അഭയാർഥി മരണങ്ങൾക്കു പ്രതികാരം ചെയ്യാൻ ഇറ്റലിയിൽ സ്കൂൾ ബസ് കത്തിച്ചു
Thursday, March 21, 2019 9:52 PM IST
മിലാൻ: ഇറ്റലിയുടെ അഭയാർഥി വിരുദ്ധ നയങ്ങൾ കാരണം കടലിൽ നിരവധി അഭയാർഥികൾ മരിക്കാനിടയായതിനു പ്രതികാരമായി ഡ്രൈവർ സ്കൂൾ ബസ് കത്തിച്ചു. സംഭവത്തിൽ കുട്ടികൾ പരിക്കില്ലാതെ രക്ഷപെട്ടു.

സെനഗൽ വംശജനായ ഒൗസിനോ സൈയാണ് ഈ കടുംകൈക്ക് മുതിർന്നത്. വർഷങ്ങളായി ഇറ്റലിയിൽ താമസിക്കുന്ന ഇയാൾക്ക് 2004ൽ ഇറ്റാലിയൻ പൗരത്വവും ലഭിച്ചിരുന്നു.

ബസിലുള്ള കുട്ടികളെയും അധ്യാപകരെയും കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇയാൾ ബസ് തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. അക്രമിയുടെ കണ്ണു വെട്ടിച്ച് ഒരു വിദ്യാർഥി പോലീസിനെ എമർജൻസി നന്പറിൽ വിവരമറിയിച്ചതാണ് ഇത്രയും പേരുടെ ജീവൻ രക്ഷിക്കാൻ സഹായകമായത്.

പോലീസെത്തി ബസിന്‍റെ ജനാലകൾ തകർത്ത് എല്ലാവരെയും പുറത്തിറക്കുകയായിരുന്നു. ഈ സമയം കൊണ്ട് ബസ് കത്തിക്കാൻ ഡ്രൈവർക്കു സാധിച്ചെങ്കിലും ആർക്കും പൊള്ളലേറ്റില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ