ഫ്രാൻസിസ് മാർപാപ്പാ ലിത്വാനിയയിൽ
Monday, September 24, 2018 8:57 PM IST
വിൽനിയൻസ്: ബാൾട്ടിക് രാജ്യങ്ങളിലെ സന്ദർശനത്തിന്‍റെ ഭാഗമായി ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പാ ലിത്വാനയിലെത്തി. തലസ്ഥാനമായ വിൽനിയസ് വിമാനത്താവളത്തിൽ എത്തിയ പാപ്പായെ ലിത്വാനിയൻ പ്രസിഡന്‍റ് ഡാലിയ ഗ്രിബൗസ്കൈറ്റെ സ്വീകരിച്ചു.

റഷ്യൻ ഓർത്തഡോക്സ് സഭാ നേതാക്കളുമായും പ്രൊട്ടസ്റ്റന്‍റ് മത നേതൃത്വവുമായും പാപ്പാ കൂടിക്കണ്ടു. സന്ദർശനത്തിന്‍റെ രണ്ടാം ദിനമായ ഞായറാഴ്ച രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കൗനാസിലെ തുറന്ന വേദിയിൽ ദിവ്യബലിയർപ്പിച്ചു. നാസി, സോവിയറ്റ് പീഡനങ്ങൾ ഏറ്റവർക്ക് ദിവ്യബലിക്കിടെ മാർപാപ്പാ ആദരാഞ്ജ്ജലികളർപ്പിച്ചു.സോവ്യറ്റ് പീഡനം ഏറ്റവരുടെ സ്മരണയ്ക്കായി വിൽനിയസിൽ സ്ഥാപിച്ച മ്യൂസിയത്തിലെത്തി മാർപാപ്പ ഗസ്റ്റ് ബുക്കിൽ ഒപ്പുവച്ചു. ജൂതർക്കുവേണ്ടിയുള്ള സ്മൃതിമണ്ഡപവും അദ്ദേഹം സന്ദർശിച്ചു.

ഒരുകാലത്ത് ജൂതരുടെ ശക്തി കേന്ദ്രമായിരുന്ന ലിത്വാനിയ അഞ്ചു പതിറ്റാണ്ടുകാലം റഷ്യയുടെ അധിനിവേശത്തിലായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ ജൂതരെ കൊന്നൊടുക്കി. രജ്യദ്രോഹ കുറ്റം ചുമത്തി കുറെപ്പേരെ സൈബീരിയിലേയ്ക്കു നാടുകടത്തി. ഇപ്പോൾ നാമമാത്ര ജൂതരാണ് ലിത്വാനയിലുള്ളത്.

റഷ്യൻ/ജർമൻ കോളനിയായിരുന്ന ലിത്വാനിയ 1918 ലാണ് സ്വാതന്ത്ര്യം പ്രാപിച്ചത്.അടുത്ത രണ്ടു ദിവസങ്ങളിലായി ലാത്വിയയും എസ്തോണിയയും മാർപാപ്പാ സന്ദർശിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ