കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നവംബറിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ
Saturday, November 10, 2018 4:13 PM IST
പ്രസ്റ്റൺ: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദർശനത്തിനായി നവംബർ അവസാനത്തോടെ യുകെയിൽ എത്തുന്നു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിനും മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ മെത്രാഭിഷേകത്തിനും ശേഷം ആദ്യമായാണ് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക സന്ദർശനത്തിനായി മാർ ജോർജ് ആലഞ്ചേരി രൂപതയിലെത്തുന്നത്.

രൂപതാധ്യക്ഷന്‍റെ പ്രത്യേക ക്ഷണപ്രകാരം എത്തുന്ന കർദ്ദിനാളിന്‍റെ ഔദ്യോഗിക സന്ദർശനങ്ങൾ നവംബർ 23 മുതൽ ഡിസംബർ 9 വരെയാണ് . സന്ദർശനങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ദേഹത്തെ അനുഗമിക്കും.

നവംബർ, ഡിസംബർ മാസങ്ങളിൽ രൂപതയുടെ ഔദ്യോഗിക പരിപാടികളിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായി പങ്കെടുക്കും. ഡിസംബർ ഒന്നിന് ബർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന, കുട്ടികളുടെ വർഷത്തിന്‍റെ സമാപന ചടങ്ങുകളുടെയും യുവജനവർഷത്തിന്‍റെ ആരംഭത്തിന്‍റേയും ഉദ്‌ഘാടനം സഭാതലവൻ നിർവഹിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വളർച്ചയുടെ പുതിയ പടിയായ മിഷൻ സെന്‍ററുകളുടെ ഔദ്യോഗിക പ്രഖ്യാപനവും മാർ ആലഞ്ചേരി നിർവഹിക്കും. ഇപ്പോൾ വിശുദ്ധ കുർബാന സെന്‍ററുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചെറിയ കൂട്ടായ്മകളെ ഒന്നിച്ചുചേർത്തു ഭാവിയിൽ ഇടവകകളായി മാറ്റാനുള്ള ആദ്യപടിയാണ് മിഷൻ സെന്‍ററുകൾ. ഇപ്പോൾ 173 വിശുദ്ധ കുർബാന കേന്ദ്രങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവ , പുതിയ പുനഃ ക്രമീകരണത്തിൽ 75 മിഷൻ സെന്‍ററുകളായി മാറും.

മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായി പങ്കെടുക്കുന്ന 20 ഓളം ചടങ്ങുകളുടെ സമയക്രമം ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രഖ്യാപിച്ചു. ഓരോ സന്ദർശനത്തിലും ആ സ്ഥലത്തോട് ചേർന്നുള്ള മിഷൻ സെന്‍ററുകളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾമാർ, വൈദികർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. എല്ലാ വിശ്വാസികളും മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകുന്ന ചടങ്ങുകളിൽ സംബന്ധിക്കണമെന്ന് വിശ്വാസികളോട് മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർഥിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്