പ്രവാസികളുടെ മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കാനാവശ്യമായ നിയമനിര്‍മാണം നടത്തണം: ഡി. രാജ
Sunday, December 16, 2018 10:49 AM IST
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തേണ്ടതുണ്ടെന്ന് ഡി. രാജ എംപി. പ്രവാസികളുടെ മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതിലെ വെല്ലുവിളികളും, മൃതദേഹങ്ങളോട് കാട്ടുന്ന അനാദരവും സംബന്ധിച്ച് പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി മന്ദിരത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും ബാധിക്കുന്ന ഗൗരവകരമായ ഈ വിഷയത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ഇനിയും കാര്യമായ ചര്‍ച്ച ഉണ്ടായിട്ടില്ല എന്നത് തന്നെ അതിശയിപ്പിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിലെ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ വിദേശകാര്യ മന്ത്രാലയത്തിന് പലതവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പ്രവാസി തൊഴിലാളികള്‍ക്ക് താങ്ങാനാവാത്ത വിമാനക്കൂലിയും മറ്റ് നിയമപ്രശ്‌നങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയതിനോടൊപ്പം മൃതദേഹങ്ങള്‍ തൂക്കി നോക്കി യാത്രാനിരക്ക് നിശ്ചയിക്കുന്നതിലെ നിയമലംഘനവും മന്ത്രാലയത്തെ ധരിപ്പിക്കുകയുണ്ടായി.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും തക്കതായ നടപടികള്‍ ഒന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് പ്രവാസി ലീഗല്‍ സെല്‍ അടുത്തിടെ പൊതുതാത്പര്യ ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൃതശരീരങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന മാന്യതയും അന്തസ്സും കാത്ത് സംരക്ഷിക്കപ്പെടണം, മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള യാത്രാനിരക്ക് നിയന്ത്രിക്കണം എന്ന വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഹര്‍ജി പരിഗണിച്ച കോടതി വിദേശകാര്യ മന്ത്രാലയത്തോടും എയര്‍ ഇന്ത്യയോടും വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. ജനുവരി 14 ന് വിശദമായ വാദത്തിനായി ഹര്‍ജി വീണ്ടും പരിഗണിയ്ക്കപ്പെടും.

ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗല്‍ സെല്‍ ഈ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. സുപ്രീം കോടതിയിലെ അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സന്തോഷ് പോള്‍, ജോസ് എബ്രഹാം, നീമ നൂര്‍ മുഹമ്മദ്, എം. പി. ശ്രീവിഗ്‌നേഷ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകനായ ഡോ: ബിന്‍സ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതിയുടെ ചെയര്‍മാനായ ഡോ. ശശി തരൂര്‍ എംപി. നിര്‍ദേശങ്ങളും ആശംസകളും വീഡിയോ വഴി അറിയിച്ചു.

ചര്‍ച്ച ഉപസംഹരിച്ച് സംസാരിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രവാസി ലീഗല്‍ സെല്ലിന്റെ സൗജന്യ നിയമ സഹായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ജനങ്ങളോടും നീതിയോടും കൂറുള്ള വക്കീലുമാര്‍ സമൂഹത്തില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി സംസാരിക്കുകയും ചെയ്തു.

ഈ വിഷയത്തില്‍ കേരളത്തിലും പ്രവാസി ലീഗല്‍ സെല്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ഈ ചര്‍ച്ചകളില്‍ നിന്നുമുയര്‍ന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമടങ്ങിയ റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതിയ്ക്ക് സമര്‍പ്പിക്കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്