റഹീം മോചന കേസ്: അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്, ആകാംക്ഷ
Tuesday, July 1, 2025 1:33 PM IST
കോഴിക്കോട്: സൗദി ജയിലില്‍ മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്.
റഹീമിന് 20 വര്‍ഷം തടവുശിക്ഷ വിധിച്ച റിയാദ് ക്രിമിനല്‍ കോടതി വിധിക്കെതിരേ പബ്ലിക് പ്രോസിക്യൂഷന് മേല്‍ക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലെ ആവശ്യം എന്താണെന്ന് വ്യക്തമല്ല.
ഉള്ളടക്കമറിയാന്‍ അടുത്ത സിറ്റിംഗ്വരെ കാത്തിരിക്കണം. സൗദി ബാലന് കൊല്ലപ്പെട്ട സംഭവത്തില്‍ റഹീമിന് 20 വര്‍ഷം തടവുശിക്ഷ മേയ് 26ന് കോടതി വിധിച്ചിരുന്നു. ഇതില്‍ 19 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയായി. ഇനി ഒരു വര്‍ഷം മാത്രമാണ് തടവുള്ളത്.
അതിനിടയിലാണ് അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന് രംഗത്തുവന്നിട്ടുള്ളത്. ഭിന്നശേഷിക്കാനായ ബാലന് കൊല്ലപ്പെട്ട കേസായതിനാല്‍ ശിക്ഷ വര്‍ധിപ്പിക്കാന്‍ പ്രോസിക്യൂഷന് ആവശ്യപ്പെടുമോ എന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.
എന്നാല്‍ ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് റിയാദ് സഹായസമിതി പ്രതികരിച്ചു. ഏതൊരു കീഴ്കോടതി വിധിക്കും ശേഷം പബ്ലിക് പ്രോസിക്യൂഷന് അപ്പീല്‍ പോകുന്നത് പതിവാണ്. ഇതു സ്വാഭാവിക നടപടി മാത്രമാണ്.
ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും കേസിന്റെ നിലവിലെ സ്ഥിതിയെ ബാധിക്കാന്‍ സാധ്യതയില്ലെന്നുമാണ് നിയമ വിദഗ്ദരില്നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്നും സഹായ സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേസില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് അബ്ദുല്‍ റഹീം ഇന്ത്യന്‍ എം ബസിയേയും അഭിഭാഷകരെയും അറിയിച്ചിരുന്നു. അപ്പീലിന് 30 ദിവസത്തെ സമയമുണ്ടായിരുന്നു. റഹീമിന്റെ അഭിഭാഷകരായ ഡോ. റെന അബ്ദുല്‍ അസീസ്, ഒസാമ അല്അമ്പര് എന്നിവര്‍ അപ്പീലിന് തയാറായെങ്കിലും റഹീമിന്റെ അഭിപ്രായം മാനിച്ച് മുന്നോട്ട് പോയില്ല.
അതേസമയം, തടവുകാലം 19 വര്‍ഷം പൂര്‍ത്തിയാക്കിയതും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് റഹീമിന്റെ മോചനം വേഗത്തിലാക്കാന്‍ റിയാദ് ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കാനൊരുങ്ങുകയാണ് സഹായസമിതി. റഹീമിന്റെ വധശിക്ഷ നേരത്തെ റദ്ദാക്കിയിട്ടുണ്ട്.