കൊളോണ്‍ കേരള സമാജം പാചക ക്‌ളാസ് ഒക്‌ടോബര്‍ 22 ന്
Friday, October 19, 2018 2:59 PM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ രുചി തേടിയുള്ള യാത്രയിലെ പത്താമത് പാചക ക്‌ളാസ് ഒക്‌ടോബര്‍ 22 നു (തിങ്കള്‍) വൈകുന്നേരം നാലിനു കൊളോണ്‍ റാഡര്‍ത്താലിലെ സെന്റ് മരിയ എംഫേഗ്‌നസ് ദേവാലയ ഹാളിന്റെ (ബ്രൂലര്‍ സ്ട്രാസെ 122, 50968, കൊളോണ്‍, റാഡര്‍ബര്‍ഗ്) അടുക്കളയില്‍ നടക്കും.

കഴിഞ്ഞ എട്ടുവര്‍ഷമായി നടത്തിവരുന്ന പാചക ക്‌ളാസുകളില്‍ എല്ലാ തവണയും കേരളീയ വിഭവങ്ങളാണ് വിഷയങ്ങളായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി ഇറ്റാലിയന്‍ വിഭവങ്ങളാണ് ഇപ്രാവശ്യം വിഷയമായി എടുത്തിട്ടുള്ളത്. അപ്പറ്റൈസര്‍, മെയിന്‍ഡിഷ്, ഡസേര്‍ട്ട് എന്നിവ ഉള്‍പ്പെടുത്തി നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കളാസില്‍ തിയറിയ്‌ക്കൊപ്പം പ്രാക്ടിക്കലും ഉണ്ടായിരിയ്ക്കും.

മലയാളി രണ്ടാം തലമുറയിലെ ദമ്പതികളായ ഡോ.മരിയ പുതുശേരിയും, നിക്കോ പുതുശേരിയുമാണ് ഇത്തവണ ക്‌ളാസ് നയിക്കുന്നത്. സമാജത്തിലെ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വേണ്ടി സംഘടിപ്പിയ്ക്കുന്ന ക്‌ളാസില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ സമാജം പ്രസിഡന്റ് ജോസ് പുതുശേരി(02232 34444), വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോയിക്കര (0211 413637)എന്നിവരുടെ പക്കല്‍ എത്രയും വേഗം പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സമാജം ഭാരവാഹികള്‍ അഭ്യര്‍ത്ഥിയ്ക്കുന്നു.

മുപ്പത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള സമാജത്തിന്റെ ഭരണ സമിതിയിലെ മറ്റംഗങ്ങള്‍ ഡേവീസ് വടക്കുംചേരി(ജന.സെക്രട്ടറി) ഷീബ കല്ലറയ്ക്കല്‍(ട്രഷറാര്‍), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), പോള്‍ ചിറയത്ത്, (സ്‌പോര്‍ട്‌സ് സെക്രട്ടറി ), ജോസ് നെടുങ്ങാട് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍