സൗദിയിൽ കഴിഞ്ഞവർഷം 345 പേരെ വധശിക്ഷയ്ക്ക് ഇരയാക്കി
Tuesday, July 8, 2025 10:07 AM IST
ലണ്ടൻ: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധേയരാകുന്നവരുടെ എണ്ണം വർധിച്ചു. കഴിഞ്ഞ വർഷം 345 കുറ്റവാളികളെ സൗദി സർക്കാർ വധശിക്ഷയ്ക്ക് ഇരയാക്കിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ അറിയിച്ചു.
ഈ വർഷത്തെ ആദ്യ ആറു മാസങ്ങളിൽ 180 പേരുടെ വധശിക്ഷയും നടപ്പാക്കി. ഇക്കണക്കിനു പോകുകയാണെങ്കിൽ ഈ വർഷത്തെ സംഖ്യ മുൻവർഷത്തേക്കാളും മുകളിലായിരിക്കുമെന്നാണു സൂചന.
അക്രമപ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത മയക്കുമരുന്നു കുറ്റവാളികൾക്കാണു സൗദി ഭരണകൂടം കൂടുതലായും വധശിക്ഷ വിധിക്കുന്നത്. ഈ വർഷം നടപ്പാക്കപ്പെട്ട വധശിക്ഷകളിൽ മൂന്നിൽ രണ്ടും ഇത്തരം കേസുകളായിരുന്നു. വിദേശികൾക്കും ധാരാളമായി വധശിക്ഷ വിധിക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നതു ചൈനയാണ്. എന്നാൽ ചൈനയിലെ കണക്കുകൾ പുറംലോകത്തിനു ലഭിക്കാറില്ല. ഇതു കഴിഞ്ഞാൽ ഇറാനിലാണ് ഏറ്റവും കൂടുതൽ പേരെ വധശിക്ഷയ്ക്കു വിധേയരാക്കുന്നത്.