കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക്
Saturday, January 29, 2022 8:42 AM IST
കുവൈറ്റ് സിറ്റി : കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതല്‍ ആദ്യ അഞ്ചു മാസത്തിനുള്ളിൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം യാത്രക്കാർ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തതായി ഡിജിസിഎ അറിയിച്ചു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ യാത്രാവിലക്ക് പിന്‍വലിച്ചതിനു ശേഷം വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ഔദ്യോഗിക കണക്കാണിത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നു അടച്ചിരുന്ന വിമാനത്താവളം രണ്ട് ഡോസ് അംഗീകൃത വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായി കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിനാണ് തുറന്നത്. ഓഗസ്റ്റ് മുതൽ 2021 ഡിസംബർ അവസാനം വരെയുള്ള കാലയളവിൽ 1.377 ദശലക്ഷം സ്വദേശികളും പ്രവാസികളും രാജ്യം വിട്ടതായും അതേ കാലയളവിൽ 1.18 ദശലക്ഷം യാത്രക്കാർ കുവൈറ്റിലെത്തിയതായും അധികൃതര്‍ പറഞ്ഞു.

വിദേശികള്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിനുശേഷം കഴിഞ്ഞ ഡിസംബർ അവസാനം വരെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി 22,500 ലധികം വിമാനങ്ങളാണ് ഓപ്പറേറ്റ് ചെയ്തത്. ഇതിൽ 11,228 വിമാനങ്ങൾ കുവൈറ്റിലേക്കും 11,276 വിമാനങ്ങൾ തിരിച്ചും സർവീസ് നടത്തിയതായി ഡിജിസിഎ അധികൃതര്‍ വെളിപ്പെടുത്തി.

സലിം കോട്ടയിൽ