ഫാ. തോമസ് കൊച്ചുചിറ റൂബി ജൂബിലി നിറവില്‍
Monday, October 22, 2018 10:30 PM IST
വിയന്ന: റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയുടെ (തേര്‍ഡ് ഓര്‍ഡര്‍ റെഗുലര്‍- ടിഒആര്‍) വൈദികനായി കഴിഞ്ഞ 26 വര്‍ഷമായി യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫാ. തോമസ് കൊച്ചുചിറ പൗരോഹിത്യജീവിതത്തിന്‍റെ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്നു.

1983 മുതല്‍ ടിഒആര്‍ സഭയെ ഏല്പിച്ചിരിക്കുന്ന വിയന്നയിലെ പതിനാലാമത്തെ ജില്ലയിലുള്ള വോള്‍ഫേഴ്‌സ്‌ബെര്‍ഗിലുള്ള വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍ കഴിഞ്ഞ പതിനെട്ടു വര്‍ഷമായി അജപാലന ശുശ്രുഷ ചെയ്തു വരികയാണ് ഫാ. തോമസ് കൊച്ചുചിറ .

നിരവധി വൈദികരെയും സന്യസ്തരെയും സംഭാവന ചെയ്ത കോട്ടയം കുമരകം കൊച്ചുചിറ കുടുംബത്തില്‍ ജനിച്ച അദ്ദേഹം മിഷനറി വൈദികനായി ബിഹാറിലാണ് തന്‍റെ അജപാലന ദൗത്യം ആരംഭിച്ചത്. 1978ല്‍ ഒക്ടോബര്‍ 18ന് ജാര്‍ഖണ്ഡിലെ പൊറെയാഹട്ടില്‍ അദ്ദേഹം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടര്‍ന്ന് പതിനാലു വര്‍ഷങ്ങള്‍ ഇന്ത്യയിലും 26 വര്‍ഷങ്ങള്‍ യൂറോപ്പിലെ വിവിധ സ്ഥലങ്ങളിലുമായി സേവനം തുടരുന്നു.

1981ല്‍ റോമില്‍ നിന്നും അദ്ദേഹം ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. മിഷന്‍ മേഖലകളില്‍ ജോലിചെയ്തതോടൊപ്പം സഭയുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും അദ്ദേഹം പ്രധാന അധ്യാപക തസ്തികയില്‍ ജോലിചെയ്തിട്ടുണ്ട്. ഇതിനിടയില്‍ സഭയുടെ വയനാട്ടിലെ ഇടവകയില്‍ വികാരിയായും സെമിനാരി വിദ്യാര്‍ഥികളുടെ ഗുരുവായും സേവനം ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയുടെ ജനറല്‍ കൗണ്‍സിലില്‍ ഭാരവാഹി കൂടിയാണ് ഫാ. കൊച്ചുചിറ.

റിപ്പോർട്ട്: ജോബി ആന്‍റണി