യുഎഇ സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞവർക്ക് ഒരു മാസത്തെ അധിക സമയം അനുവദിച്ചു
Wednesday, August 12, 2020 8:36 PM IST
അബുദാബി: സന്ദർശക വീസയുടെ കാലാവധി തീർന്ന് രാജ്യത്ത് തങ്ങുന്നവർക്ക് യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് തിങ്കളാഴ്ച ഒരു മാസത്തെ അധിക സമയം കൂടി അനുവദിച്ചു. ഓഗസ്റ്റ് 11 മുതൽ ആരംഭിച്ച് ഒരു മാസത്തേക്കാണ് ഇതിന്‍റെ കാലാവധി.

മാർച്ച് 10 നുശേഷം കാലാവധി കഴിഞ്ഞ യുഎഇ സന്ദർശക വീസയോ, ടൂറിസ്റ്റ് വീസയോ കൈവശമുള്ളവർ 2020 ജൂലൈ 11 മുതൽ ഒരു മാസത്തിനുള്ളിൽ അതായത് ഓഗസ്റ്റ് 11 നകം യുഎഇയിൽ നിന്ന് പുറത്തുപോകണമെന്ന് ജൂലൈ 10 ന് യുഎഇ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇക്കാലയളവിൽ യാതോരുവിധ പിഴയോ നിയമനടപടികളോ നേരിടേണ്ടിവരില്ലായിരുന്നു. ഈ ഉത്തരവാണ് ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.