മെർക്കൽ മാപ്പ് പറഞ്ഞു
Monday, September 24, 2018 9:19 PM IST
ബലിൻ: ജർമനിയുടെ മുൻ ആഭ്യന്തര ഇന്‍റലിജൻസ് മേധാവി ഹാൻസ് ജോർജ് മാസെൻ വിഷയത്തിൽ ചാൻസലർ ആംഗല മെർ‌ക്കൽ മാപ്പ് പറഞ്ഞു.

രണ്ടാഴ്ച മുൻപ് ഷേംനിട്സ് നഗരത്തിൽ അഭയാർഥികൾ നടത്തിയ തെരുവ് യുദ്ധത്തിൽ ഒരു ജർമൻ സ്വദേശി മരിക്കാനിടയായ സംഭവം മെർക്കലിനെ ചൊടിപ്പിക്കുകയും ആഭ്യന്തര ഇന്‍റലിജൻസ് മേധാവി ആയിരുന്ന മാസിനെ തൽ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ നടപടിയെ ചോദ്യം ചെയ്ത് ഭരണ കഷിയിലെ സോഷ്യലിസ്റ്റ് പാർട്ടി കലാപം ഉയർത്തിയത്‌ ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന്‍റെ വെളിച്ചത്തിലാണ് മെർക്കലിന്‍റെ സഹോദര പാർട്ടിയും ആഭ്യന്തര മന്ത്രിയുമായ ഹോഴ്സ്റ്റ് സീഹൊഫർ, മാസിന് ഉയർന്ന വേതനത്തിൽ ആഭ്യന്തര സെക്രട്ടറി പദത്തിലേക്ക് ഉയർത്തിയത്. ഇതിനെതിരെ സോഷ്യലിസ്റ്റുകൾ മന്ത്രി സഭ മറിച്ചിടുമെന്ന ഭീഷണി യുമായി വർധിത വീര്യത്തോടെ എതിർത്തപ്പോൾ മെർക്കൽ വിഷയത്തിൽ ഇടപെട്ട് മാപ്പ് പറയുക ആയിരുന്നു.

യൂറോപ്പിലെയും ജർമനിയിലെയും ആഭ്യന്തര പ്രശ്നങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുന്ന ഉപദേഷ്ടാവ് എന്ന പദവിയിലാണ് മാസിനെ നിയമിച്ചിരിക്കുന്നത്.

ബർലിനിൽ ചേർന്ന ഭരണ മുന്നണി യോഗത്തിൽ ആണ് മെർക്കൽ ഖേദം പ്രകടിപ്പിച്ചത്.
യോഗത്തിൽ മെർക്കലിനെ കൂടാതെ സീഹോഫർ, സോഷ്യലിസ്റ്റ് പാർട്ടി അധ്യക്ഷ ആൻഡ്രിയ നാലെസ് തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ