ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ ജൂൺ 26 ന്
Friday, June 21, 2019 5:29 PM IST
റിയാദ്: സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അംഗീകാരത്തോടെ 2012 മുതൽ അന്താരാഷ്ട്രതലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്ന സുബൈർ കുഞ്ഞു ഫൗണ്ടേഷന്‍റെ "റിസ' നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 -നു വിവിധ രാജ്യങ്ങളിലെ സ്കൂളുകളിലെ കൗമാരക്കാരായ കുട്ടികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കുന്നു .

സൗദി അറേബ്യ, യുഎഇ ഒമാൻ, മറ്റു ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിവിധ ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ചു ആരംഭിച്ച പരിപാടിയിൽ മുൻവർഷങ്ങളിൽ പതിനായിരക്കണക്കിന് കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തിരുന്നു. ഇക്കൊല്ലം കൂടുതൽ സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് കേരളത്തിലും പരിപാടി സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.

റിസയുടെ വിവിധ റീജണൽ / സോണൽ ഘടകങ്ങൾ അതതു പ്രദേശങ്ങളിലെ പരിപാടികൾക്ക് നേതൃത്വം നൽകും. പരിപാടിക്കായി തയാറാക്കിയ ലഖുലേഖ, പ്രതിജ്ഞ, ഫീഡ്ബാക്ക് ഫാറം, തുടങ്ങിയവ https://itsssl.com/WDD2019 എന്ന ലിങ്കിൽ ലഭ്യമാണ്.

ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ് തന്നെ തടയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചുവരുന്ന പ്രതിജ്ഞാ പരിപാടിയിൽ ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കണമെന്നും റിസ കൺവീനറും സുബൈർകുഞ്ഞു ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. എസ് .അബ്ദുൾ അസീസ്, പ്രോഗ്രാം കൺസൾട്ടന്‍റ് ഡോ. എ .വി .ഭരതൻ എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക് [email protected]

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ