നെതർലൻഡ്സിൽ ജെൻഡർ ന്യൂട്രൽ പാസ്പോർട്ടുകൾ
Saturday, October 20, 2018 8:47 PM IST
ആംസ്റ്റർഡാം: നെതർലൻഡ്സിൽ ആദ്യമായി ജെൻഡർ ന്യൂട്രൽ പാസ്പോർട്ട് ഏർപ്പെടുത്തി. 57 വയസുള്ള ലിയോണ്‍ സീഗേഴ്സാണ് ഇതിന്‍റെ ആദ്യത്തെ അവകാശി. സീഗേഴ്സിന്‍റെ പാസ്പോർട്ടിൽ ജെൻഡറിനു നേരേ എക്സ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുരുഷൻമാർക്ക് എം എന്നും സ്ത്രീകൾക്ക് വി എന്നും എഴുതുന്നതായിരുന്നു പഴയ രീതി.

ആണായി ജനിച്ച സീഗേഴ്സ് 2001ൽ ശസ്ത്രക്രിയ നടത്തി പെണ്ണ് ആകുകയായിരുന്നു. ഇപ്പോൾ ഇന്‍റർസെക്സ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ജെൻഡർ ന്യൂട്രൽ എന്നു രജിസ്റ്റർ ചെയ്യാൻ അനുവദിക്കാതിരിക്കുന്നത് സ്വകാര്യതയുടെയും സ്വയം നിർണയാവകാശത്തിന്‍റെയും സ്വയം പരമാധികാരത്തിന്‍റെയും ലംഘനമാണെന്നു കാണിച്ച് സീഗേഴ്സ് കോടതിയെ സമീപിച്ച് അനുകൂല വിധി സന്പാദിക്കുകയായിരുന്നു. ഇതെത്തുടർന്നാണ് പാസ്പോർട്ടിൽ എക്സ് എന്നു രേഖപ്പെടുത്താനുള്ള സംവിധാനം ഏർപ്പെടുത്തിയത്.

ഡച്ച് ജനതയിൽ നാലു ശതമാനത്തോളം പേരാണ് ആണായോ പെണ്ണായോ അറിയപ്പെടാൻ ആഗ്രഹിക്കാത്തത്.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ