രണ്ടാമത് അഭിഷേകാഗ്നി കൺവൻഷന് ഇന്ന് തുടക്കമാകും
Saturday, October 20, 2018 5:17 PM IST
ബർമിംഗ്ഹാം: വചനാഭിഷേകത്തിന്‍റേയും ആത്മീയ ഉണർവിന്‍റേയും പുത്തൻകാലത്തിന് ഇന്ന് ബർമിംഗ്ഹാം ബഥേൽ സെന്‍ററിൽ തുടക്കമാകും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒരുക്കുന്ന ഏകദിന കൺവൻഷന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലും സെഹിയോൻ മിനിസ്ട്രി ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിലുമാണ് നേതൃത്വം നൽകുന്നത്.

കവൻട്രി റീജണിലുള്ള വിശ്വാസികൾക്കായി ഒരുക്കുന്ന ആദ്യദിനത്തിലെ ശുശ്രൂഷകൾ രാവിലെ ഒന്പതിന് പ്രാരംഭപ്രാർഥനകളോടെ ആരംഭിക്കും. ഉച്ചയ്ക്കു നടക്കുന്ന ദിവ്യബലിയിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകും. വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, സ്തുതി ഗീതങ്ങൾ തുടങ്ങിയവയും വിശ്വാസികൾക്കു നവ്യാനുഭവമാകും.

കവൻട്രി റീജണിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെ അംഗങ്ങളും ഏകദിന കൺവൻഷനിൽ സംബന്ധിക്കും. ഫാ. ടെറിൻ മുള്ളക്കര കൺവീനറായുള്ള കമ്മിറ്റിയാണ് ഒരുക്കങ്ങൾ ക്രമീകരിക്കുന്നത്.

സ്കോട്‌ലൻഡിലെ മദർവെൽ സിവിക് സെന്‍ററിൽ ഞായറാഴ്ച ഗ്ലാസ്ഗോ റീജണിന്‍റെ ഏകദിന കൺവൻഷൻ നടക്കും. എല്ലാ ദിവസങ്ങളിലും കുട്ടികൾക്കായുള്ള പ്രത്യേക ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്. പാർക്കിംഗ് സൗകര്യം ലഭ്യമാണ്.

റിപ്പോർട്ട് :ഫാ. ബിജു കുന്നക്കാട്ട്