സ്വിറ്റ്സര്‍ലന്‍ഡിലെ പ്രഥമ ബൈബിള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, November 8, 2018 10:26 PM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ സീറോ മലബാര്‍ ക്രൈസ്തവ സഭയുടെ പ്രഥമ ബൈബിള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികൾ അറിയിച്ചു. നവംബര്‍ 10 ന് (ശനി) സെന്‍റ് തെരേസ ദേവാലയത്തിലാണ് ബൈബിള്‍ കലോത്സവവും സഭാ ദിനവും ആഘോഷിക്കുന്നത്.

കമ്യൂണിറ്റി ദിനത്തോടനുബന്ധിച്ചാണ് ബൈബിള്‍ കലോത്സവം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പെന്‍സില്‍ ഡ്രോയിംഗ്, ബൈബിള്‍ വായന (2 മിനിറ്റ് ദൈര്‍ഘ്യം - ജര്‍മ്മന്‍, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ വായിക്കാം), ബൈബിള്‍ ക്വിസ് (30 മിനിറ്റ്), സംഘ നൃത്തം, സ്കിറ്റ് എന്നീ മേഖലകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാനയോടുകൂടി സഭാ ദിനാഘോഷം ആരംഭിക്കുന്നത്. തുടർന്നു കലാപരിപാടികളും സ്നേഹ വിരുന്നും നടക്കും.

കലോത്സവ സഭാദിനാഘോഷങ്ങളിലും പങ്കെടുത്ത് ആഘോഷങ്ങള്‍ വിജയിപ്പിക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി സ്വിറ്റ്സര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭാ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍