ജര്‍മനിയില്‍ അതിശൈത്യം പിടിമുറുക്കുന്നു; സാക്‌സണിയില്‍ ഒരു കുട്ടി മരിച്ചു
Friday, January 11, 2019 2:30 PM IST
ബര്‍ലിന്‍: ജര്‍മനിയിലാകമാനം അതിശൈത്യം പിടിമുറുക്കുന്നു. സാക്‌സണിയില്‍ മഞ്ഞിടിച്ചിലില്‍പ്പെട്ട് ഒരു ബാലന്‍ മരിച്ചു. മുപ്പതു സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും പ്രതീക്ഷിക്കുന്നത്. മഞ്ഞ് വീഴ്ചയും കൊടുങ്കാറ്റും ശക്തി പ്രാപിച്ച സാഹചര്യത്തില്‍ കാലാവസ്ഥാ വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഓസ്ട്രിയയിലും ശൈത്യം കടുത്തു കഴിഞ്ഞു. പലയിടങ്ങളും പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട അവസ്ഥയില്‍.
ആല്‍പ്‌സിന്റെ തണലിലുള്ള മേഖലകളിലെല്ലാം റോഡ്, റെയ്ല്‍ ഗതാഗതം തടസപ്പെട്ടിരിക്കുന്നു. സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നു.

ബെര്‍ച്ച്റ്റസഗാഡനില്‍ കുടുങ്ങിക്കിടക്കുന്ന 350 പേരെ രക്ഷപെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്. ബഞ്ചമിന്‍ എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് നോര്‍ത്ത് സീയില്‍നിന്ന് ബാള്‍ട്ടിക് സീ കടന്ന് പോളണ്ടിലേക്കാണ് യാത്ര ചെയ്യുന്നത്.

രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് മഞ്ഞു വീഴ്ച ഏറ്റവും ശക്തമായിരിക്കുന്നത്. ഇവിടെ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നു. വടക്കന്‍ പ്രദേശങ്ങളിലേക്കും മഞ്ഞ് വീഴ്ച വ്യാപിച്ചു വരുകയാണിപ്പോള്‍.

തെക്കന്‍ ജര്‍മനിയിലെ 27 ജില്ലകളില്‍ വെള്ളിയാഴ്ച വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബവേറിയന്‍ ആല്‍പ്‌സില്‍ മഞ്ഞിടിച്ചിലിനുള്ള സാധ്യതയും ഏറെ. സ്‌കീയിങ് ഈ മേഖലയില്‍ പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍