ഡച്ച് ട്രാമിലെ വെടിവയ്പ്; തുർക്കി വംശജൻ അറസ്റ്റിൽ
Tuesday, March 19, 2019 10:11 PM IST
ആംസ്റ്റർഡാം: ഡച്ച് ട്രാമിൽ മൂന്നു പേരെ വെടിവച്ചു കൊന്ന തുർക്കി വംശജനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോക്മെൻ ടാനിസ് എന്ന മുപ്പത്തേഴുകാരന്‍റെ ഫോട്ടോയും പോലീസ് പുറത്തുവിട്ടു. ട്രാമിലെ സിസിടിവിയിൽ നിന്നാണ് ഇയാളുടെ ചിത്രം ലഭിച്ചത്.

കുടുംബ പ്രശ്നത്തെത്തുടർന്നാണ് ഇയാൾ ആദ്യം ഒരാളെ വെടിവച്ചതെന്നും മറ്റു യാത്രക്കാർ തടയാൻ ശ്രമിച്ചപ്പോൾ അവരെയും ആക്രമിക്കുകയായിരുന്നു എന്നുമാണ് പോലീസിന്‍റെ നിഗമനം. അങ്ങെയാണ് രണ്ടു പേർ കൂടി വെടിയേറ്റ് മരിക്കുകയും മറ്റു രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തത്.

അക്രമിക്ക് തീവ്രവാദപരമായ ആശയങ്ങളുണ്ടായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. സംഭവസ്ഥലത്തുനിന്ന് ഇയാൾ രക്ഷപെട്ടെങ്കിലും പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.

ആക്രമണത്തെത്തുടർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സ്കൂളുകളെല്ലാം അടച്ചിട്ടു. ന്യൂസിലൻഡിൽ രണ്ടു മോസ്കുകൾക്കു നേരേ ഭീകരാക്രമണമുണ്ടായി മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് നെതർലാൻഡ്സിലെ ആക്രമണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ