സ്റ്റീവനേജിൽ ജപമാല രാജ്ഞിയുടെ തിരുനാളും കേരള ദുരിതാശ്വാസ ഫണ്ട് ശേഖരണവും
Monday, October 22, 2018 9:54 PM IST
സ്റ്റീവനേജ്: വെസ്റ്റ് മിനിസ്റ്റർ ചാപ്ലൈൻസിയുടെ കീഴിലുള്ള സീറോ മലബാർ കുർബാന കേന്ദ്രമായ സ്റ്റീവനേജിൽ ജപമാല രാജ്ഞിയുടെ തിരുനാളും ദശ ദിന കൊന്ത സമർപ്പണ സമാപനവും ഭക്ത്യാദരപൂർവം സംഘടിപ്പിച്ചു.

സ്റ്റിവനേജിലും പ്രാന്തപ്രദേശങ്ങളിലും നിന്നുമായെത്തിയ മരിയൻ ഭക്തർക്ക് അനുഗ്രഹ സാഫല്യത്തിന്‍റെ അനുഭവമായി മാറിയ തിരുനാൾ തിരുക്കർമങ്ങൾക്ക് സീറോ മലബാർ സഭ ചാപ്ലയിൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാല നേതൃത്വം നൽകി.

'മാനവരാശി, അഹങ്കാരത്തിന്‍റേയും അധാർമികതയുടെയും ബാബേലുകൾ അല്ല, മറിച്ച്,
എളിമയുടെയും ദൈവാനുഭവത്തിന്‍റേയും ബഥേലുകൾ ആണ് പണിതുയർത്തേണ്ടത്.ബാബേൽ തകർന്നടിയും. സമാധാനവും സന്തോഷവും നിത്യരക്ഷയും പ്രഥാനം ചെയ്യുന്ന ശാശ്വത വിജയം ആണ് ബഥേൽ നൽകുക. വിശ്വാസികളുടെ ജീവിത മാതൃകയും മാധ്യസ്ഥയുമായ പരിശുദ്ധ അമ്മ, ദൈവത്തെ പ്രകീർത്തിക്കുവാൻ മാത്രമാണ് തന്‍റെ ജീവിതം ഉഴിഞ്ഞുവച്ചത്. സഭാ മക്കളും തങ്ങൾ ദൈവ മഹത്വത്തിനുതകുന്ന ജീവിത സാക്ഷികളായി വർത്തിക്കണമെന്നും - സെബാസ്റ്റ്യൻ അച്ചൻ വചന സന്ദേശത്തിൽ ഓർമിപ്പിച്ചു.


തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ട് നടന്ന ആഘോമായ പ്രദക്ഷിണം തദ്ദേശീയരുടെ മുമ്പാകെ സഭാ മക്കളുടെ വിശ്വാസ പ്രഘോഷണ റാലിയായി മാറി. തിരുനൾ തിരുക്കർമങ്ങൾക്ക് ശേഷം സമാപന ആശീർവാദവും മാതാവിന്റെ രൂപം മുത്തലും,നേർച്ച വിതരണവും, കഴുന്നെടുക്കലും നടന്നു. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ തിരുനാൾ ആഘോഷത്തിനു കൊടിയിറങ്ങി.

കൈക്കാരന്മാരായ സാംസൺ, മെൽവിൻ എന്നിവരുടെ നേതൃത്വത്തിൽ ബെന്നി, സജൻ,അജിമോൻ, ബോബൻ, ടെറീന, സിജോ, ജോയി, തോമസ്, ആനി,പ്രിൻസൺ, ബിജു, കിരൺ, റോയീസ്, അപ്പച്ചൻ തുടങ്ങിയവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് : അപ്പച്ചൻ കണ്ണഞ്ചിറ