യുഎസിലെ കാർ ഇറക്കുമതി നിയന്ത്രണം ഭീതിജനകം: മെർക്കൽ
Monday, February 18, 2019 10:00 PM IST
ബർലിൻ: യൂറോപ്പിൽ നിന്നുള്ള കാറുകൾ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു പ്രഖ്യാപിക്കാനുള്ള യുഎസ് നീക്കം ഭീതിജനകമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അമേരിക്ക ഫസ്റ്റ് നയത്തിന്‍റെ ഭാഗമായാണ് യൂറോപ്പിൽ നിന്നുള്ള കാർ ഇറക്കുമതി പരമാവധി നിയന്ത്രിക്കാൻ ശ്രമം നടക്കുന്നത്.

ത്രിദിന അന്താരാഷ്ട്ര സെക്യൂരിറ്റി കോണ്‍ഫറൻസിലാണ് മെർക്കൽ ആശങ്ക പങ്കുവച്ചത്. ചടങ്ങിൽ യുഎസിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്, ട്രംപിന്‍റെ ആശംസകൾ അറിയിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ സദസ് നിശബ്ദമായതും ട്രംപിന് അപമാനകരമായി.

സിറിയയിൽനിന്നു സൈന്യത്തെ പിൻവലിക്കാനുള്ള ട്രംപിന്‍റെ തീരുമാനവും നാറ്റോ സഖ്യകക്ഷികൾക്കിടയിൽ ആശങ്കയ്ക്ക് ഇടയാക്കിക്കഴിഞ്ഞു. യുഎസ് സൈന്യമില്ലാതെ സിറിയയിലെ സംഘർഷം എങ്ങനെ നേരിടുമെന്നതാണ് ഇവരുടെ പ്രശ്നം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ