ഫാ. ജി.റ്റി. ഊന്നുകല്ലില്‍; കലയെ സ്‌നേഹിച്ചു വളര്‍ത്തിയ സംഗീതജ്ഞന്‍
Sunday, December 16, 2018 10:52 AM IST
കര്‍ത്താവിന്റെ മുന്തിരിത്തോപ്പില്‍ വേലക്കിറങ്ങിയ ഫാ. ജി.റ്റി. ഊന്നുകല്ലില്‍ പൗരോഹിത്യത്തിന്റെ അന്‍പതാം വര്‍ഷം കടന്നപ്പോഴും എളിമയോടെ ദൈവത്തെ പുകഴ്ത്തുകയയിരുന്നു ഗാനരചനയിലൂടെ. കലയെ, സംഗീതത്തെ ഇത്രമാത്രം സ്‌നേഹിച്ച ഗായകനായ വൈദികന്‍ ഗാനരചന ഒരു സപര്യയാക്കുകയായിരുന്നു

പത്തനംതിട്ട ജില്ലയിലെ തടിയൂര്‍ ഊന്നുകല്ലില്‍ ഒ.കെ.തോമസ്, മറിയാമ്മ ദമ്പതികളുടെ എട്ടാമത്തെ സന്താനമായി 1937 ഏപില്‍ 25 നു ജനിച്ചു. ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത ദൈവദാസന്‍ മാര്‍ കാവുകാട്ടു പിതാവിനാല്‍ 1963 മാര്‍ച്ച് 27-നവൈദികനായി അഭിഷിക്തനായി.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ ദേവാലയത്തിലെ സഹവികാരിയായി ആദ്യ നിയമനം. വികാരി എന്ന നിലയില്‍ ആദ്യ നിയമനം ഇടുക്കി ജില്ലയിലെ കരുണാപുരത്ത്. തുടര്‍ന്ന് കണ്ണംപള്ളി, ആലപ്പുഴ പൂന്തോപ്പ്, കോട്ടയം ലൂര്‍ദ്, തോട്ടയ്ക്കാട് സെന്റ് ജോര്‍ജ്, മുഹമ്മ സെന്റ് ജോര്‍ജ്, പുളിക്കകവല, ചാഞ്ഞോടി, എടത്വ ഫൊറോനപ്പള്ളി, തുരുത്തി സെന്റ് മേരീസ്, തടിയൂര്‍ സെന്റ് ആന്റണീസ്, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി എന്നീ ദേവാലയങ്ങളായി വൈദീക ശുശ്രൂഷ. ഇപ്പോള്‍ മാതൃ ഇടവകയായ തടിയൂര്‍ സെന്റ് ആന്റണീസ് ദേവാലയ വികാരിയായി തുടരുന്നു.കോട്ടയം ലൂര്‍ദ്ദ് വികാരിയായി സേവനം ചെയ്യുന്ന കാലത്താണ് ലൂര്‍ദ്ദ് ഓഡിറ്റോറിയം പണികഴിപ്പിച്ചത്.

ധ്യാനഗുരു, വാഗ്മി, ഗാനരചയിതാവ്, മതാധ്യാപകരുടെ പരിശീലകന്‍, ഗായകന്‍, സംഗീത സംവിധായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിഞ്ഞ 50-ല്‍ പരം വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ വിധത്തില്‍ സേവനം ചെയ്തു വരുന്ന ഫാ. ജി. റ്റി. ഊന്നുകല്ലില്‍ പൗരോഹിത്യ സുവര്‍ണ ജൂബിലിയില്‍ എത്തിയപ്പോഴും നിരന്തരം ഗാനരചനയിലായിരുന്നു. 1953-2013 കാലയളവില്‍ ഭക്തിഗാനങ്ങള്‍, നാടകഗാനങ്ങള്‍, കവിതകള്‍, മഗ്ദലനമറിയം ബാലെ തുടങ്ങി വിവിധ ഇനങ്ങളിലായി 3500-ല്‍ അധികം ഗാനങ്ങള്‍ ഊന്നുകല്ലിലച്ചന്‍ രചിച്ചിട്ടുണ്ട്. ഇത്രയും ഗാനങ്ങളുടെ രചയിതാവെന്ന നിലയില്‍ ഗാനങ്ങള്‍ സ്വയം മാര്‍ക്കറ്റ് ചെയ്യാനോ മറ്റൊരാളെക്കൊണ്ട് മാര്‍ക്കറ്റിംഗ് ചെയ്യിക്കാനോ കച്ചവടതാല്‍പ്പര്യം മുന്‍നിര്‍ത്തി ഗാനരചന നിര്‍വഹിയ്ക്കാനോ അച്ചന്‍ ഒരിയ്ക്കലും ഇഷ്‌പ്പെട്ടിരുന്നില്ല. ആവശ്യക്കാര്‍ സമീപിച്ചാല്‍ പ്രതിഫലമൊന്നും വാങ്ങാതെതന്നെ രചനകള്‍ നല്‍കുന്ന സ്വഭാവമുള്ളതിനാല്‍ പലപ്പോഴും വേണ്ടത്ര പ്രശസ്തിയോ പുകഴ്ത്തലോ അച്ചന് ലഭിയ്ക്കാതെ പോയിട്ടുണ്ട്. ചിലപ്പോള്‍ ഇതിന്റെ മറവില്‍ അച്ചനെക്കൊണ്ട് മുതലെടുപ്പ് നടത്തുന്നവരുമുണ്ടായിരുന്നു. അതുതന്നെയുമല്ല അച്ചന്‍ എഴുതിയ ഗാനങ്ങള്‍ വാങ്ങിക്കൊണ്ടുപോയി സ്വന്തം പേരില്‍ പുറത്തിറക്കിയ വിദ്വാന്മാരും കേരളത്തിലെ കലാകാരന്മാരായി വിലസുന്നുണ്‌ടെന്ന് അച്ചന്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. കോഴി മുട്ടയിടുന്നത് അതിന്റെ സഹജമായ വാസനകൊണ്ടും പ്രേരണകൊണ്ടുമാണല്ലോ. ഇത്രയധികം ഗാനങ്ങളുടെ പിറവിയെക്കുറിച്ച് ചോദിയ്ക്കുന്നവരോട് അച്ചന്റെ മറുപടിയായുള്ളത് ഈ ലോകതത്വമാണ്.ഹാര്‍മോണിയവും, കീബോര്‍ഡും, വയലിനും അനായാസേന കൈശാര്യം ചെയ്യുന്ന അച്ചന്റെ സംഗീതാഭിരുചി തിട്ടപ്പെടുത്താനാവില്ല.

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തില്‍ പേപ്പല്‍ ആന്തം രചനാ മത്സരം നടത്തിയപ്പോള്‍ ഒന്നാം സമ്മാനാര്‍ഹനായി. സീറോ മലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാനയിലെ അന്നാപെസഹാ തിരുനാളില്‍ കര്‍ത്താവരുളിയ കല്‍പ്പനപോല്‍, തിരുനാമത്തില്‍ ചേര്‍ന്നീടാം, ഒരുമയോടീബലിയര്‍പ്പിയ്ക്കാം ... എന്നു ദിവ്യബലിയാരംഭത്തില്‍ പാടുന്ന ഗാനത്തിന്റെ രചയിതാവിനെ ഒട്ടുമിക്കയാളുകള്‍ക്കും അറിയില്ലങ്കെിലും ഏവരും നാവിന്‍തുമ്പില്‍ കൊണ്ടുനടക്കുന്ന ഈ ഗാനം രചിച്ചത് ഊന്നുകല്ലില്‍ അച്ചനാണ്. അതുപോലെ ദിവ്യബലിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള 'മിശിഹാ കര്‍ത്താവിന്‍ തിരുമെയ് നിണവുമിതാ' തുടങ്ങിയ ഭൂരിഭാഗം ഗാനങ്ങളും അച്ചന്‍ രചിച്ചതാണ്.

ജീവന്റെ നാഥനെ കാല്‍വരിക്കുന്നില്‍ കുരിശില്‍ തറച്ചതാരോ, കണ്ണുകളുള്ള കുരുടര്‍ നമ്മള്‍, ഇരുകാതുകളുള്ള ചെകിടര്‍ നമ്മള്‍ 1973 ല്‍ ഗാനഗന്ധര്‍വര്‍ യേശുദാസ് ആലപിച്ച ഈ ഗാനം പുറത്തിറക്കിയത് എച്ച്എംവി (എല്‍പി റിക്കോര്‍ഡ്) ആയിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചുരപ്രസിദ്ധി നേടിയ ഈ ഗാനത്തിന്റെ അര്‍ത്ഥഗാംഭീര്യത്തെപ്പറ്റി യേശുദാസ് തന്നെ പലവേദികളിലും വര്‍ണ്ണിച്ചിട്ടുണ്ട്. അറിവിന്‍ ഉറവേ കനിവിന്‍ നിറവേ കലയുടെ കലവറയേ (ജോളി എബ്രഹാം,1974), ബേത്‌ലഹേമിലെ രാവില്‍ മോഹനവെള്ളിത്താരകം കണ്ടു (വാണിജയറാം 1977) തുടങ്ങിയ ഗാനങ്ങള്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് ലിസ്റ്റില്‍ ഇപ്പോഴും മാധുര്യമുണര്‍ത്തുന്ന രചനകളാണ്.

മണ്ണിലെ പുല്ലില്‍ പള്ളിയുറങ്ങും വിണ്ണിലെ രാജകുമാരാ..(ആല്‍ബം സ്വര്‍ക്ഷീയാരാമം, പാടിയത് റോസ്‌ലിന്‍), സ്‌നേഹസാഗരമായ്, അനുപമസ്‌നേഹമേ, നിധി മറഞ്ഞിരിയ്ക്കുന്ന വയലുകള്‍ നാം.. നൊമ്പരത്തില്‍ ചെമ്പകപ്പൂക്കളെന്നും ..(ജയചന്ദ്രന്‍), ജയജയജയദിവ്യരാത്രി.., പാതിരാ നക്ഷത്രമേ പാവന നക്ഷത്രമേ.. തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തേയും ഹിറ്റുകളാണ്. മലയാളത്തിലെ ഒട്ടുമിക്ക ഗായകരും അച്ചന്റെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ഹാര്‍മോണിയത്തിന്റെ കട്ടകളും, വയലിന്റെ തന്ത്രികളും ആത്മാവില്‍ കെട്ടിയിട്ട് സംഗീതം പൊഴിയ്ക്കുന്ന തംബുരുവായ അച്ചന്റെ നേതൃത്വത്തിലുള്ള ഗായകസംഘം 25 ലധികം വര്‍ഷങ്ങളായി ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ ദൂരദര്‍ശന്‍, കൈരളി, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിലും അച്ചന്റെ നേതൃത്വത്തില്‍ ഗായകസംഘം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ അച്ചന്റെ ഗാനങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം ഇപ്പോഴും ചാനലുകള്‍ പുനസംപ്രേക്ഷണം നടത്തുന്നുണ്ട്.

രാഗസൂനം, മാനസവീണ, സ്‌നേഹാമൃതം, നാദതാലം, പാരിജാതമലര്‍, പുഷ്പാഞ്ജലി, സ്വര്‍ക്ഷീയാരാമം, അനുപമസ്‌നേഹം എന്നിങ്ങനെ ഒട്ടനവധി ആല്‍ബങ്ങള്‍ അച്ചന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. കുമ്പിള്‍ ക്രിയേഷന്‍സ് പുറത്തിറക്കിയ യാഗവീഥി (1988, 2001) കുരിശിന്റ വഴിയുടെ സിഡി ഇപ്പോഴും വില്‍പ്പന തുടരുന്നു. മാണിക്യവീണ, മണിവീണ, മാനസവീണ തുടങ്ങി എട്ടോളം ഗാനസമാഹാരങ്ങളും അച്ചന്‍ പുറത്തിറക്കിയിട്ടുണ്ട്.

മധ്യതിരുവിതാംകൂറിലെ പ്രശസ്ത ദേവാലയങ്ങളായ കോട്ടയം ലൂര്‍ദ്, ചങ്ങനാശേരി മെത്രാപ്പോലീത്തന്‍പള്ളി, അതിരമ്പുഴ സെന്റ് മേരീസ് എന്നിവയുടെ ഇടവക ആന്തം ഊന്നുകല്ലിലച്ചന്‍ രചിച്ചിട്ടുള്ളതാണ്.

അച്ചന്‍ രചന നിര്‍വഹിച്ച് സാബു ജോണ്‍ ഈണം പകര്‍ന്ന സങ്കീര്‍ത്തനങ്ങള്‍ ബൈബിള്‍ കലോത്സവവേദികളില്‍ നിന്നും നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.കാവ്യഭംഗി, അര്‍ത്ഥസമ്പുഷ്ടി, ആശയസമ്പന്നത എന്നിവ അച്ചന്റെ രചനയിലെ പ്രത്യേക സവിശേഷതകളാണ്. 1975 കാലഘട്ടത്തില്‍ കോട്ടയം ലൂര്‍ദ്ദ്പള്ളി കേന്ദ്രമാക്കി ആരംഭിച്ച ലൂര്‍ദ്ദ് സിവൈസിയുടെ ഓര്‍ക്കസ്ട്ര സൈക്കോ കേരളത്തിലുടനീളം നിരവധി സംഗീത പരിപാടികള്‍ നടത്തിയിരുന്നു.

1975-1979 കാലഘട്ടത്തില്‍ ഫാ.ജി.ടി.ഊന്നുകല്ലില്‍- ജോണ്‍സണ്‍ കെപിഎസി കൂട്ടുകെട്ടില്‍ പിറന്ന അനുപമസ്‌നേഹമേ..., പാരിജാതമലരേ..... തുടങ്ങിയ ഗാനങ്ങള്‍ കോട്ടയം ലൂര്‍ദ് ദേവാലയത്തില്‍ വിശ്വാസികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ഗായകസംഘത്തെക്കൊണ്ട് പാടിക്കാറുണ്ട് എന്ന് ഗായകര്‍ അനുസ്മരിക്കുന്നു.സാബു ജോണ്‍, ആര്‍.കെ ശേഖര്‍, ബേര്‍ണി ഇഗ്‌നേഷ്യസ്, ആലപ്പി രംഗനാഥ്, വയലിന്‍ ജേക്കബ്, കെ.കെ.ആന്റണി, ബേബി ജോണ്‍ മാസ്റ്റര്‍, കെ.ജെ.ആന്റണി മദ്രാസ്, സണ്ണി സ്റ്റീഫന്‍, ജോജി ജോണ്‍സ് തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ അച്ചന്റെ രചനകളെ ജീവസുറ്റതാക്കിയതില്‍ അഭിനന്ദനമര്‍ഹിയ്ക്കുന്നു. അച്ചന്റെ രചനകള്‍ക്ക് ഈണം നല്‍കാന്‍ വളെര എളുപ്പമാണെന്ന് സംഗീതസംവിധായകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത് അതിനുദാഹരണമാണ്.

സഭാപിതാവായ മാര്‍ അപ്രേമിന്റെ മൗലിക കൃതികള്‍ പറുദീസാ ഗീതങ്ങള്‍, മനുഷ്യാവതാര ഗാനങ്ങള്‍ എന്നീ പേരുകള്‍ രണ്ട് ഗ്രന്ഥങ്ങളായി ഗാനരൂപത്തില്‍ ബഹുമാനപ്പെട്ട ഊന്നുകല്ലിലച്ചന്‍ പരിഭാഷപ്പെടുത്തിയിട്ടുള്ളത് ക്രൈസ്തവ സംഗീത-സാഹിത്യ ലോകത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ആഘോഷപ്പെരുമകളില്ലാതെ സുവര്‍ണ്ണജൂബിലിയാഘോഷിച്ച അച്ചനെ രോഗം പലപ്പോഴായി തളര്‍ത്താന്‍ നോക്കിയെങ്കിലും അച്ചന്റെ ആത്മവിശ്വാസത്തില്‍ രോഗം തളര്‍ന്നുപോയതല്ലൊതെ അച്ചനെ കിടത്താനായില്ല. നിറവില്‍ വൈദിക വൃത്തിയുടെ നടുവില്‍ ദിവ്യനാഥന്റെ വചനങ്ങള്‍ കാവ്യരൂപങ്ങളാക്കി വിശ്വാസഗണത്തിന് അനുപദമാക്കി അനുപമമാക്കി അനുഭവമാക്കി നല്‍കുന്ന ഊന്നുകല്ലിലച്ചന്റെ വേര്‍പാട് സഭിയ്ക്കും കലാകോത്തിനും സംഗീത മേഖലയ്ക്കും ഒരു തീരാനഷ്ടമാണ്.

കര്‍ത്താവു വിളിച്ച കര്‍മ്മമേഖലയില്‍ കറകൂടാതെ പ്രവര്‍ത്തിയ്ക്കുക മാത്രമല്ല കരുണയുടെ പ്രതീകമായി കരുണാദയാലുവായി രോഗാവസ്ഥയിലും മരിക്കുന്നതുവരെ മറ്റുള്ളവരുടെ ഉന്നമനം ഹൃദയത്തിലേറ്റിയ ഒരു കര്‍മ്മയോഗിയായിരുന്നു എന്റെ അമ്മയുടെ സഹോദരനായ ഊന്നുകല്ലിലച്ചന്‍.

കരുണയുടെ മകുടമായ ദൈവത്തിന്റെ പറുദീസയില്‍ സംഗീതം ചൊരിയാന്‍ വിളിയ്ക്കപ്പെട്ട അച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം എന്നെ ഗാനരചനയുടെ ലോകത്തേയ്ക്കു കൈപിടിച്ച നടത്തിയ ഈ മഹാപ്രതിഭിയ്ക്ക് ഹൃദയത്തിന്റെ പ്രണാമം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍