സൗത്താംപ്ടണിൽ സെന്‍റ് തോമസ് മിഷന് തുടക്കമായി; ഫാ. ടോമി ചിറക്കൽമണവാളൻ ഡയറക്ടർ
Saturday, December 8, 2018 4:17 PM IST
സൗത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്ക് സൗത്താംപ്ടൺ കേന്ദ്രമാക്കി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ മിഷൻ പ്രഖ്യാപിച്ചു. "സെന്‍റ് തോമസ് ദി അപ്പോസ്റ്റൽ' എന്നു പേരിട്ടിരിക്കുന്ന പുതിയ മിഷൻ കേന്ദ്രം ഈസ്റ്റിലേയ്, ഹെഡ്‌ജെന്‍റ്, സാലിസ്ബറി, സൗത്താംപ്ടൺ എന്നീ വിശുദ്ധ കുർബാന കേന്ദ്രങ്ങൾ ഒന്നിച്ചു ചേർന്ന് രൂപം കൊണ്ടതാണ്.

ഇന്നലെ മിൽബ്രൂക്കിലുള്ള ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. ചാക്കോ പനത്തറ, ഫാ. രാജേഷ് ആനത്തിൽ, സെക്രട്ടറി ഫാ. ഫാൻസുവ പത്തിൽ എന്നീ വൈദികരുടെയും നിരവധി വിശ്വാസികളുടെയും സാന്നിധ്യത്തിൽ മാർ ജോർജ്ജ് ആലഞ്ചേരി മിഷൻ സ്ഥാപന ഡിക്രി, മിഷൻ ഡയറക്ടർ ഫാ. ടോമി ചിറക്കൽമണവാളന് കൈമാറി.

തുടക്കത്തിൽ നടന്ന സ്വീകരണത്തിനും സ്വാഗതത്തിനും ശേഷം . ഫാ. രാജേഷ് ആനത്തിൽ മിഷൻ സ്ഥാപന വിജ്ഞാപന പത്രിക (ഡിക്രി) വായിച്ചു. തുടർന്ന് അഭിവന്യ പിതാക്കന്മാരും മറ്റു വിശിഷ്ടാതിഥികളും തിരി തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാനയർപ്പിച്ചു വചനസന്ദേശം നൽകി. തുടർന്നു സ്നേഹവിരുന്നും നടന്നു.

ശനിയാഴ്ച രാവിലെ 9. 15 നു ബർമിംഗ്ഹാം ബെഥേൽ കൺവൻഷൻ സെന്‍ററിൽ (Bethel Convention Center, Kelvin Way, Birmingham, B70 7JW) നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷനും മിഷൻ പ്രഖ്യാപനങ്ങൾക്കും കർദ്ദിനാൾ മാർ ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. ഇവിടെ സെന്‍റ് ഫൗസ്തിന മിഷൻ കേറ്ററിങ്ങും സെന്‍റ് തോമസ് ദി അപ്പോസ്തൽ മിഷൻ നോർത്താംപ്റ്റനുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

ഉച്ചകഴിഞ്ഞു ലിവർപൂൾ ആർച്ച്ബിഷപ് മാൽക്കം മക്മഹോനുമായി കർദ്ദിനാൾ കൂടിക്കാഴ്ച നടത്തും. മാർ ജോസഫ് സ്രാമ്പിക്കലും കർദ്ദിനാളിനെ അനുഗമിക്കും. വൈകിട്ട് ലിവർപൂളിൽ, ബെർക്കിൻഹെഡ് കേന്ദ്രമായി തുടങ്ങുന്ന സെന്‍റ് ജോസഫ് മിഷന്‍റെ ഉദ്ഘാടനവും കർദ്ദിനാൾ നിർവഹിക്കും.

ഞായറാഴ്ച വൈകിട്ട് 5 ന് ലിവർപൂളിൽ, ലിതെർലാൻഡിൽ സീറോ മലബാർ സഭയ്ക്ക് ലഭിച്ച ദേവാലയത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ദിവ്യ ബലിയർപ്പിച്ച വചന സന്ദേശം നൽകും.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്