ലോകത്തെ ചെലവേറിയ നഗരങ്ങൾ പാരിസും ഹോങ്കോങ്ങും സിംഗപൂരും
Wednesday, March 20, 2019 10:26 PM IST
പാരീസ്: ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളായി പാരിസും ഹോങ്കോങ്ങും സിങ്കപ്പൂരും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് സർവേയുടെ മുപ്പതു വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മൂന്നു നഗരങ്ങൾ ഒരുമിച്ച് ഒന്നാം സ്ഥാനം പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ വർഷം പാരീസ് രണ്ടാമതായിരുന്നു. ഈ വർഷം ആദ്യ പത്തിൽ ഉൾപ്പെട്ടിരിക്കുന്നത് പാരിസ് അടക്കം നാല് യൂറോപ്യൻ നഗരങ്ങളാണ്. ഇതിൽ സ്വിറ്റ്സർലൻഡിലെ സൂറിച്ചും(2) ജനീവയും(5) ഉൾപ്പെടുന്നു. ഡെൻമാർക്കിലെ കോപ്പൻഹേഗനാണ്(7) മറ്റൊന്ന്. ജപ്പാനിലെ ഒസാക്ക(5), ദക്ഷിണ കൊറിയയിലെ സിയൂൾ(7), യുഎസിലെ ന്യൂയോർക്ക്(7), ഇസ്രയേലിലെ ടെൽ അവിവ് (10), ലോആജ്ജലസ്(10)എന്നീ നഗരങ്ങൾ കൂടി ചേരുന്പോൾ ടോപ് ടെൻ പൂർത്തിയാകുന്നു.

ഭക്ഷണം, പാനീയങ്ങൾ, ഗതാഗതം, യൂട്ടിലിറ്റി ബില്ലുകൾ, വാടക എന്നിങ്ങനെ 160 ഘടകങ്ങളുടെ അടിസ്ഥാനത്തിൽ 133 നഗരങ്ങളെയാണ് താരതമ്യം ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ ജീവിതചെലവ് അടിസ്ഥാനമാക്കിയാണ് മറ്റു നഗരങ്ങളെ താരതമ്യം ചെയ്യുന്നത്.എന്നാൽ യൂറോപ്യൻ നഗരങ്ങളിലെ ടുബാക്കോ, ആൾക്കഹോൾ, മുടിവെട്ട്, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയവയും സൂചികയിൽപ്പെടുത്തിയിരുന്നു.

ജർമനിയിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ മ്യൂണിക്ക്(1), ഹാംബുർഗ്(2),ഫ്രാങ്ക്ഫർട്ട്(3), ഡ്യൂസൽഡോർഫ്(4),ബോണ്‍(5) എന്നിവയാണ്.

അർജന്‍റീന, ബ്രസീൽ, വെനിസ്വല, തുർക്കി എന്നീ രാജ്യങ്ങളിലെ പണപ്പെരുപ്പവും അസ്ഥിര കറൻസിയും ഈ വർഷത്തെ റാങ്കിംഗിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

എന്നാൽ ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ 10 നഗരങ്ങൾ 1. കാരക്കാസ് (വെനെസ്വേല), 2.ഡമാസ്കസ് (സിറിയ),3. താഷ്കെന്‍റ് (ഉസ്ബെക്കിസ്ഥാൻ),4. അൽമാട്ടി (കസാക്കിസ്ഥാൻ),5. ബാംഗ്ലൂർ (ഇന്ത്യ), 6. കറാച്ചി (പാകിസ്ഥാൻ),6. ലാഗോസ് (നൈജീരിയ),7. ബ്യൂണസ് അയേഴ്സ് (അർജന്‍റീന),7. ചെന്നൈ (ഇന്ത്യ), 8. ന്യൂഡൽഹി (ഇന്ത്യ) എന്നിവയാണ്.

കന്പനികൾക്ക് അവരുടെ ചെലവിൽ അയയ്ക്കുന്നവരുടെ ജീവിതചലവ് കണക്കാക്കുന്നതിനുള്ള സൗകര്യത്തിനാണ് ഇത്തരത്തിൽ വാർഷിക സൂചിക തയാറാക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ