ബർലിൻ ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞു
Friday, February 8, 2019 10:18 PM IST
ബർലിൻ: അന്താരാഷ്ട്ര തലത്തിൽ പ്രശസ്തിയാർജിച്ചതും യൂറോപ്പിലെ ഈ വർഷത്തെ ആദ്യപ്രമുഖ ചലച്ചിത്രോത്സവുമായ "ബർലിനാലെ' ക്ക് വ്യാഴാഴ്ച കൊടിയേറി. മേളയുടെ ചീഫായ ഡീറ്റർ കോസ്ലിക് ജർമൻ തലസ്ഥാനമായ ബർലിനിൽ ചലച്ചിത്രോൽസവം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

70 ലധികം രാജ്യങ്ങളിൽ നിന്നായി 400 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ഗോൾഡൻ ബെയർ (സുവർണ കരടി) പുരസ്കാരത്തുനു വേണ്ടി 17 ചിത്രങ്ങൾ മൽസരത്തിനുണ്ട്. ആറുപേരടങ്ങുന്ന ജൂറിയിൽ ഫ്രഞ്ചുകാരി ഒസ്കാർ ജേതാവായ നടി ജൂലിയന്‍റ് ബിനോഷെയാണ് ചീഫ്.

ഉദ്ഘാടന ചിത്രം ആയി പ്രഖ്യാപിച്ചിരുന്ന the kindness of stranger എന്ന ചിത്രം എത്താതിരുന്നതിനാൽ ലിസ്റ്റിൽ ഇല്ലാതിരുന്ന മറ്റൊരു ചിത്രമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇത് മേളയുടെ ആദ്യദിവസത്തെ പരിപാടിക്ക് മങ്ങലേൽപ്പിച്ചു.

പ്രമുഖ ഹോളിവുഡ് നടൻ റിച്ചാർഡ് ഗേറെ മേളയിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്. ഗേറെ ജർമൻ ചാൻസലറുമായി കൂടിക്കണ്ടു മുക്കാൽ മണിക്കൂർ ചർച്ച നടത്തി.

സിനിമാ പ്രേമികൾ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന അറുപത്തിയൊൻപതാമത് ബർലിനാലെയ്ക്ക് ഫെബ്രുവരി 16 ന് തിരശീല വീഴും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ