കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് കുവൈത്ത് ചാപ്റ്റര്‍ ആരംഭിക്കും
Wednesday, February 20, 2019 7:37 PM IST
കുവൈത്ത് സിറ്റി: കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് മിഡിൽ ഈസ്റ്റ് പ്രവര്‍ത്തനങ്ങള്‍ കുവൈത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നതായി ഡയറക്ടറും തെന്നിന്ത്യന്‍ ചലച്ചിത്രതാരവുമായ രവീന്ദ്രന്‍ പറഞ്ഞു. ബഹറിനിൽ നടത്തിയ കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ കുവൈത്തിൽനിന്ന് പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകർക്കുവേണ്ടി നിക്കോണുമായി സഹകരിച്ച് ദ്വിദിനശില്‍പശാല നടത്താൻ എത്തിയതായിരുന്നു അദ്ദേഹം.

നടൻ മോഹന്‍ലാല്‍ ചെയർമാനും രവീന്ദ്രന്‍ ഫെസ്റ്റിവൽ ഡയറക്ടറും സിഇഒയുമായി 2014ലാണ് കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് രൂപവത്കരിച്ചത്. ബഹറിൻ, സൗദി, ഒമാന്‍, യുഎഇ എന്നിവിടങ്ങളിൽ ചാപ്റ്ററുകൾ ഇപ്പോൾ സജീവമാണ്. ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനോടൊപ്പം പ്രവാസലോകത്തെ പുതിയ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുകയും അവര്‍ക്ക് സൃഷ്ടിപരവും സാങ്കേതികവുമായ പ്രോത്സാഹനങ്ങളും സഹായവും നല്‍കുകയും ചെയ്യുക എന്നതാണ് കൊച്ചി മെട്രോയുടെ പ്രഥമ ലക്ഷ്യം.

പ്രവാസലോകത്തെ പുതുമുഖ സംവിധായകർക്കും എഴുത്തുകാർക്കും നിർമാതാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും അഭിനേതാക്കൾക്കും ചലച്ചിത്രലോകത്തേക്ക് ചുവടുവയ്ക്കുന്നതിന് കൊച്ചി മെട്രോ അവസരങ്ങള്‍ സൃഷ്ടിക്കും. നല്ല ചലച്ചിത്ര സംസ്കാരം വളര്‍ത്തുന്നതിന് സഹായകരമായ ആസ്വാദന കളരികള്‍, സെമിനാറുകൾ, സാങ്കേതിക ശിൽപശാലകൾ തുടങ്ങിയവയും കൊച്ചി മെട്രോ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ