വിയന്നയില്‍ എംസിവൈഎം സുവര്‍ണ ജൂബിലി ആഘോഷത്തിലൂടെ സംഘടിപ്പിച്ച തുക കേരളത്തിന്
Monday, October 22, 2018 10:44 PM IST
വിയന്ന: ആഗോള മലങ്കര സുറിയാനി കത്തോലിക്കാസഭ യുവജന വര്‍ഷം ആചരിക്കുന്നതിന്‍റെ ഭാഗമായി സഭയുടെ സംഘടനയായ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്‍റ് (MCYM) സഭാതല സുവര്‍ണ ജൂബിലി ആഘോഷം നടത്തി. സംഘടന 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു പ്രമാണിച്ചു വിയന്നയിലെ യൂണിറ്റിലെ യുവജനങ്ങള്‍ സമാഹരിച്ച തുക സഭയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിലേക്ക് പ്രസിഡന്‍റ് കെവിന്‍ ചാക്കോ സമര്‍പ്പിച്ചു.

മലങ്കര കത്തോലിക്കാ സഭയുടെ ഓസ്ട്രിയയിലെ രണ്ടാമത്തെ യുണിറ്റായ ഫോറാല്‍ബെര്‍ഗില്‍ നിന്നും എത്തിയവരുള്‍പ്പെടെ പങ്കെടുത്ത സമ്മേളനം മാർ ഇവാനിയോസ് മലങ്കര മിഷന്‍റെ ആറാം വാര്‍ഷിത്തോട് അനുബന്ധിച്ചു പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനെത്തിയ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു.

വിയന്നയിലെ വിശ്വാസി സമൂഹവും വിവിധ സഭകളില്‍ നിന്നുള്ള വൈദികരും വിയന്ന അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ് ഡോ. ഫ്രാന്‍സ് ഷാര്‍ല്‍, വത്തിക്കാന്‍ കാര്യാലയത്തിലെ സ്ഥാനപതിയുടെ ഒന്നാം കൗണ്‍സിലര്‍ മോണ്‍. ഡോ. ജോര്‍ജ് പനംതുണ്ടില്‍, ബ്രൈറ്റന്‍ഫെല്‍ഡ് വികാരി ഫാ. ഡോ. ഗ്രിഗോര്‍ യാന്‍സണ്‍, ആര്‍ഗെ ആഗ് സെക്രട്ടറി ഡോ. അലക്സാണ്ടര്‍ ക്രാള്‍ജിക്, പ്രൊഫ. ഡോ. ഹാന്‍സ് ജെ. ഫോയ്നര്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തും.

യുവജനങ്ങളുടെ പ്രത്യക പാരിപാടികള്‍ സമ്മേളനത്തിന് മാറ്റ് കൂട്ടി. ചെറിയ സമൂഹമാണെങ്കിലും കെട്ടുറപ്പോടും പരസ്പര സ്‌നേഹത്തോടും ഐക്യത്തോടും സഭയോടുള്ള പ്രതിബദ്ധതയിലും ഉള്ള വിയന്ന മലങ്കര സമൂഹത്തിന്‍റെ വളര്‍ച്ചയില്‍ യുവ ജനങ്ങള്‍ കാണിക്കുന്ന താല്പര്യത്തെ ക്ലീമിസ് ബാവാ അഭിനന്ദിച്ചു. സംഘടനയുടെ കീര്‍ത്തനഗാനത്തിനും പാപ്പാ ഗാനത്തിനും ശേഷം സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി