പൊതുമാപ്പ്: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ അടിയന്തരമായി യാത്രാ സൗകര്യമൊരുക്കണം
Saturday, March 28, 2020 9:19 AM IST
കുവൈത്ത്: കുവൈത്തിൽ താമസ നിയമ ലംഘകർക്കു ഏപ്രിൽ ഒന്നു മുതൽ മുപ്പതു വരെ ഇഖാമകാലാവധി കഴിഞ്ഞവർക്കും താമസരേഖ ഇല്ലാത്തവർക്കും പിഴ കൂടാതെ രാജ്യം വിടാൻ ഒരു മാസത്തെ സമയം അനുവദിച്ച സാഹചര്യത്തിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വന്തം നാട്ടിലേക്കു തിരിച്ചു വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ യാത്രാ സൗകര്യ മൊരുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ബാബു ഫ്രാൻസീസ്‌ ,വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ, വിദേശകാര്യ വകുപ്പു സെക്രട്ടറി എന്നിവർക്ക് നിവേദനം സമർപ്പിച്ചു.

ഇന്ത്യയിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര, ആഭ്യന്തര യാത്രകൾക്കുള്ള നിയന്ത്രണമുള്ള സാഹചര്യത്തിൽ, കുവൈത്തിൽ നിന്നുള്ള പ്രത്യേക ഇളവിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്ന ഇന്ത്യൻ പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകി 2020 ഏപ്രിൽ 1 മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികളെ സ്വദേശത്ത് എത്തിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.