ലേബർ പാർട്ടിയിൽ കലാപം
Tuesday, February 19, 2019 11:12 PM IST
ലണ്ടൻ: ബ്രിട്ടനിൽ ഭരണകക്ഷിക്കു പിന്നാലെ പ്രതിപക്ഷത്തും കലാപം. ലേബർ നേതാവ് ജറമി കോർബിന്‍റെ ബ്രെക്സിറ്റ് നയത്തിലും പാർട്ടിയുടെ യഹൂദ വിരുദ്ധനിലപാടുകളിലും പ്രതിഷേധിച്ച് ഏഴ് ലേബർ പാർട്ടി എംപിമാർ പാർട്ടിയിൽനിന്നു രാജിവച്ചു.

നിലവിലുള്ള രീതി മാറ്റാൻ കോർബിൻ തയാറാകണമെന്നും അല്ലെങ്കിൽ പാർട്ടി പിളരുമെന്നും ഡെപ്യൂട്ടി ലീഡർ ടോം വാട്സണ്‍ മുന്നറിയിപ്പ് നൽകി. പത്രസമ്മേളനത്തിലാണ് എംപിമാർ തീരുമാനം അറിയിച്ചത്. തത്കാലം പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും പാർലമെൻറിൽ പ്രത്യേക സ്വതന്ത്ര ഗ്രൂപ്പായി പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.

ഏറെ വേദനയോടെയാണു രാജി തീരുമാനം എടുത്തതെന്ന് വംശീയ അധിക്ഷേപത്തിനിരയായ യഹൂദ വംശജ ലൂസിയാന ബെർജർ പറഞ്ഞു. ബെർജർക്കു പുറമേ ചുക്മാ ഉമുന്ന, ക്രിസ് ലെസ് ലി, ഏഞ്ചലാ സ്മിത്ത്, മൈക്ക് ഗേപ്സ്, ഗാവിൻഷുകർ, ആൻ കോഫി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ബ്രെക്സിറ്റ് സംബന്ധിച്ച് രണ്ടാംവട്ടവും ഹിതപരിശോധന വേണമെന്ന നിലപാടിനെ അനുകൂലിക്കുന്നവരാണ് പാർട്ടി വിട്ട ഏഴ് എംപിമാരും. ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെൻറിൽ നിർണായക വോട്ടെടുപ്പ് നടക്കാൻ 39 ദിവസം മാത്രം ശേഷിക്കേയുണ്ടായ കലാപം കോർബിന്‍റെ നേതൃത്വത്തിനേറ്റ തിരിച്ചടിയാണ്. ഏഴു പേർ കുറയുന്നതോടെ പാർലമെൻറിൽ ലേബർ പാർട്ടിയുടെ അംഗസംഖ്യ 256ൽനിന്ന് 249 ആയി. കണ്‍സർവേറ്റീവ് എംപിമാരുടെ എണ്ണം 317 ആണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ