കൈക്കാരന്മാരുടെയും പ്രധാന മതാധ്യാപകരുടെയും ത്രിദിന ധ്യാനം റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ
Friday, February 22, 2019 10:49 PM IST
റാംസ്‌ഗേറ്റ്/കെന്‍റ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ ഇടവക/മിഷൻ/വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ ശുശ്രുഷ ചെയ്യുന്ന കൈക്കാരൻമാർ, കാറ്റിക്കിസം ഹെഡ് ടീച്ചേർസ് എന്നിവർക്കായുള്ള മൂന്നു ദിവസത്തെ വാർഷിക ധ്യാനം ഫെബ്രുവരി 23ന് ആരംഭിക്കും.

കെന്‍റിലുള്ള റാംസ്‌ഗേറ്റ്, ഡിവൈൻ ധ്യാനകേന്ദ്രത്തിലാണ് (St. Augustine's Abbey, Ramsgate, Kent, CT11 9PA) ധ്യാനം. ആഴമായ ആധ്യാത്മികതയിൽ അടിയുറച്ച അല്മായ നേതൃത്വത്തെ വളർത്തിയെടുക്കാനും വിശ്വാസപരമായ കാര്യങ്ങളിലെ ബോധ്യങ്ങൾ ശക്തിപ്പെടുത്താനുമായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടറും പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി (PDM) സഹസ്ഥാപകനും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ബിനോയി കരിമരുതുംകലും അഭിഷേകാഗ്‌നി സിസ്റ്റേഴ്സ് ഓഫ് ജീസസ് ആൻഡ് മേരി സഭാസ്ഥാപക സിസ്റ്റർ എയ്മി ASJM ഉം ആണ് ധ്യാനം നയിക്കുന്നത്. വൈകുന്നേരം നാലിന് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് നാലിന് സമാപിക്കും.

രൂപതയിലെ എല്ലാ ഇടവക/മിഷൻ/വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെയും കൈക്കാരൻമാരും പ്രധാന മതാധ്യാപകരും ധ്യാനത്തിൽ സംബന്ധിക്കണമെന്നും എല്ലാ വിശ്വാസികളും ഇതിന്‍റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർഥിച്ചു.

ഫാ. ബിജു കുന്നയ്‌ക്കാട്ട്