ഖഷോഗിയുടെ കൊലപാതകം: നിർദേശം നൽകിയത് സ്കൈപ്പിലൂടെ ?
Tuesday, October 23, 2018 10:12 PM IST
ബർലിൻ: സൗദി മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നിലെ ദുരൂഹതയിൽ സൗദ് അൽ ഖതാനിയെന്ന് റിപ്പോർട്ട്. സൗദി കിരീടാവകാശിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ആളാണ് സൗദ് അൽ ഖതാനി. ഖഷോഗിയെ കൊലപ്പെടുത്താൻ ഇയാൾ നിർദ്ദേശം നൽകിയത് സ്കൈപ്പ് വഴിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഖഷോഗിയുടെ കൊലപാതകം അന്താരാഷ്ട്രതലത്തിൽ സൗദിയുടെ തിളക്കത്തിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഖതാനിയേയും നാല് ഉദ്യോഗസ്ഥരെയും സൽമാൻ രാജാവ് പുറത്താക്കിയതായി സൗദി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തെ പല പ്രമുഖരേയും അറസ്റ്റ് ചെയ്യുന്നതിന്‍റെ പിന്നിൽ പ്രവർത്തിച്ചത് ഖതാനിയുടെ തലച്ചോറായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഖതാനിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ 15 അംഗ പ്രത്യേക സംഘം തന്നെ ഉള്ളതായും റിപ്പോർട്ടുണ്ട്.

ഖഷോഗി ഈസ്റ്റാംബൂളിലെ കോണ്‍സുലേറ്റിലെത്തുന്നതിന് മുന്പ് അവിടെ എത്തിയ 15 സൗദി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടഞ്ഞുവച്ചതായി തുർക്കി സുരക്ഷാ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.

സ്കൈപ്പിലൂടെ ഖഷോഗിയുമായി ഖതാനി സംസാരിച്ചതായും ഇടയ്ക്ക് ഇത് വാക്കുതർക്കമായി മാറിയെന്നും ഒടുവിൽ കൊലപ്പെടുത്താൻ നിർദേശം നൽകിയെന്നുമുള്ള സ്കൈപ്പ് സംഭാഷണത്തിന്‍റെ ഓഡിയോ തുർക്കി പ്രസിഡന്‍റിന്‍റെ കൈവശമുള്ളതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

ഇതിനിടെ ജമാൽ ഖഷോഗയുടെ കൊലപാതകം ഗുരുതരമായ തെറ്റെന്ന് സൗദി വിദേശകാര്യമന്ത്രി ആദേൽ അൽ ജുബൈർ പറഞ്ഞു. ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളിൽ എത്തിയ വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ഖഷോഗി കൊല്ലപ്പെടുന്ന്. കൊലപാതകം സംബന്ധിച്ച് സൗദി നൽകുന്ന വിശദീകരണം തൃപ്തികരമല്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.

കൊലപാതകത്തിനുശേഷം ഖഷോഗിയുടെവസ്ത്രം ധരിച്ച് കൊലപാതകസംഘത്തിലെ ഒരാൾ പുറത്തുപോയതായും റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ടെന്ന് തുർക്കിയും വെളിപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ