ഡൽഹിയിൽ പ്രതീകാത്മക ശിവഗിരി തീർഥാടനം
Monday, January 7, 2019 6:24 PM IST
ന്യൂഡൽഹി : എസ്എൻഡിപി യോഗം ഡൽഹി യൂണിയന്‍റെ നേതൃത്വത്തിൽ കാൽക്കാജി 4353 ശാഖാ നമ്പറിന്‍റെ ആഭിമുഖ്യത്തിൽ തലസ്ഥാന നഗരിയിൽ നടന്ന പത്താമത് പ്രതീകാത്മക ശിവഗിരി തീർഥാടനം സമാപിച്ചു.

വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്ര വിദ്യ എന്നീ അഷ്ടാംഗ മാർഗങ്ങളിലൂടെ പ്രായോഗിക ജീവിതം ധന്യമാക്കുന്നതിനായി ശ്രീനാരായണ ഗുരുദേവൻ 87 വർഷങ്ങൾക്കു മുമ്പ് കൽപ്പിച്ചനുഗ്രഹിച്ച ശിവഗിരി തീർഥാടനം ഡൽഹിയിൽ പ്രതീകാത്മകമായി തുടക്കമിട്ടത് 9 വർഷങ്ങൾക്കു മുമ്പാണ്.

ജനുവരി 6-ന് രാവിലെ കാൽക്കാജി ഗോവിന്ദ് പുരിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ ഗുരു പൂജകളോടെയാണ് തീർഥാടന ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ ക്ഷേത്ര ചടങ്ങുകൾക്കുശേഷം ഗുരുപൂജ നടത്തി. മെഹ്‌റോളി ശാഖയിലെ ഗുരു മന്ദിരത്തിൽ നിന്നും വിവിധ ശാഖകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഗോവിന്ദ്പുരി ശ്രീഗുരുദേവ ക്ഷേത്രത്തിൽ എത്തിയ തീർഥാടന പതാക ഉയർത്തൽ ചടങ്ങ് എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.കെ. കുട്ടപ്പൻ നിർവഹിച്ചു. തുടർന്ന് കാൽക്കാജി അളകനന്ദ ശ്രീബാലവേണുഗോപാല ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഭക്തി നിർഭരമായ തീർഥാടന ഘോഷയാത്ര ആർഭാടരഹിതമായിരുന്നു. ദൈവദശകത്തിനുശേഷം മുഴങ്ങിയ ഗുരുദേവ ഗാനങ്ങളും കീർത്തനങ്ങളും ഘോഷയാത്രയെ ഭക്തി സാന്ദ്രമാക്കി. വിവിധ മേഖലകളിൽ നിന്നും പീതാംബര ധാരികളായി പത്തു ദിവസത്തെ വ്രതമെടുത്ത് പദയാത്രികരായി എത്തിയ തീർത്ഥാടക വൃന്ദം 10 ന് ഗോവിന്ദ് പുരിയിലെ ശ്രീനാരായണ ഗുരുദേവഷേത്രത്തിൽ എത്തിച്ചേർന്നു.

തുടർന്ന് ഗുരുപുഷ്‌പാഞ്‌ജലിക്കുശേഷം പ്രസിഡന്‍റ് ടി.കെ. കുട്ടപ്പന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്‍റ് ടി.എസ്. അനിൽകുമാർ സ്വാഗതവും മറ്റു യൂണിയൻ ഭാരവാഹികൾ ആശംസാ പ്രസംഗവും സ്വീകരണവും നടത്തി.

പെട്രോളിയം മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ (ഹൈഡ്രോ കാർബൺ) ഡോ.ജോയ് വാഴയിൽ ഐഎഎസ് "ശിവഗിരി തീർത്ഥാടന ഉദ്ദേശങ്ങളുടെ ഇന്നത്തെ പ്രസക്തി' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സി.ഡി. സുനിൽ കുമാർ നന്ദി പറഞ്ഞു. അന്നദാനത്തോടെ സമാപിച്ച പരിപാടികളിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി