കരാറില്ലാത്ത ബ്രെക്സിറ്റ്: വിരമിച്ചവരുടെ ചികിത്സാചെലവ് ബ്രിട്ടൻ വഹിക്കും
Wednesday, March 20, 2019 10:06 PM IST
ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാകുന്നത് കരാറില്ലാതെ ആയാൽ, യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന വിരമിച്ച ബ്രിട്ടീഷ് പൗരൻമാരുടെ ചികിത്സാ ചെലവ് ബ്രിട്ടൻ വഹിക്കുമെന്ന് സർക്കാരിന്‍റെ ഉറപ്പ്. 12 മാസത്തേക്കു മാത്രമായിരിക്കും ഇങ്ങനെയൊരു സൗകര്യം.

നിലവിൽ ഏകദേശം 180,000 വിരമിച്ച ബ്രിട്ടീഷ് പൗരൻമാർ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലായി താമസിക്കുന്നുണ്ട്. എൻഎച്ച്എസുമായുള്ള കരാർ അനുസരിച്ചാണ് അതതു രാജ്യങ്ങളിൽ അവർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നത്. ബ്രിട്ടന്‍റെ യൂറോപ്യൻ യൂണിയൻ അംഗത്വം കരാറില്ലാതെ അവസാനിച്ചാൽ ഈ ചികിത്സാ കരാറും റദ്ദാകും. ഈ സാഹചര്യത്തിലാണ് തുടർന്നും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന തരത്തിൽ ഹെൽത്ത് മിനിസ്റ്റർ സ്റ്റീഫൻ ഹാമണ്ടിന്‍റെ പ്രഖ്യാപനം.

മാർച്ച് 29ന് കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പായാൽ 2020 ഡിസംബർ വരെ ചികിത്സാ കരാർ തുടരണമെന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് ബ്രിട്ടൻ അഭ്യർഥിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബ്രിട്ടീഷ് സർക്കാർ തന്നെയായിരിക്കും ഈ ചെലവുകൾ വഹിക്കുക.

എന്നാൽ, ഈ നിർദേശത്തിന് ഇനിയും യൂറോപ്യൻ യൂണിയന്‍റെ അംഗീകാരം ലഭിച്ചിട്ടില്ല. നാൽപ്പതിനായിരത്തോളം ബ്രിട്ടീഷ് പെൻഷനർമാർ ജീവിക്കുന്ന ഫ്രാൻസിനെയും എഴുപതിനായിരത്തോളം പേർ ജീവിക്കുന്ന സ്പെയ്നെയും പോലുള്ള രാജ്യങ്ങളുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ