമ്മിലുള്ള സെമിഫൈനൽ മത്സരത്തിലെ വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും.

കുവൈറ്റിലെ ക്രിക്കറ്റ് രാജാക്കന്മാരായ ഫ്രൈഡേ കോർട്ട് , ഡെസേർട്ട് ഹോക്സ് , ഫ്രണ്ട്‌സ് കുവൈറ്റ് , യുകെസിസി എന്നിവരാണ് സെമി ബെർത്ത് ഉറപ്പിച്ച ടീമുകൾ.
ഇന്ത്യയിലെ പേരുകേട്ട ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കാരായ കൃഷ്ണ മുംബൈ , ശൈലേഷ് കാഞ്ചൻ , ഉസ്മാൻ പട്ടേൽ , അജാസ് ഖുറൈശി , ശുഭം, മുൻ കുവൈറ്റ് നാഷണൽ ടീമംഗം സാജിദ് കലാം എന്നിവർ സെമി മത്സരങ്ങളിൽ നേർക്ക് നേർ ഏറ്റുമുട്ടും .

രാവിലെ 6.45 ന് നടക്കുന്ന സെമിഫൈനൽ മത്സരത്തിൽ അബാസിയ ടിസിആർ ഗ്രൗണ്ടിൽ ഫ്രണ്ട്‌സ് കുവൈറ്റ് യുകെസിസി യെ നേരിടുമ്പോൾ , ടീം അബാസിയ ഗ്രൗണ്ടിൽ ഫ്രൈഡേ കോർട്ട് ഡെസേർട്ട് ഹോക്‌സിനെ നേരിടും.

വിജയികൾക്ക് യൂനിമോണി, ട്രാൻസ്‌ഫാസ്റ്റ് ട്രോഫിയും കെപിഎൽ കാഷ് അവാർഡും സീസണ്‍ 12 ലെ മികച്ച കളിക്കാരന് എറ്റെർനിറ്റി ട്രാവൽസ് നല്കുന്ന വിമാന ടിക്കറ്റും ലഭിക്കും.

സമ്മാനദാന ചടങ്ങിൽ വിശിഷ്ടാഥിതികളായി യൂനിമോണി റീജണൽ മാനേജർ രഞ്ജിത്ത് എസ്. പിള്ള, ട്രാൻസ്‌ഫാസ്റ്റ് കൺട്രി മാനേജർ രാജേഷ്, ബദർ അൽ സമ മാനേജർ അഷ്‌റഫ് അയ്യൂർ, എറ്റേർണിറ്റി ബ്രാഞ്ച് മാനേജർ സുഹൈൽ ഷെയ്ഖ്, ഫോർ കളേഴ്സ് മാനേജിംഗ് പാർട്ണർ മുജീബ്, സ്‌പോർട്ടക്‌ പാർട്ണർ അബാസ് , കെപിഎൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശുഐബ് , സമീഉല്ല , നിയാസ് ലത്തീഫ് , ഷബീർ ബഷീർ , സാബു മുഹമ്മദ് എന്നിവർ സംബന്ധിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ